എയർബാഗ്: 8.40 ലക്ഷം കാറുകൾ തിരിച്ചുവിളിക്കാൻ ഡെയ്മ്‌ലർ

നിർമാണ പിഴവുള്ള തകാത്ത എയർബാഗുകളുടെ പേരിൽ യു എസിൽ 8.40 ലക്ഷം വാഹനങ്ങൾ തിരിച്ചുവിളിക്കുമെന്നു ജർമനിയിൽ നിന്നുള്ള ഡെയ്മ്‌ലർ. ജപ്പാനിലെ തകാത്ത കോർപറേഷൻ നിർമിച്ചു നൽകിയതും വാഹനങ്ങളിൽ ഡ്രൈവറുടെ സുരക്ഷയ്ക്കായി ഘടിപ്പിച്ചതുമായ എയർബാഗുകളുടെ കാര്യക്ഷമതയിലാണ് കമ്പനിക്കു സംശയം. ഡെയ്മ്‌ലർ 2005 — 2014 കാലഘട്ടത്തിൽ വിറ്റ കാറുകളാണു പ്രധാനമായും തിരിച്ചുവിളിക്കുന്നത്; സെഡാനുകളാ ‘സി ക്ലാസ്’, ‘ഇ ക്ലാസ്’, ‘എസ് എൽ കെ ക്ലാസ്’, ‘എസ് എൽ എസ് ക്ലാസ്’, എസ് യു വികളായ ‘എം ക്ലാസ്’, ‘ജി എൽ ക്ലാസ്’, ‘ആർ ക്ലാസ്’ എന്നിവയ്ക്കൊക്കെ പരിശോധന ആവശ്യമാണ്. 2007 — 2014 മോഡൽ ‘സ്പ്രിന്റർ’, ‘ഫ്രൈറ്റ്ലൈനർ’ വാനുകളും പരിശോധനയുടെ പരിധിയിൽപെടുമെന്നു ഡെയ്മ്ലർ അറിയിച്ചു.

അപകടങ്ങളെ തുടർന്നല്ല പരിശോധന പ്രഖ്യാപിക്കുന്നതെന്നും ഡെയ്മ്ലർ വ്യക്തമാക്കിയിട്ടുണ്ട്; യു എസ് സർക്കാരിന്റെ നിർദേശപ്രകാരമുള്ള മുൻകരുതൽ എന്ന നിലയിൽ മാത്രമാണ് ഇത്രയേറെ വാഹനങ്ങൾ തിരിച്ചുവിളിക്കുന്നത്. എയർബാഗുകളുടെ നിർമാണ പിഴവ് മൂലം അപകടമുണ്ടാവുകയോ ആർക്കെങ്കിലും പരുക്കേൽക്കുകയോ ചെയ്തിട്ടില്ലെന്നും ഡെയ്മ്ലർ വിശദീകരിച്ചു. വിന്യാസവേളയിൽ ഇൻഫ്ളേറ്റർ പൊട്ടിത്തെറിക്കുമ്പോൾ മൂർച്ചയേറിയ വസ്തുക്കൾ ചിതറിത്തെറിച്ച് യാത്രക്കാർക്ക് പരുക്കേൽക്കാനുള്ള സാധ്യതയാണു തകാത്ത കോർപറേഷൻ നിർമിച്ചു നൽകിയ എയർബാഗുകളെ അപകടകാരികളാക്കുന്നത്. ഡ്രൈവറുടെ ഭാഗത്തെ എയർബാഗുകളിൽ നിന്നുള്ള ഭീഷണി പരിഗണിച്ചു ജാപ്പനീസ് നിർമാതാക്കളായ ഹോണ്ടയും യു എസിൽ വിറ്റ 22 ലക്ഷം വാഹനങ്ങൾ നേരത്തെ തിരിച്ചുവിളിച്ചിരുന്നു. തകാത്ത എയർബാഗിന്റെ പേരിൽ അര കോടിയോളം കാറുകൾ കൂടി പരിശോധിക്കേണ്ടിവരുമെന്നാണു യു എസ് അധികൃതരുടെ വിലയിരുത്തൽ.