ഡി സി പറ്റിച്ചെന്ന് ദിനേശ് കാർത്തിക്

അമ്പരപ്പിക്കുന്ന മോഡിഫിക്കേഷനുകളുമായി എത്തി ഇന്ത്യൻ വാഹന ലോകത്തെ ഞെട്ടിക്കാറുള്ളവരാണ് ഡി സി ഡിസൈൻസ്. ഇന്ത്യയിലെ ആദ്യത്തെ സ്‌പോർട്ട്‌സ് കാർ എന്ന വിശേഷണത്തോടെ വിപണിയിൽ അവതരിക്കപ്പെട്ട ഡിസി അവന്തി ബുക്ക് ചെയ്ത് രണ്ട് വർഷമായിട്ടും ഇതുവരെ വാഹനം ലഭിച്ചില്ലെന്ന പരാതിയുമായി ഉപഭോക്തൃകോടതിയെ സമീപിച്ചിരിക്കുകയാണ് ക്രിക്കറ്റ് താരം ദിനേഷ് കാർത്തിക്. അഞ്ച് ലക്ഷം രൂപ അഡ്വാൻസും നൽകിയെന്ന് താരം പരാതിയിൽ പറയുന്നുണ്ട്.

2013 മെയ് യിൽ ഡിസിയുടെ ചെന്നൈ ഡീലർഷിപ്പിലാണ് ദിനേഷ് കാർത്തിക്ക് 5 ലക്ഷം രൂപ നൽകി വാഹനം ബുക്ക് ചെയ്തത്. 2014 ജനുവരിയിൽ ടെസ്റ്റ് ഡ്രൈവിന് നൽകും എന്ന ഉറപ്പും നൽകിയിരുന്നു. എന്നാൽ ജനുവരിയിൽ ടെസ്റ്റ് ഡ്രൈവിന് ലഭിച്ചില്ല. നിരവധി മെയിലുകൾക്കു ശേഷമാണ് ഡിസിയുടെ ഒരു റിപ്ലേ കിട്ടിയത്. പൂനെയിൽ മാത്രമേ ടെസ്റ്റ് ഡ്രൈവ് ചെയ്യാനൊക്കൂ എന്നതായിരുന്നു മെയിൽ. 2015 മെയ് 18ന് പൂനൈയിൽ വെച്ചുള്ള ടെസ്റ്റ് ഡ്രൈവിലാണ് തനിക്ക് നൽകിയ സ്‌പെസിഫിക്കേഷൻ വിവരങ്ങളുമായി വാഹനത്തിന്റെ പ്രകടനശേഷി ഒത്തു പോകുന്നില്ലെന്ന് ദിനേശ് കണ്ടെത്തിയത്. 

താൻ ബുക്ക് ചെയ്ത സമയത്ത് നൽകിയ അഞ്ച് ലക്ഷം രൂപ തിരിച്ച് ആവശ്യപ്പെട്ടപ്പോൾ ഡിസി അത് നിരാകരിച്ചുമെന്നും ഉപഭോക്തൃക്കോടതിയിൽ കാർത്തിക് കൊടുത്ത പരാതിയിൽ പറയുന്നുണ്ട്. കേസ് ഫയലിൽ സ്വീകരിച്ച് ഡിസിയുടെ പ്രതികരണം ഉപഭോക്തൃകോടതി ആരാഞ്ഞിട്ടുണ്ട്. വാഹനം പറഞ്ഞ സമയത്ത് ടെസ്റ്റ് ഡ്രൈവിന് നൽക്കാത്തതും, പറഞ്ഞ സ്‌പെസിഫിക്കേഷനല്ലാത്തതിനുള്ള വിശദീകരണവും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.  

രണ്ട് പേർക്ക് സഞ്ചരിക്കാവുന്ന ഇന്ത്യൻ നിർമ്മിത സ്‌പോർട്ട്‌സ് കാറിന് രണ്ട് ലിറ്റർ 4 സിലിണ്ടർ ടർബോചാർജ്ഡ് 2000 സി സി എഞ്ചിനാണുള്ളത്. 5,500 ആർ പി എമ്മിൽ 250 ബി എച്ച് പിയാണ് വാഹനത്തിന്റെ പരമാവധി കരുത്ത്. ആറ് സെക്കന്റ് കൊണ്ട് 100 കിലോമീറ്റർ താണ്ടാൻ വാഹനത്തിന് കഴിയും. ആറ് സ്പീഡ് മാനുവൽ ഗിയർസിസ്റ്റമാണ് വാഹനത്തിനുള്ളത്.