11 മാസത്തിനകം ലക്ഷം യൂണിറ്റ് വിൽപ്പനയോടെ ‘എലീറ്റ് ഐ 20’

നിരത്തിലെത്തി വെറും 11 മാസത്തിനുള്ളിൽ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡിന്റെ ‘ഏലീറ്റ് ഐ 20’ വിൽപ്പന ഒരു ലക്ഷം യൂണിറ്റ് പിന്നിട്ടു. ‘ഐ 20’ പ്രീമിയം ഹാച്ച്ബാക്കിന്റെ രണ്ടാം തലമുറയായ ‘എലീറ്റ് ഐ 20’ കാറിന്റെ ആഗോള അവതരണം 2014 ഓഗസ്റ്റ് 11നായിരുന്നു; ആദ്യ വാർഷികം ആഘോഷിക്കാൻ ആഴ്ചകൾ ബാക്കിനിൽക്കെയാണു കാറിന്റെ വിൽപ്പന 1,00,000 യൂണിറ്റ് കടന്നത്. പോരെങ്കിൽ 2015ലെ ‘ഇന്ത്യൻ കാർ ഓഫ് ദ് ഇയർ’ അടക്കം ഇരുപത്തഞ്ചോളം ബഹുമതികളും കാർ വാരിക്കൂട്ടി.

കാറിനോടുള്ള വിപണിയുടെ പ്രതികരണം അത്ഭുതപ്പെടുത്തുന്നതായിരുന്നെന്ന് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ബി എസ് സിയോ അഭിപ്രായപ്പെട്ടു. 11 മാസത്തിനുള്ളിൽ ഒരു ലക്ഷം യൂണിറ്റിന്റെ വിൽപ്പന കൈവരിക്കാൻ കഴിഞ്ഞത് ‘എലീറ്റ് ഐ 20’ കാറിനെ സംബന്ധിച്ചിടത്തോളം തകർപ്പൻ നേട്ടമാണ്. ഹ്യുണ്ടായ് ഉൽപന്നങ്ങളോട് ഉപയോക്താക്കൾക്കുള്ള താൽപര്യവും വിശ്വാസവുമാണ് ഈ പ്രകടനം വ്യക്തമാക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

മികച്ച സൗകര്യങ്ങളുടെയും സംവിധാനങ്ങളുടെയും പിൻബലത്തിൽ പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിൽ തകർപ്പൻ പ്രകടനമാണ് ‘ഐ 20’ കാഴ്ചവച്ചിരുന്നത്. എതിരാളികളെ അപേക്ഷിച്ചു വില കൂടുതലായിട്ടും പിൻഗാമിയായ ‘എലീറ്റ് ഐ 20’ വിൽപ്പനയിൽ മുൻമോഡലിനെ കടത്തിവെട്ടി. പോരാത്തതിനു ഹ്യുണ്ടായ് സ്വീകരിച്ച പുതിയ രൂപകൽപ്പനാശൈലി പിന്തുടർന്ന ‘എലീറ്റ് ഐ 20’ സൗകര്യങ്ങളുടെയും സംവിധാനങ്ങളുടെയും കാര്യത്തിൽ തെല്ലും വിട്ടുവീഴ്ച ചെയ്തില്ല. മുന്തിയ വകഭേദത്തിൽ ഓട്ടമാറ്റിക് ഹെഡ്ലാംപ്, റിവേഴ്സിങ് കാമറ, ഇരട്ട എയർബാഗ്, ആന്റി ലോക്ക് ബ്രേക്ക്(എ ബി എസ്), പിന്നിൽ എയർ കണ്ടീഷൻ വെന്റ്, വൈദ്യുതി സഹായത്തോടെ മടങ്ങുന്ന വിങ് മിറർ, ക്ലൈമറ്റ് കൺട്രോൾ, കീരഹിത എൻട്രി എന്നിവയെല്ലാം ഇടംപിടിച്ചു.

മിന്നൽ വേഗത്തിൽ വിൽപ്പന ആദ്യ ലക്ഷം പിന്നിട്ട ‘എലീറ്റ് ഐ 20’ കാറിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്താനാണു ഹ്യുണ്ടായ് മോട്ടോറിന്റെ നീക്കം. ടച് സ്ക്രീൻ സഹിതമുള്ള ഇൻഫൊടെയ്ൻമെന്റ് സംവിധാനമാണ് ഉടൻ കാറിൽ ഇടംപിടിക്കുക. ഉപഗ്രഹ നാവിഗേഷൻ സംവിധാനത്തിനൊപ്പം ബ്ലൂടൂത്ത്, ടെലിഫോൺ സൗകര്യങ്ങളും ഇതിൽ ലഭിക്കും. വൈകാതെ നിരത്തിലെത്തുന്ന ഹോണ്ട ‘ജാസി’ൽ ടച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനമുണ്ടാകുമെന്ന തിരിച്ചറിവിലാണ് ഹ്യുണ്ടായിയുടെ ഈ നീക്കം.

നിരത്തിലെത്തിയതു മുതൽ വിൽപ്പനയേറിയ കാറുകളുടെ പട്ടികയിൽ ആദ്യ പത്തിൽ ‘ഐ 20’ ഇടം നിലനിർത്തിയിട്ടുണ്ട്. ‘എലീറ്റ് ഐ 20’, ‘ഐ 20 ആക്ടീവ്’ എന്നിവ ചേർന്നു മേയിൽ തുടർച്ചയായ നാലാം മാസവും പതിനായിരത്തിലേറെ യൂണിറ്റിന്റെ വിൽപ്പന കൈവരിച്ചിരുന്നു. കഴിഞ്ഞ ജനുവരി മുതൽ ഇതുവരെയുള്ള മൊത്തം വിൽപ്പനയാവട്ടെ 55,376 യൂണിറ്റാണ്.