മനം മയക്കി ഖത്തർ മോട്ടോർഷോ

സൂപ്പർ കാറുകൾ, സ്പോർട്സ് കാറുകൾ, സൂപ്പർ ലക്ഷ്വറി കാറുകൾ തുടങ്ങി കാണാൻ മോഹിച്ചിരുന്ന കാറുകൾ ഒരുമിച്ചു കൺമുന്നിൽ. ദോഹയിൽ നടക്കുന്ന ഖത്തർ ഇന്റര്‍നാഷണൽ മോട്ടോർഷോ കാണാൻ ചെല്ലുന്നവരുടെ അവസ്ഥയാണിത്. ചിലർ വെറുതെ കണ്ണുമിഴിച്ചു നോക്കിനിൽക്കുന്നു. ചിലർ കയ്യോടെ അതു മൊബൈലിലാക്കുന്നു. അൽപം സാഹസികരായ മറ്റുചിലർ അടുത്തുചെന്നു കാറിനുള്ളിൽ കയറിപ്പറ്റാൻ ശ്രമം നടത്തുന്നു. എവിടെയും അദ്ഭുതങ്ങൾ നിറഞ്ഞ കണ്ണുകളാണ്. ദോഹ കൺവൻഷൻ ആൻഡ് എക്‌സിബിഷൻ സെന്ററിലെ ആറാമത് മോട്ടോർഷോയിൽ കാഴ്ച്ചകളാണിത്. മോട്ടോർഷോ കൺവൻഷൻ സെന്ററിന്റെ മനോഹാരിതയും കാറുകളുടെ വർണലോകവും ചേർന്നു പുതിയ കാഴ്‌ചകളൊരുക്കുകയാണ് മോട്ടോർഷോയിൽ.

ഖത്തറിൽ ഡിസൈൻ ചെയ്‌ത ആദ്യ സ്‌പോട്‌സ് കാറായ എലിബ്രിയ മുതൽ രാജ്യാന്തര ബ്രാൻഡുകളുടെ വിപുലമായ പങ്കാളിത്തമാണു മോട്ടോർഷോയിലുളളത്. ഔഡി, ബിഎംഡബ്ലിയു, ബോഷ്, കാഡിലാക്, ക്രൈസ്‌ലർ, ഡോഡ്‌ജ്, ഡുക്കാറ്റി, ഫെറാറി, ഫോർഡ്, ജിഎംസി, ഹാർളി ഡേവിഡ്‌സൺ, ഇൻഫിനിറ്റി, ജഗ്വാർ, ജീപ്, കെടിഎം, ലാൻഡ് റോവർ, ലക്‌സസ്, മസെറാറ്റി, മാക്‌സസ്, മെർസിഡസ് ബെൻസ്, മിനി, മിറ്റ്‌സുബിഷി, നിസാൻ, പിയാജിയോ, പോർഷെ, റെനോ, റോൾസ് റോയ്‌സ്, ടൊയോട്ട തുടങ്ങിയ പ്രമുഖ ബ്രാൻഡുകൾ അവരുടെ പുതിയ വാഹനങ്ങളുമായി എത്തിയിട്ടുണ്ട്. റോൾസ് റോയ്‌സിന്റെ പുതിയ കാറായ ‘ഡോൺ,’ മിനിയുടെ പുതിയ കൺവെർട്ടിബിൾ, മെഴ്‌സിഡസ് ബെൻസിന്റെ ജീപ്പ്, ബിഎംഡബ്ലിയു കൂപ്പെ, നിസാന്റെയും ടൊയോട്ടയുടെയും പുതിയ മോഡലുകൾ ഷോയിൽ അണിനിരന്നു.

ഖത്തർ ടൂറിസം അതോറിറ്റി (ക്യുടിഎ), എലാൻ ഗ്രൂപ്പ്, രാജ്യാന്തര ഇവന്റ് കോ–ഓർഡിനേറ്റർ ഫിറ ബാർസലോണ എന്നിവർ സംയുക്‌തമായാണു മോട്ടോർ ഷോ സംഘടിപ്പിക്കുന്നത്. മോട്ടോർഷോയുടെ ഭാഗമായി ഖത്തർ മോട്ടോർ ആൻഡ് മോട്ടോർസൈക്കിൾ ഫെഡറേഷൻ (ക്യുഎംഎംഎഫ്) നടത്തുന്ന മിഡിൽ ഈസ്‌റ്റ് ഡ്രിഫ്‌റ്റ് കാർ ചാംപ്യൻഷിപ്പും നടന്നു.