മാർപാപ്പയുടെ ഫിയറ്റ് 500നു വില 2 കോടി രൂപ

കഴിഞ്ഞ സെപ്റ്റംബറിൽ പോപ് ഫ്രാൻസിസ് യു എസ് സന്ദർശിച്ചപ്പോൾ ന്യൂയോർക്കിലെ യാത്രയ്ക്കായി ഉപയോഗിച്ച ചെറുകാർ ലേലം ചെയ്തപ്പോൾ ലഭിച്ചത് മൂന്നു ലക്ഷം ഡോളർ(ഏകദേശം 1.99 കോടി രൂപ). ന്യൂയോർക്ക് നഗരത്തിൽ മാർപാപ്പയുടെ യാത്രകൾക്കായി ക്രമീകരിച്ചിരുന്ന രണ്ടു മിനി പോപ്മൊബൈലിൽ ഒന്നാണു ലേലത്തിൽ വിറ്റത്. കറുപ്പ് നിറമുള്ള ‘ഫിയറ്റ് 500 ലൂഞ്ച്’ കാറുകളായിരുന്നു യു എസിൽ മിനി പോപ്മൊബൈലായി രൂപാന്തരം പ്രാപിച്ചത്. ചാരിറ്റിബസ് എന്ന വെബ്സൈറ്റ് മുഖേന നടന്ന ലേലത്തിൽ അടിസ്ഥാന വിലയുടെ 12 ഇരട്ടിയോളം നൽകിയാണു കോടീശ്വരനായ ജൂത ബിസിനസുകാരൻ മൈൽസ് നഡാൽ മാർപാപ്പ സഞ്ചരിച്ച കാർ സ്വന്തമാക്കിയത്. ഓടിക്കാൻ ലക്ഷ്യമിട്ടല്ല ഈ കാർ സ്വന്തമാക്കിയതെന്നു നഡാൽ വ്യക്തമാക്കി. ചരിത്രപ്രാധാന്യമുള്ള നൂറ്റിമുപ്പതോളം കാറുകളും മോട്ടോർ സൈക്കിളുകളും ഇടംപിടിക്കുന്ന വ്യക്തിഗത മ്യൂസിയത്തിലേക്കാണു മാർപാപ്പ സഞ്ചരിച്ച മിനി പോപ്മൊബൈലിന്റെ പ്രയാണം.

Fiat 500 L

ന്യൂയോർക്ക് സന്ദർശിച്ച മാർപാപ്പ രണ്ടു തവണ ഈ കാറിൽ യാത്ര ചെയ്തിരുന്നെന്നു ന്യൂയോർക്ക് അതിരൂപത വക്താവ് ജോസഫ് സ്വില്ലിങ് വെളിപ്പെടുത്തി. സാധാരണ പോപ്മൊബൈലിൽ നിന്നിറങ്ങിയാണു ഫ്രാൻസിസ് മാർപാപ്പ ഈ ചെറുകാറിൽ സഞ്ചരിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു പണം കണ്ടെത്താനായി പോപ്പിന്റെ യു എസ് സന്ദർശനത്തിനായി ക്രമീകരിച്ചിരുന്ന രണ്ടാമത്തെ ‘ഫിയറ്റ് 500’ കാറും വൈകാതെ ലേലം ചെയ്യാനാണു പദ്ധതി. മാർപാപ്പയുടെ യാത്രയ്ക്കായി കാറിൽ ചില്ല് മേൽക്കൂരയും പ്രീമിയം സീറ്റുകളുമൊക്കെ ഘടിപ്പിച്ചിരുന്നു. അടിസ്ഥാന വിലയായി 24,695 ഡോളർ(ഏകദേശം 16.35 ലക്ഷം രൂപ) നിശ്ചയിച്ചിരുന്നങ്കിലും പുതുമമാറാത്ത കാറിനു ലേലത്തിൽ 82,000 ഡോളർ(ഏകദേശം 54.27 ലക്ഷം രൂപ) വരെ ലഭിക്കുമെന്നായിരുന്നു ചാരിറ്റിബസ്സിന്റെ പ്രതീക്ഷ. കാരണം സെപ്റ്റംബർ 22 മുതൽ 27 വരെ നീണ്ട യു എസ് സന്ദർശനവേളയിൽ ഫിലാഡൽഫിയയിലെത്തിയപ്പോൾ മാർപാപ്പ സഞ്ചരിച്ച കാറിനു കഴിഞ്ഞ ജനുവരിയിൽ നടന്ന ലേലത്തിൽ ലഭിച്ച വില ഇതായിരുന്നു.

Fiat 500 L

കാർ ലേലത്തിന്റെ നടപടിക്രമങ്ങൾക്കു തുടക്കമായതു മാർച്ച് 17നാണ്; 10,500 ഡോളർ(6.95 ലക്ഷത്തോളം രൂപ) ആയിരുന്നു ആദ്യ ഓഫർ. എന്നാൽ ബുധനാഴ്ചയോടെ കാറിനുള്ള വാഗ്ദാനം 1.95 ലക്ഷം ഡോളറിലേക്കും വ്യാഴാഴ്ചയോടെ മൂന്നു ലക്ഷം ഡോളറിലേക്കും കുതിച്ചു കയറുകയായിരുന്നു. പോപ്പിന്റെ കാർ ലേലം ചെയ്തു കിട്ടിയ തുക ന്യൂയോർക്ക് രൂപതയ്ക്കു കീഴിലുള്ള സ്കൂളുകൾക്കും സന്നദ്ധ സംഘടനകൾക്കുമാണു ലഭിക്കുക. കൂടാതെ രാജ്യാന്തരതലത്തിൽ പ്രവർത്തിക്കുന്ന കാത്തലിക് റിലീഫ് സർവീസസും കാത്തലിക് നിയർ ഈസ്റ്റ് വെൽഫെയർ അസോസിയേഷനും കാർ ലേലത്തിന്റെ ഗുണഭോക്താക്കളാണ്.