ഡൽഹിയിലും മുംബൈയിലും ഫെരാരി ഷോറൂം തുറക്കുന്നു

ഇറ്റാലിയൻ സൂപ്പർ കാർ നിർമാതാക്കളായ ഫെറാരിയുടെ ആദ്യ വിപണന കേന്ദ്രം ഡൽഹിയിൽ നവംബർ 30നും രണ്ടാമത്തെ വിപണന കേന്ദ്രം ഡിസംബർ ഒന്നിന് മുംബൈയിലും ആരംഭിക്കും. നേരത്തെ, വിതരണം ഏറ്റെടുത്തവരുമായുള്ള പ്രശ്നത്തെതുടർന്ന് ഇന്ത്യൻ വിപണിയിൽ നിന്ന് പിന്മാറിയ ഫെരാരി കുറച്ചു നാളുകൾക്ക് മുമ്പ് ഫെരാരി എല്ലാ മോഡലുകളും വീണ്ടും അവതരിപ്പിച്ചെങ്കിലും ഷോറൂം ആരംഭിച്ചിരുന്നില്ല. ഡൽഹിയിൽ സെലക്ട് കാഴ്സ് പ്രൈവറ്റ് ലിമിറ്റഡിനെയും മുംബൈയിൽ നവ്നീത് മോട്ടോഴ്സിനെയുമാണ് വിപണന, വിൽപ്പന, വിൽപ്പനാന്തര സേവന ചുമതല ഫെറാരി ഏൽപ്പിച്ചിരിക്കുന്നത്.

രാജ്യതലസ്ഥാനത്ത് മഥുര റോഡിലാവും സെലക്ട് കാഴ്സിന്റെ ഫെറാരി ഡീലർഷിപ്; മുംബൈയിലാവട്ടെ വാണിജ്യ സിരാകേന്ദ്രമായ ബാന്ദ്ര കുർല കോംപ്ലക്സിലാണ് നവ്നീത് മോട്ടോഴ്സുമൊത്തു ഫെറാരി താവളമുറപ്പിക്കുക. നിലവിലുള്ള ഫെറാരി കാർ ഉടമകൾക്കും ഈ പുതിയ ഡീലർഷിപ്പുകൾ വിൽപ്പനാന്തര സേവനം വാഗ്ദാനം ചെയ്യുന്നുണ്ട്

ഡൽഹിയിലും. 3.45 കോടി രൂപ വിലയ്ക്കു ഷോറൂമിൽ ലഭിക്കുന്ന ‘കലിഫോണിയ ടി’യിലാണു ഫെറാരിയുടെ ഇന്ത്യൻ ശ്രേണി ആരംഭിക്കുന്നത്. മുന്നിൽ എൻജിനുള്ള ഗ്രാൻഡ് ടൂററായ ‘കലിഫോണിയ ടി കൺവെർട്ട്ബ്ളി’നു കരുത്തേകുന്നത് 3.9 ലീറ്റർ, ഇരട്ട ടർബോ വി എയ്റ്റ് എൻജിനാണ്; 7,500 ആർ പി എമ്മിൽ 552 ബി എച്ച് പി വരെ കരുത്താണ് ഈ എൻജിൻ സൃഷ്ടിക്കുക; 4,750 ആർ പി എമ്മിൽ 755 എൻ എമ്മാണു പരമാവധി ടോർക്ക്. ഏഴു സ്പീഡ് ഇരട്ട ക്ലച് ട്രാൻസ്മിഷനോടെ എത്തുന്ന കാറിന്റെ പരമാവധി വേഗം മണിക്കൂറിൽ 315 കിലോമീറ്ററാണ്. നിശ്ചലാവസ്ഥയിൽ നിന്നു മണിക്കൂറിൽ 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വേണ്ടതാവട്ടെ വെറും 3.6 സെക്കൻഡും.

ഇന്ത്യയിൽ വിൽപ്പനയ്ക്കുള്ള മുന്തിയ ഫെറാരി 4.87 കോടി രൂപയ്ക്കു ലഭിക്കുന്ന ‘എഫ് 12 ബെർലിനെറ്റ’യാണ്. ഒപ്പം ‘488 ജി ടി ബി’, ‘458 സ്പൈഡർ’, ‘458 സ്പെഷൽ’, നാലു സീറ്റുള്ള ‘എഫ് എഫ്’ എന്നിവയും ഇന്ത്യയിൽ ലഭ്യമാണ്. ആഗോളതലത്തിൽ വാഹന ലോകത്തു തന്നെ പേരും പെരുമയുമേറെയുള്ള ഫെറാരിയുടെ ഇന്ത്യയിലേക്കുള്ള രണ്ടാം വരവാണിത്. ഡീലർമാരുടെ പ്രവൃത്തിദോഷമായിരുന്നു കഴിഞ്ഞ തവണ ഫെറാരിയെ ഇന്ത്യയിൽ അനഭിമതരാക്കിയത്. പരാതികളേറിയതോടെ വിതരണക്കാരുമായുള്ള കരാർ ഏറെക്കുറെ ഏകപക്ഷീയമായി തന്നെ റദ്ദാക്കാൻ കമ്പനി നിർബന്ധിതരായത്.