ഇന്ധന വില ഉയരുമെന്ന് ഇറാൻ പെട്രോളിയം മന്ത്രി

രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണ വില ഇനിയും ഉയരുമെന്ന് ഇറാൻ പെട്രോളിയം മന്ത്രി. ഒപെകിൽ അംഗത്വമുള്ളവരും ഇല്ലാത്തവരുമായ എണ്ണ ഉൽപ്പാദക രാജ്യങ്ങൾ നവംബറിൽ അംഗീകരിച്ച ധാരണപ്രകാരം ഉൽപ്പാദനം കുറയ്ക്കുന്നതോടെയാണ് വില ഉയരുകയെന്നും മന്ത്രി ബിജൻ നാംദാർ സാഗനെ വിശദീകരിച്ചു. മുൻനിശ്ചയിച്ച പ്രകാരം ഒപെക് — നോൺ ഒപെക് രാജ്യങ്ങൾ വൈകാതെ ക്രൂഡ് ഓയിൽ ഉൽപ്പാദനം കുറയ്ക്കുമെന്ന് അദ്ദേഹം വെളിപ്പെപടുത്തി. ഇതോടെ എണ്ണ വിപണിയിൽ ഇപ്പോഴുള്ള അധിക ലഭ്യത ഇല്ലാതാവും. എണ്ണയ്ക്കുള്ള ആവശ്യവും സപ്ലൈയുമായി സന്തുലനം കൈവരുന്നതോടെ ഉൽപ്പന്നവില തീർച്ചയായും ഉയരുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

പുതിയ വർഷത്തിന്റെ ആദ്യ ആറു മാസക്കാലത്തിനിടെ പ്രതിദിന ക്രൂഡ് ഓയിൽ ഉൽപ്പാദനത്തിൽ 12 ലക്ഷം ബാരലിന്റെ കുറവ് വരുത്താനാണ് എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടന(ഒപെക്)യുടെ നവംബർ 30നു ചേർന്ന യോഗത്തിൽ ധാരണയായത്. ഇതോടെ ഒപെകിന്റെ പ്രതിദിന ഉൽപ്പാദനം 3.25 കോടി ബാരലായി കുറയുമെന്നാണു കണക്ക്. ഇതിനു പുറമെ ഉൽപ്പാദനത്തിൽ 5.58 ലക്ഷം രലിന്റെ കുറവ് വരുത്താൻ സ്വതന്ത്ര ഉൽപ്പാദകാരയ റഷ്യ, ഒമാൻ, മെക്സിക്കോ എന്നീ രാജ്യങ്ങളും സമ്മതിച്ചിട്ടുണ്ട്.