നാലര കോടി രൂപയുടെ ചെറുവിമാനം

സയൻസ് ഫിക്ഷൻ സിനിമകളിൽ മാത്രം കണ്ടു ശീലിച്ച വിമാനങ്ങളുടെ രൂപവും ഭംഗിയുമുള്ളൊരു വിമാനം അതാണ് സിഒ50 വാൾകൈറി. ബാറ്റ്മാൻ ചിത്രങ്ങളിൽ കണ്ട രൂപ ഭംഗിയുള്ള വിമാനം നിർമ്മിച്ചിരിക്കുന്നത് പ്രൈവറ്റ് ജെറ്റുകൾ നിർമ്മിക്കുന്ന കോബാൾട്ടാണ്. 350 ബിഎച്ച്പി കരുത്തുള്ള വാൾകൈറിന് 482 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനാവും.

ചെറുയാത്രകൾക്കു വേണ്ടിയാണ് ഈ വിമാനത്തിനെ രൂപകൽപ്പന ചെയ്തിരിക്കുന്നത്. അഞ്ചു പേർക്ക് സഞ്ചരിക്കാവുന്ന സിംഗിൾ എഞ്ചിൻ ടർബോചാർജിഡ് വിമാനത്തിന് 1050 നോട്ടിക്കൽ മൈൽ വരെ സഞ്ചിരിക്കാനാവും. 30 അടി വീതിയും 30 നീളവും 10 അടി പൊക്കവുമുണ്ട് ഈ വിമാനത്തിന്. ഒരു പ്രാവശ്യം ഇന്ധനം നിറച്ചാൽ ഏകദേശം 840 കിലോമീറ്റർ ദൂരം നിർത്താതെ പറക്കാനവും എന്നാണ് കമ്പനിയുടെ അവകാശവാദം.

മുകൾ ഭാഗം ചില്ലു‌കൊണ്ട് നിർമ്മിച്ചിരിക്കുന്നതുമൂലം യാത്രക്കാർക്ക് ആകാശം കണ്ടു യാത്ര ചെയ്യാം എന്നതാണ് വാൾകൈറിയുടെ പ്രധാന പ്രത്യേകത. കോബോൾട്ടിന്റെ സിഇഓ ഡേവിഡ് ലൗറിയുടെ ചിന്തയിൽ നിന്നാണ് ഈ സുന്ദരൻ വിമാനത്തിന്റെ പിറവി. ഏകദേശം 699,000 (4.6 കോടി രൂപ) ഡോളറാണ് ചെറുവിമാനത്തിന്റെ വില. 2017 ലായിരിക്കും വിമാനം പുറത്തിറങ്ങുക.