ഇന്ത്യയിൽ ‘ജീപ്പ്’ നിർമിക്കാനൊരുങ്ങി എഫ് സി എ

ലോക പ്രശസ്ത സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘ജീപ്പ്’ ഇന്ത്യയിൽ നിർമിക്കാൻ ഫിയറ്റ് ക്രൈസ്​ലറിനു പദ്ധതി. റൈറ്റ് ഹാൻഡ് ഡ്രൈവ് ‘ജീപ്പി’ന്റെ നിർമാണ കേന്ദ്രമായി ഇന്ത്യയെ മാറ്റാനുള്ള സാധ്യതയാണ് കമ്പനി പരിശോധിക്കുന്നത്. 15 ലക്ഷം രൂപയ്ക്ക് ഇന്ത്യൻ നിർമിത ‘ജീപ്പ്’ വിൽപ്പനയ്ക്കെത്തിക്കാനാവുമെന്നും ഫിയറ്റ് ക്രൈസ്​ലർ ഓട്ടമൊബീൽസ്(എഫ് സി എ) കരുതുന്നു.

‘ജീപ്പി’നെ 2017ന്റെ രണ്ടാം പകുതിയിൽ ഇന്ത്യയിൽ അവതരിപ്പിക്കാനാണു കമ്പനി ഒരുങ്ങുന്നത്. ഇറക്കുമതി വഴി ‘ജീപ്പ്’ ഇന്ത്യയിലെത്തിച്ചാൽ വില അരക്കോടി രൂപയോളമാവും. ഈ പ്രതിസന്ധി മറികടക്കാനാണ് എഫ് സി എ ‘ജീപ്പി’ന്റെ പ്രാദേശിക നിർമാണസാധ്യത ആരായുന്നത്.

വിദേശ നിർമിത ‘ജീപ്പി’ന് ഇന്ത്യയിൽ 180% ഇറക്കുമതി ചുങ്കം ബാധകമാവും. ഇതിനു പകരം ‘സി എസ് യു വി’ എന്ന കോഡ് നാമത്തിൽ വികസിപ്പിക്കുന്ന മോഡൽ ഇന്ത്യയിൽ നിർമിക്കാനാണ് എഫ് സി എയുടെ പരിപാടി. ഇതോടെ ഉൽപ്പാദനചെലവ് നിയന്ത്രിക്കാമെന്നതിലുപരി റൈറ്റ് ഹാൻഡ് ഡ്രൈവ് ‘ജീപ്പി’നുള്ള നിർമാണകേന്ദ്രമായി ഇന്ത്യയിലെ വികസിപ്പിക്കുകയും ചെയ്യാമെന്ന് എഫ് സി എ കരുതുന്നു. ആഭ്യന്തര വിൽപ്പനയ്ക്കൊപ്പം കയറ്റുമതി കൂടിയാവുന്നതോടെ പുത്തൻ ശാലയുടെ പ്രവർത്തനവും ലാഭകരമാവുമെന്നാണു പ്രതീക്ഷ. തുടക്കത്തിൽ ദക്ഷിണ ആഫ്രിക്ക, ബ്രിട്ടൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളില്കേും ദക്ഷിണ പൂർവ ഏഷ്യൻ വിപണികളിലേക്കുമാവും ഇന്ത്യയിൽ നിന്നുള്ള ‘സി എസ് യു വി’ കയറ്റുമതി. ക്രമേണ കയറ്റുമതിയും വ്യാപിപ്പിക്കാനാണ് എഫ് സി എയുടെ പദ്ധതി.

ഇറക്കുമതി വഴി തന്നെ ‘ജീപ്പ്’ ബ്രാൻഡ് ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള നടപടികൾ പുരോഗതിയിലാണെന്ന് ഫിയറ്റ് ക്രൈസ്​ലർ ഓട്ടമൊബീൽസ് ഇന്ത്യ പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ കെവിൻ ഫ്ളിൻ അറിയിച്ചു. ഫെബ്രുവരിയിൽ നടക്കുന്ന ഓട്ടോ എക്സ്പോയിൽ ‘ഗ്രാൻഡ് ചെറോക്കീ’യും ‘റാംഗ്ലറും’ പ്രദർശിപ്പിക്കാനും കമ്പനിക്കു പരിപാടിയുണ്ട്.

ടാറ്റ മോട്ടോഴ്സുമായി ചേർന്നു ഫിയറ്റ് ക്രൈസ്​ലർ സ്ഥാപിച്ച സംയുക്ത സംരംഭത്തിനു മഹാരാഷ്ട്രയിലെ രഞ്ജൻഗാവിലുള്ള ശാലയാണു ‘ജീപ്പ്’ നിർമാണത്തിനായി കമ്പനി പരിഗണിക്കുന്നതെന്ന് ഫ്ളിൻ സൂചിപ്പിച്ചു. വിൽപ്പന — വിപണന കരാറുകൾ അവസാനിപ്പിച്ചെങ്കിലും ടാറ്റ മോട്ടോഴ്സും എഫ് സി എയും ഈ ശാലയിൽ നിന്നു കാറുകൾ ഉൽപ്പാദിപ്പിക്കുന്നുണ്ട്. മികച്ച സാധ്യതകളുള്ള ശാലയാണു രഞ്ജൻഗാവിലേതെന്നും ‘ജീപ്പ്’ നിർമാണത്തിനായി 28 കോടി ഡോളർ(ഏകദേശം1786.82 കോടി രൂപ) എഫ് സി എ നിക്ഷേപിക്കുമെന്നുമാണ് ഫ്ളിന്നിന്റെ വെളിപ്പെടുത്തൽ.ഒപ്പം ‘ജീപ്പി’നായി പ്രത്യേക വിപണന ശൃംഖല സ്ഥാപിക്കാനും എഫ് സി എ ഇന്ത്യ ആലോചിക്കുന്നുണ്ട്. വൻനഗരങ്ങളും മെട്രോകളും കേന്ദ്രമാക്കിയാവും ‘ജീപ്പ്’ ഡീലർഷിപ്പുകൾ തുറക്കുകയെന്ന് ഫ്ളിൻ അറിയിച്ചു.