ഇതാ, പഴ്സനൽ യൂട്ടിലിറ്റി വാഹനം

ജയ്പൂർ ∙ എംയുവി (മൾട്ടി യൂട്ടിലിറ്റി വെഹിക്കിൾ), എസ്‌യുവി (സ്പോർട്സ് യൂട്ടിലിറ്റി വെഹിക്കിൾ) എന്നിവയ്ക്കു പിന്നാലെ ഇനി ‘പിയുവി’യും. ഐഷർ – പൊളാരിസ് കമ്പനി ഇന്ത്യയിലെ ആദ്യത്തെ ‘പഴ്സനൽ യൂട്ടിലിറ്റി വെഹിക്കിൾ’ എന്ന വിശേഷണത്തോടെ ‘മൾട്ടിക്സ്’ വിപണിയിലെത്തിച്ചു.

ഒറ്റയ്ക്ക് സംരംഭങ്ങൾ നടത്തുന്നവരെ ലക്ഷ്യമിട്ടാണ് ഇതു പുറത്തിറക്കുന്നതെന്ന് കമ്പനി പറഞ്ഞു. അഞ്ചു പേർക്ക് ഇരിക്കാനും വിവിധയിനം ലഗേജ് കൊണ്ടുപോകാനും ഇടമുള്ള വാഹനത്തിന് മൂന്നു കിലോവാട്ട് വൈദ്യുതി പകരാനാകുന്ന പവർ–ടേക്–ഓഫ് പോയിന്റ് സജ്ജീകരണമുണ്ട്.

ഇതിൽനിന്നു വീടുകളിൽ പ്രകാശമെത്തിക്കാനും ഡ്രില്ലിങ് മെഷീൻ പോലുള്ള തൊഴിൽ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനും ഡിജെ സിസ്റ്റം, വാട്ടർ പമ്പ് തുടങ്ങിയവ പ്രവർത്തിപ്പിക്കാനുമൊക്കെ കഴിയുമെന്ന് കമ്പനി പറഞ്ഞു. മൾട്ടിക്സ് രണ്ടു വേരിയന്റുകളിൽ ലഭിക്കും. വില 2.33 ലക്ഷം രൂപ മുതൽ. സ്വതന്ത്ര സസ്പെൻഷൻ, 28.45 കിലോമീറ്റർ മൈലേജ്, 225 മില്ലീമീറ്റർ ഗ്രൗണ്ട് ക്ളിയറൻസ് എന്നിവ സവിശേഷതകളിൽപ്പെടുന്നു.