ഫെറാരി ഇന്ത്യയിൽ ബുക്കിങ് തുടങ്ങി; കാർ കൈമാറ്റം ജൂലൈയിൽ

ആഗോളവാഹന ലോകത്തെ മുൻനിരക്കാരും ഇറ്റാലിയൻ സ്പോർട്സ് കാർ നിർമാതാക്കളുമായ ഫെറാരി ഇന്ത്യയിൽ തിരിച്ചെത്തി. ഹൈപ്പർ കാറായ ‘ലാ ഫെറാരി’ ഒഴികെയുള്ള മോഡലുകൾക്ക് ഇന്ത്യയിൽ നിന്നു ബുക്കിങ്ങും സ്വീകരിച്ചു തുടങ്ങി. അടുത്ത മാസത്തോടെ കാറുകൾ ഇന്ത്യയിലെ ഉടമസ്ഥർക്കു കൈമാറാനാണു ഫെറാരിയുടെ പദ്ധതി.

വിപണന ചുമതല ഏറ്റെടുത്ത ശ്രേയൻസ് ഗ്രൂപ്പിന്റെ പ്രവൃത്തി ദോഷമാണ് ആദ്യവരവിൽ ഫെറാരിക്ക് ഇന്ത്യയിൽ ചീത്തപ്പേരു സമ്മാനിച്ചത്. ഉപയോക്താക്കളെ വഞ്ചിക്കുന്നതലത്തിലേക്കു ശ്രേയൻസ് ഗ്രൂപ്പിന്റെ പ്രകടനം അധഃപതിച്ചതോടെയാണു ഫെറാരി ഇന്ത്യയിലെ കാർ വിൽപ്പന അവസാനിപ്പിച്ചത്.

മുമ്പു നേരിട്ട തിരിച്ചടി പരിഹരിക്കാൻ മുംബൈയിൽ നവ്നീത് മോട്ടോഴ്സിനെയും ഡൽഹിയിൽ സെലക്ട് കാഴ്സ് പ്രൈവറ്റ് ലിമിറ്റഡിനെയും വിപണന, വിൽപ്പന, വിൽപ്പനാന്തര സേവന ചുമതല ഏൽപ്പിച്ചാണു ഫെറാരി ജനുവരിയോടെ ഇന്ത്യയിൽ മടങ്ങിയെത്തുന്നത്. കാർ വിൽപ്പന ഉടൻ ആരംഭിക്കുമെങ്കിലും മുംബൈയിലെയും ഡൽഹിയിലെയും ഫെറാരി ഷോറൂമുകൾ ഒക്ടോബറോടെ മാത്രമാവും പ്രവർത്തനക്ഷമമാവുക.

മടങ്ങിവരവിനു മുന്നോടിയായി ഇന്ത്യയിൽ വിൽക്കുന്ന മോഡലുകളുടെ വിലയും ഫെറാരി പ്രഖ്യാപിച്ചിരുന്നു.. ഫെറാരി ‘488 ജി ടി ബി’, ഫെറാരി ‘458 സ്പൈഡർ’, ഫെറാരി‘458 സ്പെഷൽ’, ഫെറാരി ‘എഫ് 12 ബെർലിനെറ്റ’ എന്നിവയ്ക്കൊപ്പം എൻട്രി ലവൽ മോഡലെന്നു കമ്പനി വിശേഷിപ്പിക്കുന്ന ഫെറാരി ‘കലിഫോണിയ ടി’ കൂടി ഉൾപ്പെടുന്നതാണ് ഇറ്റാലിയൻ നിർമാതാക്കളുടെ ഇന്ത്യൻ ശ്രേണി.

വിവിധ മോഡലുകളുടെ മുംബൈയിലെ ഷോറൂം വില(കോടി രൂപയിൽ) ഇപ്രകാരമാണ്:

'കലിഫോണിയ ടി കൺവെർട്ട്ബ്ൾ' — 3.30, '488 ജി ടി ബി കൂപ്പെ' — 3.84, '458 സ്പൈഡർ' — 4.07, '458 സ്പെഷൽ'— 4.25, 'എഫ് എഫ്' — 4.57, 'എഫ് 12 ബെർലിനെറ്റ' — 4.72. കാറുകളുടെ അടിസ്ഥാന മോഡലുകൾക്കാണ് ഈ വില; ഉടമസ്ഥരുടെ മോഹങ്ങളും അധിക സൗകര്യങ്ങളും സാക്ഷാത്കരിക്കാൻ ഈ വിലയുടെ 10% വരെ കൂടുതൽ മുടക്കേണ്ടി വരും.

കൂപ്പെയായ ‘488 ജി ടി ബി’ക്ക് ഇന്ത്യൻ വിപണി ആവേശോജ്വല വരവേൽപ് നൽകിയെന്നാണ് ഫെറാരിയുടെ അവകാശവാദം. ടർബോ ചാർജ്ഡ് എൻജിൻ കരുത്തേകുന്ന ആധുനിക ഫെറാരിയായ ‘കലിഫോണിയ ടി’യോടും ഇന്ത്യക്കാർ താൽപര്യം പ്രകടിപ്പിക്കുന്നുണ്ടെന്നാണു വിലയിരുത്തൽ. മുൻതലമുറ ‘കലിഫോണിയ’യെ അപേക്ഷിച്ച് കാറിനു കാഴ്ചപ്പകിട്ടേറെയുള്ളതും ഈ താൽപര്യത്തിനു വഴിതെളിച്ചിട്ടുണ്ടത്രെ.

ഇന്ത്യയിൽ തിരിച്ചെത്തുന്ന ആദ്യ വർഷം 20 കാറുകൾ മാത്രമാണ് ഈ വിപണിക്കായി കമ്പനി നീക്കിവച്ചിരിക്കുന്നത്. ഇറ്റാലിയൻ സൂപ്പർകാറിനോട് ഇന്ത്യയ്ക്കുള്ള ആഭിമുഖ്യം പരിഗണിക്കുമ്പോൾ ഈ കാറുകൾ ചൂടപ്പം പോലെ വിറ്റഴിയാനാണു സാധ്യത.