ആൻഡമാനുള്ള 4 കറ്റമരൻ നിർമിക്കാൻ കൊച്ചി കപ്പൽശാല

Cochin Shipyard

വിമാനവാഹനി കപ്പലുകളുടെ വരെ നിർമാതാക്കളെന്ന നിലയിൽ പേരും പെരുമയുമുള്ള കൊച്ചി കപ്പൽശാലയിൽ നിന്ന് ഇനി അതിവേഗ ജലയാനമായ കറ്റമരനും നീറ്റിലിറങ്ങും. ആൻഡമാൻ നിക്കോബാർ ഭരണകൂടത്തിനുള്ള നാലു കറ്റമരനാവും കൊച്ചി കപ്പൽശാലയിൽ നിർമിക്കുകയെന്നു കേന്ദ്ര ഗതാഗത, ഹൈവേ, ഷിപ്പിങ് മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായുള്ള കറ്റമരൻ നിർമാണത്തിന് 1,400 കോടി രൂപയാണു ചെലവ് പ്രതീക്ഷിക്കുന്നത്. രണ്ടര വർഷത്തിനുള്ളിൽ കറ്റമരൻ നിർമിച്ച് ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ഭരണകൂടത്തിനു കൈമാറാനാണു ലക്ഷ്യമിട്ടിരിക്കുന്നത്.

ആൻഡമാൻ - നിക്കോബാർ ദ്വീപ് നിവാസികൾ നേരിടുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിനൊപ്പം ദ്വീപുകളെ ബന്ധിപ്പിച്ചുള്ള ക്രൂസുകളും പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടാണു പുതിയ കറ്റമരനുകൾ നിർമിക്കുന്നത്. കഴിഞ്ഞ 10 വർഷത്തിനിടെ ആൻഡമാൻ നിക്കോബാർ ഭരണകൂടം ഒറ്റ പുതിയ കപ്പൽ പോലും സ്വന്തമാക്കിയിട്ടില്ല. ഇതോടെ വൻകരയിൽ നിന്നു പോർട്ട് ബ്ലെയറിലേക്കു മാത്രമല്ല ദ്വീപുകൾക്കിടയിലെ യാത്രകളും ദുരിതപൂർണമായിട്ടുണ്ട്. കപ്പലുകൾ ആവശ്യത്തിനില്ലാത്തത് ദ്വീപ്നിവാസികളുടെ മാത്രമല്ല വിനോദ സഞ്ചാരികളുടെ യാത്രയും ദുരിതപൂർണമാക്കുന്നു.

ഈ പ്രശ്നങ്ങൾക്കു പരിഹാരം കാണാനാണു രാജ്യാന്തര നിലവാരമുള്ള നാലു കറ്റമരനുകൾ കൊച്ചി കപ്പൽശാലയിൽ നിർമിക്കുന്നതെന്നു ഗഡ്കരി വിശദീകരിച്ചു. ചാർട്ടർ രംഗത്തുള്ളവർക്കും ക്രൂസ് ഇഷ്ടപ്പെടുന്നവർക്കും സാധാരണ യാത്രക്കാർക്കുമൊക്കെ കട്ടമരനോടുള്ള പ്രതിപത്തി പരിഗണിച്ചാണ് ആൻഡമാൻ നിക്കോബാർ ഭരണകൂടത്തിനായി ഇത്തരം വേഗമേറിയതും സുരക്ഷിതവുമായ ജലയാനങ്ങൾ നിർമിക്കാൻ തീരുമാനിച്ചത്.

പ്രകൃതി വാതകം കൊണ്ടുപോകുന്ന ക്രയോജനിക് കാരിയർ നിർമാണത്തിനുള്ള സാങ്കേതികവിദ്യയ്ക്കായി അടുത്തയിടെയാണു കൊച്ചി കപ്പൽശാലയും ഫ്രാൻസിലെ ജി ടി ടിയുമായി കരാറിലെത്തിയത്. ശീതീകരിച്ച് ദ്രാവക രൂപത്തിലാക്കിയ പ്രകൃതി വാതകം കൊണ്ടുപോകുന്ന കപ്പലുകളെയാണു ക്രയോജനിക് കാരിയർ എന്നു വിശേഷിപ്പിക്കുന്നത്; എൽ എൻ ജി കടത്തിനുള്ള കണ്ടെയ്ൻമെന്റ് സംവിധാനങ്ങളുടെ രൂപകൽപ്പനയിലും സാങ്കേതികവിദ്യയിലും ആഗോളതലത്തിലെ പ്രമുഖരാണു ജി ടി ടി.