‘ഡീസൽഗേറ്റ്’: ഫോക്സ്‌വാഗനു കൂട്ടായി മുൻ എഫ് ബി ഐ മേധാവി

മലിനീകരണ നിയന്ത്രണ പരിശോധനയിൽ കൃത്രിമം കാട്ടിയതിന്റെ പേരിലുള്ള ‘ഡീസൽഗേറ്റ്’ വിവാദത്തിൽ യു എസിൽ നടക്കുന്ന അന്വേഷണങ്ങളെ അതിജീവിക്കാൻ ജർമൻ കാർ നിർമാതാക്കളായ ഫോക്സ്‌വാഗൻ എ ജി കുറ്റാന്വേഷണ ഏജൻസിയായ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷ(എഫ് ബി ഐ)ന്റെ മുൻമേധാവി ലൂയിസ് ഫ്രീഹിന്റെ സഹായം തേടി. ഫോക്സ്‌വാഗന്റെ സൂപ്പർവൈസറി ബോർഡിലെ പ്രത്യേക സമിതിയാണു ഫ്രീഹിന്റെ നിയമനകാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. അതേസമയം അന്വേഷണങ്ങളെ അതിജീവിക്കാൻ ഫ്രീഹിന്റെ സേവനം തേടുമെന്ന വാർത്തകളോടു പ്രതികരിക്കാൻ ഫോക്സ്‌വാഗൻ വിസമ്മതിച്ചു. അഭ്യൂഹങ്ങളോടു പ്രതികരിക്കില്ലെന്നായിരുന്നു കമ്പനി വക്താവിന്റെ നിലപാട്.

യു എസിലെ കർശന മലിനീകരണ നിയന്ത്രണ പരിശോധന വിജയിക്കാൻ ഡീസൽ എൻജിനുകളിൽ ‘പുകമറ’ സോഫ്റ്റ്വെയർ ഉപയോഗിച്ചതിനും ഈ വിവരം മറച്ചുവച്ചതിനും ഫോക്സ്‌വാഗനെതിരെ ധാരാളം കേസുകൾ യു എസ് കോടതികളിൽ നിലവിലുണ്ട്. കണക്കുകളിൽ കൃത്രിമം കാട്ടിയും വിശ്വാസവഞ്ചന നടത്തിയും വൻതോതിൽ പരിസ്ഥിതി മലിനീകരണം സൃഷ്ടിക്കുന്ന വാഹനങ്ങൾ വിറ്റതിന്റെ പേരിൽ യു എസിലെ കാർ ഉടമകൾ കോടിക്കണക്കിനു ഡോളറിന്റെ നഷ്ടപരിഹാരമാണു ഫോക്സ്‌വാഗനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ ശുദ്ധ വായു നിയമത്തിന്റെ പേരിൽ ഫോക്സ്‌വാഗനോട് 4,600 കോടി ഡോളർ(ഏകദേശം 3,10,732 കോടി രൂപ) ഈടാക്കാൻ യു എസിലെ നീതിന്യായ വകുപ്പും രംഗത്തുണ്ട്.