ഡ്രൈവറില്ലാത്ത ട്രക്കിന്റെ ജർമൻ പരീക്ഷണം വിജയം

ഡ്രൈവറില്ലാതെ ഓടുന്ന ട്രക്കിന്റെ പരീക്ഷണം യഥാർഥ ഹൈവേയിൽ വിജയകരമായി പൂർത്തിയാക്കിയെന്നു ജർമൻ വാണിജ്യ വാഹന നിർമാതാക്കളായ ഡെയ്മ്​ലർ. ദക്ഷിണ ജർമനിയിലെ മോട്ടോർവേയാണു പരീക്ഷണ വേദിയായതെന്നും കമ്പനി വെളിപ്പെടുത്തി. റഡാർ, കാമറ, ആക്ടീവ് സ്പീഡ് റഗുലേറ്റർ തുടങ്ങി നിരീക്ഷണ സംവിധാനങ്ങളെല്ലാമുള്ള ട്രക്കിൽ ഡ്രൈവറുടെ സാന്നിധ്യം നിർബന്ധമില്ല. എങ്കിലും അടിയന്തര സാഹചര്യമുണ്ടായാൽ ഇടപെടാനായി ഡ്രൈവിങ് സീറ്റിൽ ആളുണ്ടാവണമെന്നു ഡെയ്മ്​ലർ നിഷ്കർഷിക്കുന്നു.

ബുദ്ധിശക്തിയുള്ള ‘ഹൈവേ പൈലറ്റ്’ സംവിധാനം ഘടിപ്പിച്ച സാധാരണ ‘മെഴ്സീഡിസ് ബെൻസ് അക്ട്രോസ്’ ട്രക്ക് ‘എ എയ്റ്റ്’ മോട്ടോർവേയിലാണ് 14 കിലോമീറ്ററോളം നീണ്ട പരീക്ഷണ ഓട്ടം പൂർത്തിയാക്കിയത്. കാബിനിലുണ്ടായിരുന്ന ഡ്രൈവർ വെറും കാഴ്ചക്കാരന്റെ റോളിലായിരുന്നെന്നും ഡെയ്മ്​ലർ വ്യക്തമാക്കി.

സ്വയം ഓടുന്ന ട്രക്കുകളുടെ വികസനം സംബന്ധിച്ചിടത്തോളം സുപ്രധാന ചുവടാണു കഴിഞ്ഞ ദിവസത്തെ പരീക്ഷണഓട്ടമെന്നു ഡെയ്മ്​ലർ ട്രക്കുകളുടെയും ബസ്സുകളുടെയും ചുമതലക്കാരനായ ബോർഡ് അംഗം വുൾഫ്ഗാങ് ബെർണാർഡ് അറിയിച്ചു. ഭാവിയിൽ റോഡ് മാർഗമുള്ള ചരക്കുനീക്കം സുരക്ഷിതവും സുസ്ഥിരവുമൊക്കെയാക്കുന്നതിലെക്കുള്ള പ്രധാന ചുവടുവയ്പുമാണിതെന്നും പരീക്ഷണവേളയിൽ ഡ്രൈവിങ് സീറ്റിലുണ്ടായിരുന്ന അദ്ദേഹം വിലയിരുത്തുന്നു.

വിപണനം ചെയ്യാവുന്ന തലത്തിലേക്ക് ഈ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിൽ യഥാർഥ ട്രാഫിക് സാഹച്യത്തിൽ നടത്തുന്ന പരീക്ഷണം ഏറെ പ്രധാനമാണ്. പരീക്ഷണം വിജയിച്ചതോടെ ഈ സാങ്കേതികവിദ്യയുമായി മുന്നോട്ടു പോകാനാവുമെന്നും അദ്ദേഹം വിലയിരുത്തി.

കഴിഞ്ഞ മേയിൽ യു എസ് സംസ്ഥാനമായ നെവാഡയിൽ ലാ വേഗാസിൽ നിന്ന് ഒരു മണിക്കൂർ ഡ്രൈവിങ് ദൂരത്തുള്ള ഹൂവർ ഡാമിലാണു ഡെയ്മ്​ലർ ഡ്രൈവർരഹിത സാങ്കേതികവിദ്യ അനാവരണം ചെയ്തത്. പ്രൊഡക്ഷൻ പരമ്പരയിൽപെട്ട ട്രക്ക് ഉപയോഗിച്ചുള്ള ആദ്യ പരീക്ഷണമാവട്ടെ സ്റ്റുർഗർട്ടിനും ഡെയ്മ്​ലർ ആസ്ഥാനമായ ബെഡെൻവട്ടംബർഗിലെ ഡെൻകെൻഡോർഫിനുമിടയിലായിരുന്നു. ജർമനിയിലും യു എസിലുമായി 20,000 കിലോമീറ്റർ നീളുന്ന പരീക്ഷണ ഓട്ടവും ‘ഹൈവേ പൈലറ്റ്’ പൂർത്തിയാക്കിയിട്ടുണ്ട്.

പരീക്ഷണം വിജയമാണെങ്കിലും മനുഷ്യന്റെ മേൽനോട്ടമില്ലാതെ സ്വയം ഓടുന്ന ട്രക്കിലേക്ക് ദൂരമേറെയാണെന്നാണു ഡെയ്മ്​ലറിന്റെ വിലയിരുത്തൽ. വാണിജ്യ വാഹനങ്ങൾക്കുള്ള ‘ഹൈവേ പൈലറ്റി’നെ വിമാനങ്ങളിലെ ഓട്ടോ പൈലറ്റ് സംവിധാനത്തോടാണു കമ്പനി താരതമ്യം ചെയ്യുന്നത്. ഡ്രൈവറുടെ മേൽനോട്ടത്തിൽ ട്രക്കിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും നിർവഹിക്കുകയും ചെയ്യുന്ന സംവിധാനമാണ് ‘ഹൈവേ പൈലറ്റ്’. ട്രക്കിന്റെ നിയന്ത്രണം ‘ഹൈവേ പൈലറ്റ്’ ഏറ്റെടുക്കുമെങ്കിലും ഏതു ഘട്ടത്തിലും ഇടപെടാൻ തയാറായും ഗതാഗത സാഹചര്യങ്ങളെ വിലയിരുത്താനുമൊക്കെയായി ഡ്രൈവറുടെ സേവനം ലഭ്യമാവണമെന്നു കമ്പനി കരുതുന്നു.

വാഹനത്തിനു മുന്നിൽ ഘടിപ്പിച്ച റഡാറും സ്റ്റീരിയോ കാമറയും ഡെയ്മ്​ലർ വികസിപ്പിച്ച അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ സംവിധാനവുമൊക്കെ ഉൾപ്പെടുന്നതാണു ‘ഹൈവേ പൈലറ്റ്’. കാലാവസ്ഥ മോശമാവുകയോ റോഡിലെ മുന്നറിപ്പ് ചിഹ്നങ്ങൾ അവ്യക്തമാവുകയോ ചെയ്താൽ വാഹനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ‘ഹൈവേ പൈലറ്റ്’ ഡ്രൈവറോട് ആവശ്യപ്പെടും. ഈ നിർദേശം പാലിക്കാൻ ഡ്രൈവർ സന്നദ്ധനായില്ലെങ്കിൽ ‘ഹൈവേ പൈലറ്റ്’ വാഹനം നിർത്തിയിടും.