നേപ്പാൾ യാത്ര സുഗമമാക്കാൻ വഴി തെളിയുന്നു

ഇന്ത്യയിൽ നിന്നു സ്വന്തം കാറിൽ തന്നെ നേപ്പാളിലേക്കു യാത്ര ചെയ്യാൻ വഴി തെളിയുന്നു. ഇരു രാജ്യങ്ങളുമായി 2014ൽ ഒപ്പിട്ട ഉഭയകക്ഷി ഗതാഗത കരാർ പ്രകാരം യാത്രാ ബസ്സുകൾക്കു മാത്രമായിരുന്നു ഇതുവരെ ഇന്ത്യയിൽ നിന്നു നേപ്പാളിലേക്കും തിരിച്ചു സർവീസ് നടത്താൻ അവസരം. ഇതു പരിഷ്കരിച്ചു കാർ പോലുള്ള സ്വകാര്യ വാഹനങ്ങൾക്കും സ്വതന്ത്ര സഞ്ചാരത്തിന് അവസരമൊരുക്കാനാണ് ഇപ്പോഴത്തെ ആലോചന.

ഏതാനും മാസത്തിനകം പുതിയ നിർദേശം പ്രാബല്യത്തിലെത്തുമെന്നാണ് ഗതാഗത മന്ത്രാലയ അധികൃതർ നൽകുന്ന സൂചന. തുടക്കത്തിൽ ഗോരഖ്പൂരിലെ സുനൗലിയിലും ബിഹാറിലെ റാക്സൗളിലുമുള്ള അതിർത്തി പോസ്റ്റുകൾ വഴിയാവും സ്വകാര്യ വാഹനനീക്കം അനുവദിക്കുക. ക്രമേണ ഇന്ത്യ — നേപ്പാൾ അതിർത്തിയിലെ എല്ലാ പോസ്റ്റുകളിലൂടെയും സ്വകാര്യ വാഹന നീക്കം അനുവദിക്കാനാണു പദ്ധതി. ഇതിനു പുറമെ ഇന്ത്യ — നേപ്പാൾ യാത്രയ്ക്കുള്ള അനുമതിക്ക് അപേക്ഷിക്കാനുള്ള നടപടിക്രമങ്ങൾ പൂർണമായും ഓൺലൈൻ വ്യവസ്ഥയിലാക്കാനും ആലോചനയുണ്ട്.

അതിർത്തി കടന്നുള്ള യാത്രയ്ക്ക് അനുമതി നൽകാനുള്ള സോഫ്റ്റ്​വെയർ വികസനഘട്ടത്തിലാണ്. ഇതു തയാറാവുന്നതോടെ അപേക്ഷകൾ ഓൺലൈൻ വഴിയാക്കും; അനുമതി പത്ര വിതരണവും ഓൺലൈൻ വഴിതന്നെയാവും. ഇത്തരത്തിൽ ലഭിച്ച പെർമിറ്റ് അതിർത്തിയിൽ കാണിച്ച് സന്ദർശകർക്കു സ്വന്തം വാഹനത്തിൽ നേപ്പാളിലേക്കും തിരിച്ചും യാത്ര ചെയ്യാനാവുമെന്നാണു ഗതാഗത മന്ത്രാലയത്തിന്റെ വാഗ്ദാനം.

തുടക്കത്തിൽ സ്വകാര്യ വാഹനങ്ങൾക്കു മാത്രമാവും ഇന്ത്യയ്ക്കും നേപ്പാളിനുമിടയിൽ സഞ്ചരിക്കാൻ അനുവദിക്കാൻ അനുമതി. അടുത്ത വർഷത്തോടെ ഇന്ത്യയിൽ നിന്നു ബംഗ്ലദേശിലെ ധാക്കയിലേക്കും ഭൂട്ടാനിലെ തിമ്പുവിലേക്കും ഇത്തരത്തിൽ സ്വകാര്യ വാഹനങ്ങളുടെ യാത്ര അനുവദിക്കാനാണു കേന്ദ്ര സർക്കാരിന്റെ നീക്കം.

സ്വകാര്യ വാഹനങ്ങൾക്ക് ബംഗ്ലദേശിനും ഭൂട്ടാനും ഇന്ത്യയ്ക്കും നേപ്പാളിനുമിടയിൽ സഞ്ചാരസ്വാതന്ത്യ്രം അനുവദിക്കുന്ന ഗതാഗത കരാറിൽ കഴിഞ്ഞ ജൂണിലാണ് ഇന്ത്യ ഒപ്പിട്ടത്. എന്നാൽ നടപടിക്രമങ്ങൾ സംബന്ധിച്ച് അന്തിമ ധാരണയിലെത്താത്തതിനാൽ ഈ കരാർ ഇതുവരെ നടപ്പായിട്ടില്ല. അടുത്തുതന്നെ നടപടിക്രമം സംബന്ധിച്ച ആശയക്കുഴപ്പം അകലുന്നതോടെ ഇന്ത്യയിൽ നിന്നു നേപ്പാളിലേക്കു മാത്രമല്ല തിമ്പുവിലേക്കും ധാക്കയിലേക്കുമൊക്കെ സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യാനാവുമെന്നാണ് അധികൃതർ നൽകുന്ന ഉറപ്പ്.