വേഗതയിൽ ബുഗാട്ടിയെ തകർത്ത് വെനോം ജിടി

Hennessey Venom GT Spyder

ലോകത്തിലെ ഏറ്റവും വേഗതയേറിയ കൺവേർട്ടബിൾ കാർ‌ എന്ന പദവി ഇനി വെനോം ജിടി സ്പൈഡറിന്. അമേരിക്കയിലെ പ്രശസ്ത പെർഫോമൻസ് മോഡിഫിക്കേഷൻ കമ്പനിയായ ഹെൻന്നസി പെർഫോമൻസ് എഞ്ചിനിയറിങ്ങ്സാണ് വാഹനം നിർമിച്ചിരിക്കുന്നത്. ഏറ്റവും വേഗതയേറിയ കാർ എന്ന പദവി ബുഗാട്ടിക്കാണെങ്കിലും കൺവെർട്ടിബിൾ വിഭാഗത്തിലെ തിരിച്ചടി എവരുടെ അപ്രമാദിത്വത്തിന് വെല്ലുവിളിയാകും.

Hennessey Venom GT Spyder

മണിക്കൂറില്‍ 427.4 കിലോമീറ്റര്‍ വേഗത്തില്‍ കുതിച്ചുപാഞ്ഞാണ് വെനം ജി.ടി സ്‌പെഡര്‍ റെക്കോർഡിട്ടത്. 2014 ൽ ഹെൻന്നസി പെർഫോമൻസ് എഞ്ചിനിയറിങ്ങ്സിന്റെ സൂപ്പർസ്പോർട്സ് കാർ വെനോം ജിടി, ലോകത്തിലെ ഏറ്റവും വേഗതയുള്ള സൂപ്പർകാർ എന്ന ബുഗാട്ടിയുടെ റെക്കോർഡ് തകർത്തു എന്നവകാശപ്പെടിരുന്നെങ്കിലും ഗിന്നസ് അധികൃതരുടെ നിർദേശങ്ങൾ പാലിക്കാതെ നടത്തിയ സ്പീഡ് ടെസ്റ്റായതിനാൽ ഗിന്നസ് റിക്കൊർഡ് പ്രകാരം ബുഗാട്ടി തന്നെയാണ് ഇപ്പോഴും ഏറ്റവും വേഗതയുള്ള കാർ.

കെന്നഡി സ്‌പെയ്‌സ് സെന്ററിലെ റണ്‍വേയിലായിരുന്നു പരീക്ഷണയോട്ടം. 408.8 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിച്ച് ബുഗാട്ടി വെയ്‌റോണ്‍ സൂപ്പര്‍ സ്‌പോര്‍ട് കൺവേർട്ടബിള്‍ സ്ഥാപിച്ച റെക്കോര്‍ഡാണ് ഹെന്നസി വെനോം ജിടി സ്പൈഡർ പഴങ്കഥയാക്കിമാറ്റിയത്. ലോട്ടസിന്റെ സൂപ്പർസ്പോർട്സ് കാർ എക്‌സീജിനിൽ നിന്നാണ് വെനോം ജിടിയെ നിർമിച്ചിരിക്കുന്നത്. 1431 ബിഎച്ച്പി കരുത്തുള്ള ഏഴ് ലിറ്റർ വി8 എൻജിനാണ് വെനോ ജിടി സ്പൈഡറിൽ. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ 2.4 സെക്കന്‍ഡ് മാത്രം വേണ്ടി വരുന്ന ജിടി സ്പൈഡർ 13 സെക്കന്റുകൾ കൊണ്ട് 321 കിലോമീറ്റര്‍ വേഗമാര്‍ജിക്കും.