ഇന്ത്യൻ ഉപസ്ഥാപനവുമായി ഡ്യുകാറ്റി തിരിച്ചെത്തി

Ducati

ഇറ്റാലിയൻ സൂപ്പർ ബൈക്ക് നിർമാതാക്കളായ ഡ്യുകാറ്റി ഇന്ത്യൻ വിപണിയിൽ തിരിച്ചത്തി. രണ്ടാം വരവിൽ സ്വന്തം ഉപസ്ഥാപനം രൂപീകരിച്ചാവും ഡ്യുകാറ്റി ഇന്ത്യൻ വിപണിയിലെ ബൈക്ക് വിൽപ്പനയും വിൽപ്പനാന്തര സേവനവും നിർവഹിക്കുക.

അംഗീകൃത ഇറക്കുമതിക്കാരായ പ്രിസിഷൻ മോട്ടോർ ഇന്ത്യയുമായുള്ള പങ്കാളിത്തത്തിൽ 2009ലാണ് ഡ്യുകാറ്റി ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിച്ചത്. എന്നാൽ ഇരുചക്രവാഹന വിൽപ്പനയ്ക്കായി സ്വന്തം ഉപസ്ഥാപനം ആരംഭിക്കാൻ ഡ്യുകാറ്റി തീരുമാനിച്ചതോടെ 2014 ജനുവരിയിൽ ഈ പങ്കാളിത്തം അനിശ്ചിതത്വത്തിലായി. സൂപ്പർ ബൈക്കുകളുടെ വിൽപ്പനയും വിൽപ്പനാന്തര സേവനവും ഡ്യുകാറ്റി നേരിട്ടു നടത്തുന്നതോടെ പ്രിസിഷൻ മോട്ടോർ വിതരണക്കാരായി തുടരുമെന്നാണു സൂചന.

ഉപസ്ഥാപനമായ ഡ്യുകാറ്റി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മുംബൈയിലും ഡൽഹിയിലും ഗുഡ്ഗാവിലും പുതിയ ഡീലർഷിപ്പുകൾ തുറന്നിട്ടുണ്ട്. വൈകാതെ ബെംഗളൂരുവിലും പുതിയ ഡീലർഷിപ് പ്രവർത്തനം ആരംഭിക്കുമെന്നു ഡ്യുകാറ്റി ഇന്ത്യ അറിയിച്ചു.

പൂർണ തയാറെടുപ്പോടെ ഇന്ത്യൻ വിപണിയിൽ ഔദ്യോഗികമായി പ്രവേശിക്കാനാണ് കമ്പനി കാത്തിരുന്നതെന്നു ഡ്യുകാറ്റി ഇന്ത്യ മാനേജിങ് ഡയറക്ടർ രവി അവലൂർ അവകാശപ്പെട്ടു. ഡ്യുകാറ്റിയുടെ ആഗോള വിപണന ശൃംഖലയിലെ സേവനങ്ങളുടെ അതേ നിലവാരമാണ് ഇന്ത്യയിലെ വിൽപ്പനാന്തര കേന്ദ്രങ്ങളിലും കമ്പനി വാഗ്ദാനം ചെയ്യുന്നത്.

സ്വന്തം ഉപസ്ഥാപനവുമായി തിരിച്ചെത്തിയതോടെ കൂടുതൽ ഇന്ത്യൻ നഗരങ്ങളിൽ ഡീലർഷിപ്പുകൾ തുറക്കാനും ഡ്യുകാറ്റിക്കു പദ്ധതിയുണ്ട്. നിലവിൽ പുതിയ ഡീലർമാരെ കണ്ടെത്താനും സാങ്കേതിക വിഭാഗത്തിലടക്കം ആവശ്യമായ ജീവനക്കാരെ പരിശീലിപ്പിക്കാനുമുള്ള നടപടികളാണു പുരോഗമിക്കുന്നത്.

ഡ്യുകാറ്റി ശ്രേണിയിലെ പ്രമുഖ മോഡലുകളായ ‘ഡയാവെൽ’, ‘ഹൈപ്പർമോടാർഡ്’, ‘മോൺസ്റ്റർ’, ‘സൂപ്പർ ബൈക്ക്’ തുടങ്ങിയ ഇന്ത്യയിലെ ഡീലർഷിപ്പുകളിൽ ലഭ്യമാണെന്നും കമ്പനി വ്യക്തമാക്കി.

VIEW FULL TECH SPECS