ദാവൂദിന്റെ കാർ ലേലത്തിൽ പിടിച്ചു, അതും കത്തിക്കാൻ‌

അധോലോക നായകൻ ദാവൂദ് ഇബ്രാഹാമിന്റെ സ്വത്തുകളുടെ ലേലമായിരുന്നു കുറച്ചു ദിവസങ്ങളായി വാർത്തകൾ നിറഞ്ഞു നിന്നിരുന്നത്. ദാവൂദിന്റെ ഹോട്ടൽ ലേലത്തിൽ സ്വന്തമാക്കാൻ‌ ശ്രമിച്ച മലയാളി പത്രപ്രവർത്തകനെ ഭീഷണിപ്പെടുത്തിയതും അതു കണക്കാതെ അയാൾ ഹോട്ടൽ സ്വന്തമാക്കിയതുമെല്ലാം വാർത്തയായിരുന്നു. എന്നാൽ ഏറ്റവും വലിയ രസം ദാവൂദിന്റെ കാർ ലേലത്തിൽ‌ പിടിച്ചതാണ്.

ഇന്ത്യ വിടുന്നതിന് മുമ്പ് ദാവൂദ് ഉപയോഗിച്ചുകൊണ്ടിരുന്ന എംഎച്ച് 04 എ എക്സ് 3676 രജിട്രേഷനുള്ള പച്ച ഹ്യുണ്ടേയ് ആക്സെന്റ് കാർ ലേലത്തിൽ പിടിച്ചത് ഹിന്ദു മഹാസഭ പ്രസിഡന്റ് സ്വാമി ചക്രപാണിയാണ്. തകർന്ന് തരിപ്പണമായി കിടന്നിരുന്ന ആ കാർ 32000 രൂപ മുടക്കിയാണ് സ്വാമി സ്വന്തമാക്കിയത്. ഇനി എന്തിനാണ് ആ തുരുമ്പിച്ച കാർ സ്വാമി മേടിച്ചത് എന്നല്ലെ...? ഉപയോഗിക്കാനല്ല മറിച്ചു കത്തിക്കാൻ. പ്രതിഷേധമാണത്രെ പ്രതിഷേധം. എന്താ അല്ലേ ?