ഡീസൽ കാറുകൾക്ക് ഒാഫർ പെരുമഴ

വിപണിയിൽ പെട്രോൾ കാറുകൾക്ക് പ്രിയമേറിയതോടെ ഡീസൽ കാറുകൾക്ക് നിരവധി ഒാഫറുകളുമായി നിർമാതാക്കൾ രംഗത്ത്. മാരുതി സുസുക്കിയും ടാറ്റാ മോട്ടോഴ്സും ഫോർഡും ഒക്കെ തങ്ങളുടെ പല മോഡലുകളുടെയും ഡീസൽ വേരിയന്റുകൾക്ക് ക്യാഷ് ഒാഫറുകൾ ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു കഴിഞ്ഞു.

സൊസൈറ്റി ഒാഫ് ഒാട്ടമൊബൈൽ മാനുഫാക്ചേഴ്സിന്റെ കണക്കു പ്രകാരം കഴിഞ്ഞ 5 വർഷത്തിനിടെ ഡീസൽ കാറുകളുടെ വിൽപനയിൽ ഏറ്റവും കുറവ് രേഖപ്പെടുത്തിയിരിക്കുന്നത് ഇക്കൊല്ലമാണ്. അതാണ് നിർമാതാക്കളെ ഒാഫറുകളും മറ്റും കൊടുത്ത് ഉപയോക്താക്കളെ ആകർഷിക്കാൻ പ്രേരിപ്പിക്കുന്നതും.

മാരുതി സുസുക്കി തങ്ങളുടെ എംപിവി ആയ എർട്ടിഗയ്ക്ക് 15,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. സ്വിഫ്റ്റിനും 15,000 രൂപയുടെ തന്നെ ഇളവ് കൊടുക്കുന്നുണ്ട്. ഹ്യുണ്ടേയ് ഐ 10 ഗ്രാൻഡിനും നിർമാതാക്കൾ 15,000 രൂപ ക്യാഷ് ഡിസ്കൗണ്ട് നൽകുന്നുണ്ട്.

ടാറ്റ സെസ്റ്റിന് 5,000 രൂപ ക്യാഷ് ഡിസ്കൗണ്ട് നൽകുമ്പോൾ ഫോർഡ് ഫിഗോയ്ക്ക് 12,000 മുതൽ 14,000 രൂപ വരെയാണ് ഇളവ് ലഭിക്കുന്നത്. ക്യാഷ് ആനുകൂല്യങ്ങൾക്ക് പുറമെ മറ്റനവധി ഒാഫറുകളും നിർമാതാക്കൾ നൽകുന്നുണ്ട്. ഇൗ കാറുകളുടെയൊക്കെ പെട്രോൾ വേരിയന്റുകൾക്കൊന്നും ഇത്തരം ഒരാനുകൂല്യവും ലഭിക്കില്ല.