‘ഉഡാൻ’ പദ്ധതിയിൽ പ്രതീക്ഷയർപ്പിച്ച് എംബ്രേയർ

Embraer Jet

രാജ്യത്ത് മേഖലാതലത്തിൽ വിമാനയാത്രാസൗകര്യം(ആർ സി എസ്) വർധിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിൽ പ്രതീക്ഷയർപ്പിച്ചു ബ്രസീലിയൻ വിമാന നിർമാതാക്കളായ എംബ്രേയർ. നിലവിൽ സർവീസുകളില്ലാത്തെ വിമാനത്താവളങ്ങളെ ബന്ധിപ്പിക്കാനും സാധാരണക്കാർക്കും വിമാനയാത്രാ സൗകര്യം ലഭ്യമാക്കാനുമൊക്കെ ലക്ഷ്യമിട്ടു കേന്ദ്ര സർക്കാർ അവതരിപ്പിച്ച ‘ഉഡേ ദേശ് കാ ആം നാഗരിക്’(ഉഡാൻ) പദ്ധതിയാണ് പ്രാദേശികതലത്തിലെ സൗകര്യം മെച്ചപ്പെടുത്താൻ വഴി തുറക്കുന്നത്. ഇന്ധനക്ഷമതയേറിയ ‘ഇ ജെറ്റു’കളിലൂടെ 100 സീറ്റ് ശേഷിയുള്ള വിമാനങ്ങളുടെ വിഭാഗത്തിൽ പ്രാതിനിധ്യം മെച്ചപ്പെടുത്താനാവുമെന്ന പ്രതീക്ഷയിലാണ് എംബ്രേയർ.

നിലവിൽ വിജയവാഡ ആസ്ഥാനമായ റീജണൽ എയർലൈനായ ‘എയർ കോസ്റ്റ’ എംബ്രേയറിന്റെ ‘ഇ 190’ വിമാനങ്ങൾ ഉപയോഗിക്കുന്നുണ്ട്. ആർ സി എസിന്റെ സാധ്യത മുതലെടുത്ത് കൂടുതൽ എയർലൈനുകൾക്ക് ഇത്തരം വിമാനങ്ങൾ വിൽക്കാനാവുമെന്നാണ് എംബ്രേയറിന്റെ പ്രതീക്ഷ.‘ഉഡാൻ’ പദ്ധതിയിൽ കേന്ദ്ര സിവിൽ വ്യോമഗതാഗത മന്ത്രാലയം മൂന്നു തരം വിമാനങ്ങളാണ് പരിഗണിക്കുന്നത്: 20 സീറ്റിൽ താഴെയുള്ളവ, 21 — 80 സീറ്റുള്ളവ, 80 സീറ്റിനു മുകളിലുള്ളവ. നിലവിൽ 80 സീറ്റുള്ള വിഭാഗത്തിൽ ‘എ ടി ആർ — 72’, ‘ഡാഷ് എയ്റ്റ്’ വിമാനങ്ങളാണ് ഇടം പിടിക്കുന്നത്.

‘ഇ ജെറ്റു’കളുടെ അവതരണത്തോടെ രാജ്യത്തെ റീജണൽ എയർ കണക്ടിവിറ്റി വിഭാഗത്തിൽ ഗണ്യമായ നേട്ടം കൊയ്യാനാവുമെന്നാണു പ്രതീക്ഷയെന്ന് എംബ്രേയർ എഷ്യ പസഫിക് വൈസ് പ്രസിഡന്റ് മാർക് ഡണ്ണാച്ചി കരുതുന്നു. ചെക്ക് ഇൻ ബാഗേജിനു പുറമെ രണ്ടു ടണ്ണോളം ചരക്കും വഹിക്കാൻ ഈ വിമാനങ്ങൾക്കു കഴിയുമെന്നത് ഇന്ത്യൻ സാഹചര്യത്തിൽ നേട്ടമാവുമെന്നാണു കമ്പനിയുടെ വിലയിരുത്തൽ. ‘ഇ ജെറ്റ്’ വിമാനങ്ങളുടെ ഇന്ധനക്ഷമത കൂടുതലാണെന്നതും അനുകൂലഘടകമായി കമ്പനി കരുതുന്നു.