ബുള്ളറ്റുമായി എൻഫീൽഡ് ഇനി ബ്രസീലിലേക്കും

‘ബുള്ളറ്റ്’ നിർമാതാക്കളായ റോയൽ എൻഫീൽഡ് ഇനി ലാറ്റിൻ അമേരിക്കയിൽ ഏറ്റവും വലിയ ഇരുചക്രവാഹന വിപണിയായ ബ്രസീലിലേക്ക്. 250 — 750 സി സി ബൈക്ക് വിഭാഗത്തിൽ ആഗോളതലത്തിൽ തന്നെ ശ്രദ്ധേയ സാന്നിധ്യമാവാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഐഷർ ഗ്രൂപ്പിൽപെട്ട റോയൽ എൻഫീൽഡ് ബ്രസീലിലേക്കു പ്രവർത്തനം വ്യാപിപ്പിക്കുന്നത്. ദക്ഷിണ പൂർവ ഏഷ്യയിലെ പ്രമുഖ വിപണികളായ ഇന്തൊനീഷയ്ക്കും തായ്‌ലൻഡിനുമൊപ്പമാണു കമ്പനി ‘ബുള്ളറ്റി’നെ ബ്രസീലിലും വിൽപ്പനയ്ക്കെത്തിക്കാൻ ശ്രമിക്കുന്നത്.

രാജ്യാന്തരതലത്തിലെ വളർച്ചയ്ക്കായി ലാറ്റിൻ അമേരിക്കയിലും ദക്ഷിണ പൂർവ ഏഷ്യൻ മേഖലയിലുമാണു കമ്പനി ശ്രദ്ധയൂന്നുന്നതെന്നു റോയൽ എൻഫീൽഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സിദ്ധാർഥ ലാൽ വെളിപ്പെടുത്തി. കൊളംബിയയിൽ നിലയുറപ്പിച്ചതോടെ കൂടുതൽ വലിയ വിപണിയായ ബ്രസീലിലേക്കു കടക്കാനാണു കമ്പനിയുടെ നീക്കമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ എപ്പോഴാവും കമ്പനി ബ്രസീലിൽ വാഹന വിൽപ്പന ആരംഭിക്കുകയെന്നു ലാൽ വെളിപ്പെടുത്തിയില്ല. നിലവിൽ അഞ്ചു സ്റ്റോറുകളാണു റോയൽ എൻഫീൽഡിനു കൊളംബിയയിലുള്ളത്.

ഇതിനു പുറമെ കമ്യൂട്ടർ മോട്ടോർ സൈക്കിളുകളുടെ പ്രധാന വിപണികളായ ഇന്തൊനീഷയിലും തായ്‌ലൻഡിലും ചുവടുറപ്പിക്കാനും റോയൽ എൻഫീൽഡ് ഒരുങ്ങുന്നുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇരുചക്രവാഹന വിപണികൾക്കൊപ്പമാണ് ഇന്തൊനീഷയുടെ സ്ഥാനമെന്നു ലാൽ ഓർമിപ്പിച്ചു. രാജ്യതലസ്ഥാനമായ ജക്കാർത്തയിൽ ആദ്യ ‘ബുള്ളറ്റ്’ സ്റ്റോർ പ്രവർത്തനം തുടങ്ങി. ഇടത്തരം ബൈക്കുകളെ സംബന്ധിച്ചിടത്തോളം വികസിത വിപണിയായ തായ്‌ലൻഡിലും വൈകാതെ ‘ബുള്ളറ്റി’ന്റെ ഡീലർഷിപ് തുറക്കുമെന്നു ലാൽ അറിയിച്ചു. ബ്രാൻഡെന്ന നിലയിൽ റോയൽ എൻഫീൽഡിനെ പരിചിതമാക്കിയശേഷമാവും ഈ രാജ്യങ്ങളിൽ പ്രവർത്തനം വ്യാപിപ്പിക്കുകയെന്നും ലാൽ വ്യക്തമാക്കി. ‘ബുള്ളറ്റി’നു പുറമെ ‘ക്ലാസിക്’, ‘തണ്ടർബേഡ്’, ‘കോണ്ടിനെന്റൽ ജി ടി’ തുടങ്ങിയവയാണു റോയൽ എൻഫീൽഡിന്റെ മോഡൽ ശ്രേണിയിലുള്ളത്; ഒപ്പം 411 സി സി എൻജിനുള്ള ഓൾ ടെറെയ്ൻ മോട്ടോർ സൈക്കിളായ ‘ഹിമാലയ’നും കമ്പനി കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.

ആഭ്യന്തര വിപണിയിൽ നില ഭദ്രമാക്കിയതോടെയാണു റോയൽ എൻഫീൽഡ് മികച്ച വളർച്ചയ്ക്കായി വിദേശ രാജ്യങ്ങളിലെ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി ലണ്ടൻ, മാഡ്രിഡ്, പാരിസ്, ദുബായ്, ബൊഗോട്ട, മെഡെല്ലിൻ തുടങ്ങിയ വൻനഗരങ്ങളിൽ കമ്പനി സാന്നിധ്യം ഉറപ്പിച്ചു കഴിഞ്ഞു.

വിൽപ്പന ഉയരുന്നതിനനുസൃതമായി ഉൽപ്പാദനം വർധിപ്പിക്കാനും കമ്പനി നടപടി സ്വീകരിച്ചിട്ടുണ്ട്. 2018 ആകുമ്പോൾ ഒൻപതു ലക്ഷം യൂണിറ്റിന്റെ വാർഷിക ഉൽപ്പാദനമാണു കമ്പനിയുടെ ലക്ഷ്യം. തമിഴ്നാട്ടിൽ നിലവിലുള്ള രണ്ട് നിർമാണശാലകൾക്കൊപ്പം മൂന്നാമത്തെ പ്ലാന്റ് സ്ഥാപിക്കാനുള്ള നടപടികളും പുരോഗതിയിലാണ്.