മിയാമി വൈസിലെ ഫെരാരി വിൽപ്പനയ്ക്ക്

അമേരിക്കൻ ടെലിവിഷൻ ചരിത്രത്തിലെത്തന്നെ ഏറ്റവും വലിയ ഹിറ്റ് സീരിയലായിരുന്നു മിയാമി വൈസ്. 1984 മുതൽ 1989 വരെ അഞ്ച് സീസണുകളിലായി പ്രക്ഷേപണം ചെയ്ത ടീവി സീരിയലിൽ ഉപയോഗിച്ച രണ്ട് ഫെരാരി ടെസ്റ്റാറോസകളിലൊന്നാണ് മെകം ഓക്ഷൻസ് വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഫെരാരിയായിരിക്കുമിത് എന്ന ലേബലിലാണ് ടെസ്റ്റാറോസയെ പ്രദർശിപ്പിച്ചിരിക്കുന്നത്. 

സീരിയലിന്റെ ആദ്യ രണ്ട് സീസണിൽ ഷെവർലെ കോർവെറ്റ് ഫെരാരിയാക്കി മാറ്റിയായിരുന്നു ഉപയോഗിച്ചിരുന്നത്. അതേതുടർന്ന് മൂന്നാം സീസൺ മുതൽ സീരിയലിൽ ഉപയോഗിക്കാൻ ഫെരാരി രണ്ട് ഫെരാരി ടെസ്റ്റാറോസകൾ സൗജന്യമായി നൽകിയിരുന്നു. കറുത്ത കളറുള്ള കാറുകളായിരുന്നു രണ്ടുമെങ്കിലും സീരിയലിലെ ആവശ്യത്തിനായി വെള്ള നിറം പൂശുകയായിരുന്നു.  1989 സീരിയൽ അവസാനിച്ചതിനെ തുടർന്ന് സംരക്ഷിച്ചിരുന്ന കാറ് കഴിഞ്ഞ ജനുവരിയിൽ ഇബേയിൽ ലേലത്തിന് വെച്ചിരുന്നെങ്കിലും വിറ്റു പോയിരുന്നില്ല. 1984 മുതൽ 1991 വരെ മാത്രമേ ടെസ്റ്റാറോസ നിർമ്മിച്ചിട്ടുള്ളു. 4.9 ലിറ്റർ കപ്പാസിറ്റിയുള്ള എഞ്ചിനുള്ള ടെസ്റ്റാറോസയുടെ 390 ബിഎച്ച്പി കരുത്തും 490 എൻഎം ടോർക്കുമുണ്ട്. 600,000 ഡോളർ മുതൽ 800,000 ഡോളർ വരെയാണ് പ്രതീക്ഷിക്കുന്ന വില.