സൈറസിന് റ്റാറ്റ പറയുമ്പോൾ...; പുറത്താക്കലിനു പിന്നിലെ കാരണമെന്ത്?

ഇന്ത്യൻ കോർപ്പറേറ്റ് ലോകത്തു തന്നെ അത്യപൂർവമാണ് ഇങ്ങനെ ചെയർമാനെ പെട്ടെന്നു മറ്റുള്ളവർ ചേർന്നു പുറത്താക്കുന്നത്. അധികാരമേറ്റ് മൂന്നു വർഷവും പത്തു മാസവുമാവുമ്പോഴാണ് സൈറസ് മിസ്ത്രി എന്ന നാൽപ്പത്തെട്ടുകാരനെ പുറത്താക്കുന്നത്. ‍നൂറോളം കമ്പനികളുള്ള ടാറ്റ സാമ്രാജ്യത്തിൽ രണ്ടു കമ്പനികൾ മാത്രമായണ് ലാഭമുണ്ടാക്കുന്നതെന്നത് ചെയർമാനെ പുറത്താക്കുന്നതിനു കാരണമായി. രത്തൻ ടാറ്റയുടെ മൗനാനുവാദം ആ പുറത്താക്കലിനു പിന്നിലുണ്ടെന്നതു നിസംശയമാണ്. ഷാപ്പൂർജി പല്ലോൻജി എന്ന വൻകിട ബിസിനസ് ഗ്രൂപ്പിൽ നിന്നാണു സൈറസ് മിസ്ത്രിയുടെ വരവ്.

എന്നാൽ ടാറ്റ കുടുംബക്കാരനല്ലാത്ത ഷാപ്പൂർജി പല്ലോൻജി മിസ്ത്രിയുടെ മകനായ സൈറസ് എങ്ങനെ ടാറ്റ ചെയർമാനായി? രത്തൻ ടാറ്റ സ്ഥാനം ഒഴിയാൻ തീരുമാനിച്ചപ്പോൾ പുതിയ ചെയർമാനെ കണ്ടെത്താൻ വിദഗ്ധ സമിതിയെ വച്ചു. മിക്ക കുടുംബാംഗങ്ങൾക്കും സന്താനങ്ങളില്ലാത്ത ടാറ്റ കുടുംബത്തിൽ രത്തനു പകരക്കാരനില്ലായിരുന്നു. വിദഗ്ധ സമിതി കണ്ടെത്തിയതു സൈറസ് മിസ്ത്രിയെ. എന്തുകൊണ്ട്? ടാറ്റ സൺസിന്റെ ഏറ്റവും വലിയ വ്യക്തിഗത ഓഹരി ഉടമയാണ് സൈറസിന്റെ പിതാവ് ഷാപ്പൂർജി പല്ലോൻജി. മുൻ ചെയർമാൻ ജെആർഡി ടാറ്റയുടെ ഇളയ സഹോദരൻ ഡിആർഡി ടാറ്റ തന്റെ ഓഹരി ഷാപ്പൂർജി പല്ലോൻജിക്കു വിൽക്കുകയായിരുന്നെന്നാണു ടാറ്റാ കുടുംബ പുരാണം. 12.5% ഓഹരി അങ്ങനെ ടാറ്റ കുടുംബത്തിനു പുറത്തായി.

ഷാപ്പൂർജി പല്ലോൻജി മിസ്ത്രിക്കും സ്വന്തമായൊരു ബിസിനസ് സാമ്രാജ്യമുണ്ട്. 1865 മുതൽ അദ്ദേഹത്തിന്റെ കുടുംബം മുംബൈയിൽ കെട്ടിട നിർമ്മാണത്തിൽ വൻകിട കരാർ രംഗത്തുണ്ട്. വിദേശത്തും സജീവം. ടെക്സ്റ്റൈലും ഷിപ്പിങ്ങും വൈദ്യുതി നിലയവും മുതൽ ബയോ ടെക്നോളജി വരെ നീളുന്ന ഷാപ്പൂർജി പല്ലോൻജി ഗ്രൂപ്പിന് 16000 കോടിയിലേറെ വാർഷിക വരവുണ്ട്. പക്ഷേ ടാറ്റ വേറൊരു തരം ആഢ്യ സാമ്രാജ്യമാണ്. മുമ്പ് ടാറ്റ കുടുംബക്കാരനല്ലാത്ത ഒരാൾ മാത്രമേ ചെയർമാനായിട്ടുള്ളു. നൗറോജി സക്‌ലത്‌വാല. ആറു വർഷം മാത്രമേ ചെയർമാൻ സ്ഥാനത്തു തുടർന്നുള്ളു. 1938ൽ മരിച്ചു. സൈറസ് മിസ്ത്രി അകാലത്തിൽ പുറത്തായി.

ടിസിഎസ് ഒഴികെ മിക്ക പ്രധാന ടാറ്റ സംരംഭങ്ങളും ഓഹരി നിക്ഷേപകർക്കു നിരാശയാണു സമ്മാനിച്ചതെന്നാണ് ഗ്രൂപ്പ് പറയുന്നത്. ടാറ്റ സ്റ്റീൽ, ടാറ്റ പവർ തുടങ്ങിയ വൻ കമ്പനികൾ കടുത്ത പ്രതിസന്ധിയാണു നേരിടുന്നത്. താരതമ്യേന ചെറു കമ്പനികളായ ടാറ്റ എൽക്സി, ടാറ്റ കമ്യൂണിക്കേഷൻസ്, ഇന്ത്യൻ ഹോട്ടൽസ്, ടാറ്റ മോട്ടോഴ്സ്, ടാറ്റ കെമിക്കൽസ് എന്നിവയുടെ ഓഹരി വില വൻ വർധന നേടിയെങ്കിലും മിസ്ത്രിക്ക് അതു പൊൻതൂവൽ ആയില്ല. ടിസിഎസും ജാഗ്വാർ ലാൻഡ് റോവറും മാത്രമാണ് സ്ഥിരമായി ലാഭം നേടുന്നത്.

