റഷ്യയിൽ നിർമാണശാല സ്ഥാപിക്കാൻ ഡെയ്മ്‌ലർ

മെഴ്സിഡീസ് ബെൻസ്, സ്മാർട് ബ്രാൻഡുകളുടെ ഉടമകളും ജർമൻ വാഹന നിർമാതാക്കളുമായ ഡെയ്മ്‌ലർ എജി റഷ്യയിൽ കാർ നിർമാണശാല സ്ഥാപിക്കാൻ ശ്രമം തുടങ്ങി. ഇതു സംബന്ധിച്ച സാധ്യതകളെപ്പറ്റി റഷ്യൻ അധികൃതരുമായി ചർച്ച നടത്തിയതായും കമ്പനി വെളിപ്പെടുത്തി.പ്രാദേശികമായി കാർ നിർമാണശാല സ്ഥാപിക്കാൻ സാമ്പത്തിക സ്ഥിതിഗതികൾ അനുകൂലമാണോ എന്നു കണ്ടെത്താനാണു റഷ്യൻ അധികാരികളുമായി ചർച്ച നടത്തിയതെന്നാണു ഡെയ്മ്‌ലർ വക്താവിന്റെ വിശദീകരണം. പ്ലാന്റ് സംബന്ധിച്ചു ധാരണയിലെത്തിയിട്ടില്ലെന്നതു വ്യക്തമാക്കിയ കമ്പനി പദ്ധതിക്കുള്ള നിക്ഷേപം സംബന്ധിച്ച സൂചനകളും നൽകിയില്ല.

റഷ്യൻ തലസ്ഥാനമായ മോസ്കോയ്ക്കു സമീപം 20 കോടി യൂറോ (ഏകദേശം 1519 കോടി രൂപ) ചെലവിൽ പുതിയ കാർ നിർമാണശാല സ്ഥാപിക്കാൻ ഡെയ്മ്‌ലർ ആലോചിക്കുന്നതായി ജർമൻ ബിസിനസ് പത്രത്തിലാണു വാർത്ത വന്നത്. മെഴ്സീഡിസ് ബെൻസ് ശ്രേണിയിലെ 30,000 കാറുകൾ വർഷം തോറും അസംബ്ൾ ചെയ്യാൻ ശേഷിയുള്ള ശാലയാണു കമ്പനി പരിഗണിക്കുന്നതെന്നും പത്രം വെളിപ്പെടുത്തിയിരുന്നു.എതിരാളികളായ ബി എം ഡബ്ല്യുവിനു റഷ്യയിൽ കാർ നിർമാണ സൗകര്യമുള്ളതിനാലാണു ഡെയ്മ്‌ലർ പുതിയ ശാല പരിഗണിക്കുന്നതെന്നും സൂചിപ്പിച്ചിരുന്നു. പ്രാദേശികമായി നിർമാണ സൗകര്യം ഏർപ്പെടുത്തുക വഴി കാറുകളുടെ ഇറക്കുമതി ചെലവ് കുറയ്ക്കാനാണു ഡെയ്മ്‌ലർ ലക്ഷ്യമിടുന്നത്.

നാലു വർഷം മുമ്പു വരെ യൂറോപ്പിൽ ജർമനി കഴിഞ്ഞാൽ അടുത്ത സ്ഥാനത്തുള്ള കാർ വിപണിയായിരുന്നു റഷ്യ. എന്നാൽ സാമ്പത്തിക പ്രതിസന്ധി നേരിട്ടതോടെ റഷ്യയിലെ കാർ വിൽപ്പനയിൽ 45% വരെ ഇടിവാണു നേരിട്ടത്. ഉക്രെയ്ൻ പ്രശ്നത്തെ തുടർന്നു പാശ്ചാത്യ രാജ്യങ്ങൾ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയതും അസംസ്കൃത എണ്ണയ്ക്കു വിലയിടിഞ്ഞതുമൊക്കെയാണു റഷ്യയെ പ്രതിസന്ധിയിലാക്കിയത്. ഇക്കൊല്ലമാവട്ടെ റഷ്യയിലെ കാർ വിൽപ്പനയിൽ അഞ്ചു ശതമാനം കൂടി ഇടിവു നേരിടുമെന്നാണു നിർമാതാക്കളുടെ പ്രതീക്ഷ. ഇതോടെ യു എസ് നിർമാതാക്കളായ ജനറൽ മോട്ടോഴ്സും മറ്റും റഷ്യയിലെ സാന്നിധ്യം ഗണ്യമായി പരിമിതപ്പെടുത്തിയിട്ടുമുണ്ട്.