Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലിതിയം അയോൺ ബാറ്ററികളിലേക്ക് എക്സൈഡും

exide

വൈദ്യുത വാഹന(ഇ വി)ങ്ങൾക്ക് ആവശ്യമായ ലിതിയം അയോൺ സാങ്കേതികവിദ്യ വികസിപ്പിക്കാൻ നടപടി സ്വീകരിച്ചുവരികയാണെന്നു ബാറ്ററി നിർമാതാക്കളായ എക്സൈഡ് ഇൻഡസ്ട്രീസ്. എന്നാൽ വൈദ്യുത വാഹനങ്ങൾ ജനപ്രീതിയാർജിച്ചാലും പരമ്പരാഗത ലെഡ് ആസിഡ് ബാറ്ററികളുടെ പ്രസക്തി നഷ്ടമാവില്ലെന്നും കമ്പനി കരുതുന്നു. ലിതിയം അയോൺ ബാറ്ററി സാങ്കേതികവിദ്യയ്ക്കു പ്രചാരമേറുന്നുണ്ട്; വില കുറയുന്നതോടെ ഇത്തരം ബാറ്ററികളുടെ ഉപയോഗം വ്യാപകമാവുന്നുമുണ്ട്. ലിതിയം അയോൺ ബാറ്ററിയുടെ പ്രചാരമേറുന്നത് പരമ്പരാഗത ബാറ്ററികൾക്കു ഭീഷണി സൃഷ്ടിക്കുമെന്നാണു പൊതുവേയുള്ള വിലയിരുത്തൽ.

ഈ സാഹചര്യത്തിലാണ് ലിതിയം അയോൺ സാങ്കേതികവിദ്യ വികസനത്തിന് ഊന്നൽ നൽകുന്നതെന്ന് എക്സൈഡ് ഇൻഡസ്ട്രീസ് വാർഷിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ആദ്യ മാതൃകകൾ തയാറായെന്നും ഇവയുടെ പരീക്ഷണങ്ങൾ ലബോറട്ടറികളിലും ഫീൽഡിലും നടക്കുന്നുണ്ടെന്നും കമ്പനി വിശദീകരിച്ചു. അടുത്ത ഘട്ടത്തിൽ സർട്ടിഫിക്കേഷനുള്ള നടപടികൾ സ്വീകരിക്കും. മദ്രാസ് ഐ ഐ ടിയുടെ മാർഗനിർദേശത്തിലും മേൽനോട്ടത്തിലുമാണ് ഈ മേഖലയിലെ ഗവേഷണ, വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതെന്നും എക്സൈഡ് ഇൻഡസ്ട്രീസ് വെളിപ്പെടുത്തി. മദ്രാസ് ഐ ഐ ടിയിലെ സെന്റർ ഫോർ ഇലക്ട്രിക് വെഹിക്കിൾസ്, ഗ്രിൻടെക് മോട്ടോഴ്സ് ആൻഡ് സർവീസസ് തുടങ്ങിയവ വികസിപ്പിക്കുന്ന വിവിധ ആപ്ലിക്കേഷനുകൾക്കു  ലിതിയം അയോൺ സാങ്കേതികവിദ്യ അധിഷ്ഠിതമായ ബാറ്റരി പായ്ക്കുകൾ നിർമിച്ചു നൽകാനുള്ള ലൈസൻസും എക്സൈഡിനുണ്ട്. 2017 ഓഗസ്റ്റ് 28നു ലഭിച്ച ലൈസൻസിന് 2027 ഓഗസ്റ്റ് 27 വരെ കാലാവധിയുണ്ടെന്നും കമ്പനി വിശദീകരിച്ചു. 

ലിതിയം അയോൺ സാങ്കേതികവിദ്യ സംബന്ധിച്ച വികസനം പുരോഗമിക്കുമ്പോഴും പരമ്പരാഗത ലെഡ് ആസിഡ് ബാറ്ററികൾ കാലഹരണപ്പെടില്ലെന്നാണ് എക്സൈഡിന്റെ വിലയിരുത്തൽ. മിക്ക ഇ വികളിലും സ്റ്റാർട്ടറിനും ലൈറ്റിങ്ങിനും ഇഗ്നീഷനും വേണ്ടി 12 വോൾട്ട് ലെഡ് ആസിഡ് ബാറ്ററിയുമുണ്ടെന്നു കമ്പനി ചൂണ്ടിക്കാട്ടുന്നു.