യൂറോപ്പിലെ ഉരുക്കു ബിസിനസ് കയ്യൊഴിയാനുള്ള തീരുമാനമാണു സൈറസ് മിസ്ത്രി കൈക്കൊണ്ട മുഖ്യ തീരുമാനങ്ങളിലൊന്ന്. യുകെ, ഫ്രാൻസ് എന്നിവിടങ്ങളിലെ ഏതാനും പ്ലാന്റുകൾ വിറ്റഴിച്ച കമ്പനി യുകെയിലെ മുഖ്യ ബിസിനസ് വിൽക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിരിക്കേയാണു മിസ്ത്രിയുടെ പുറത്താകൽ. ടാറ്റ ഗ്രൂപ്പിലെ ഇന്ത്യൻ ഹോട്ടൽസ് ബോസ്റ്റണിലെ താജ് ഹോട്ടൽ വിറ്റഴിച്ചിരുന്നു. ബെൽമോണ്ട്, ബ്ലൂസിഡ്നി തുടങ്ങിയ ഹോട്ടൽ ബിസിനസുകളും കയ്യൊഴിഞ്ഞു. മൊബൈൽ ടെലികോം രംഗത്തു ചെറിയ സാന്നിധ്യം മാത്രമായൊതുങ്ങുന്ന ടാറ്റ ജപ്പാൻ കമ്പനിയായ ഡോകോമോയുമായി നിയമയുദ്ധത്തിലുമാണ്.

ഇതൊക്കെ നടന്നതു മിസ്ത്രിയുടെ കാലത്താണെങ്കിൽ, അതിനു മുൻപു നടന്ന വിദേശ ഇടപാടുകൾ പലതും ടാറ്റ ഗ്രൂപ്പിന്റെ ആഗോളവിലാസം പുഷ്ടിപ്പെടുത്തുകയായിരുന്നു.ടെറ്റ്ലിയെ ടാറ്റ ടീ ഏറ്റെടുത്തതും കോറസിനെ ടാറ്റ സ്റ്റീൽ ഏറ്റെടുത്തതും ജാഗ്വാർ ലാൻഡ്റോവറിനെ ടാറ്റ മോട്ടോഴ്സ് ഏറ്റെടുത്തതും ഇതിൽപ്പെടും.ഉയർന്ന ലാഭം ഉണ്ടാക്കാവുന്ന മുഖ്യ ബിസിനസുകളിൽ ശ്രദ്ധയൂന്നാനും മറ്റുള്ളവ കയ്യൊഴിയാനുമായിരുന്നു മിസ്ത്രിയുടെ ശ്രമം. എന്നാൽ ഇത് ഒട്ടേറെ എതിർപ്പുകൾ ക്ഷണിച്ചു വരുത്തി. ടാറ്റ പോലൊരു ഗ്രൂപ്പിന്റെ രീതികൾ പെട്ടെന്നു മാറ്റാൻ ശ്രമിക്കുകയായിരുന്നു മിസ്ത്രി എന്ന് ഇൻഫേ‌ാസിസ് സിഎഫ്ഒയും എച്ച് ആർ മേധാവിയുമായിരുന്ന ടി.മോഹൻദാസ് പൈ പറയുന്നു.

വൈവിധ്യമാർന്ന ഒട്ടേറെ ബിസിനസ് സംരംഭങ്ങളുള്ള വലിയ ഗ്രൂപ്പിനെ നയിക്കാനുള്ള അനുഭവ സമ്പത്തോ ശേഷിയോ മിസ്ത്രിക്ക് ഉണ്ടായിരുന്നോ എന്ന സംശയമാണ് ഗവേഷണ ഏജൻസിയായ ഇൻഗവേൺ റിസർച്ച് സർവീസസിന്റേത്. പദവിക്കു ചേരുംവിധം വളർത്തിയെടുക്കാതെ പെട്ടെന്നു ചുമതലയേൽപിച്ചത് വിനയായിട്ടുണ്ടാകാം. ഇന്ന് ടാറ്റ ഗ്രൂപ്പ് ഓഹരികൾ ചാഞ്ചാട്ടം നേരിടുമെന്ന വിലയിരുത്തലാണ് ഓഹരി വിപണി നിരീക്ഷകർക്ക്. കഴിഞ്ഞ സാമ്പത്തിക വർഷം ടാറ്റ ഗ്രൂപ്പിലെ 27 ലിസ്റ്റഡ് കമ്പനികളിൽ ഒൻപതെണ്ണം നഷ്ടം രേഖപ്പെടുത്തി. ഏഴെണ്ണത്തിന്റെ വിറ്റുവരവ് കുറഞ്ഞു.മൊത്തം വിറ്റുവരവ് മുൻകൊല്ലം 10800 കോടി ഡോളർ (7.2 ലക്ഷം കോടി രൂപ)ആയിരുന്നത് 10300 കോടി ഡോളറായി. കടബാധ്യതയാകട്ടെ 2340 കോടി ഡോളറിൽ നിന്ന് 2450 കോടി ഡോളറാവുകയും ചെയ്തു.