2 വർഷത്തിനകം 1,400 കോടിയുടെ വികസനത്തിന് എക്സൈഡ്

വരുന്ന രണ്ടു വർഷത്തിനിടെ 1,400 കോടി രൂപയുടെ വികസന പദ്ധതികൾ നടപ്പാക്കുമെന്നു സ്റ്റോറേജ് ബാറ്ററി നിർമാതാക്കളായ എക്സൈഡ് ഇൻഡസ്ട്രീസ്. പശ്ചിമ ബംഗാളിലെ ഹാൽദിയ ശാലയിൽ നിന്ന് അത്യാധുനിക പഞ്ച് ഗ്രിഡ് സാങ്കേതികവിദ്യയോടെ പ്രകടനക്ഷമതയേറിയ ഓട്ടമോട്ടീവ് ബാറ്ററികൾ വിപണിയിലിറക്കാനാണ് ഇതിൽ 700 കോടി രൂപ നീക്കിവയ്ക്കുക. യു എസിലെ ഈസ്റ്റ് പെന്നിൽ നിന്നു സ്വായത്തമാക്കുന്ന പഞ്ച് ഗ്രിഡ് എന്ന പുത്തൻ സാങ്കേതിക വിദ്യയുടെ അവതരണത്തിനാണു വരുംവർഷങ്ങളിലെ നിക്ഷേപത്തിൽ സിംഹഭാഗവും നീക്കിവയ്ക്കുകയെന്ന് എക്സൈഡ് മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ഗൗതം ചാറ്റർജി കമ്പനിയുടെ വാർഷിക പൊതുയോഗത്തെ അറിയിച്ചു. ഇന്ത്യയിൽ പുതുമയെങ്കിലും യു എസിൽ കഴിവു തെളിയിച്ച സാങ്കേതികവിദ്യയാണു പഞ്ച് ഗ്രിഡ് എന്നും അദ്ദേഹം വെളിപ്പെടുത്തി.

ആയുർദൈർഘ്യവും പ്രകടനക്ഷമതയുമേറിയ പുതുതലമുറ ബാറ്ററികൾ നിർമിക്കാനാവുമെന്നതാണു പുതിയ സാങ്കേതികവിദ്യയുടെ പ്രധാന നേട്ടം. ബാറ്ററികളുടെ ആയുസ്സിൽ 20% വരെ വർധനയാണു പ്രതീക്ഷിക്കുന്നത്. പ്രധാനമായും ആഫ്റ്റർ മാർക്കറ്റ് അഥവാ റീപ്ലേസ്മെന്റ് വിപണിയാണു പുതിയ ബാറ്ററിയിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിവർഷം ഇത്തരം 10 ലക്ഷം ബാറ്ററി നിർമിക്കാൻ ശേഷിയുള്ള യൂണിറ്റാണ് 700 കോടി രൂപ ചെലവിൽ കമ്പനി ഹാൽദിയയിൽ സ്ഥാപിക്കുക. അവശേഷിക്കുന്ന 700 കോടി 2017 — 18നുള്ളിൽ രാജ്യത്തെ മറ്റു നാലു നിർമാണശാലകളിൽ നിക്ഷേപിക്കും. പുതിയ ശാലയ്ക്കായി ഹാൽദിയയിൽ 25 ഏക്കർ സ്ഥലം കമ്പനി തേടുന്നുണ്ടെന്നും ചാറ്റർജി അറിയിച്ചു. സ്ഥലം ലഭ്യമാക്കാൻ ഹാൽദിയ പോർട് ട്രസ്റ്റുമായുള്ള ചർച്ചകളും പുരോഗതിയിലാണ്.

പദ്ധതിക്കുള്ള ധനം ആഭ്യന്തരമായി സമാഹരിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി. ശാലയുടെ ആദ്യഘട്ടം മാർച്ചിനകം പൂർത്തിയാക്കാനാണു കമ്പനി ലക്ഷ്യമിടുന്നത്. നിലവിൽ പ്രതിവർഷം 22 ലക്ഷം ബാറ്ററികളാണ് എക്സൈഡ് ഹാൽദിയയിൽ നിർമിക്കുന്നത്. പുതിയ ശാല കൂടി പ്രവർത്തനക്ഷമമാവുന്നതോടെ എക്സൈഡിന്റെ രാജ്യത്തെ മൊത്തം ഉൽപ്പാദനശേഷി പ്രതിവർഷം 1.22 കോടി ബാറ്ററികളായി ഉയരും. പഞ്ച് ഗ്രിഡ് സാങ്കേതികവിദ്യയുള്ള ബാറ്ററി ഉൽപ്പാദനം തുടക്കത്തിൽ ഹാൽദിയയിൽ നടത്താനും ക്രമേണ മറ്റു യൂണിറ്റുകളിലേക്കു വ്യാപിപ്പിക്കാനുമാണ് എക്സൈഡിന്റെ തീരുമാനം.