മാഗ്നെറ്റി മരെല്ലി: സാംസങ്ങുമായും ചർച്ചയെന്ന് എഫ് സി എ

വാഹന ഘടക നിർമാതാക്കളായ മാഗ്നെറ്റി മരെല്ലിയുടെ ഭാവി സംബന്ധിച്ച് ദക്ഷിണ കൊറിയൻ ഇലക്ട്രോണിക് കമ്പനിയായ സാംസങ്ങുമായും കമ്പനി ഉടമകളായ ഫിയറ്റ് ക്രൈസ്‌ലർ ഓട്ടമൊബീൽസ്(എഫ് സി എ) ചർച്ച നടത്തുന്നു. സാംസങ് അടക്കം പലരുമായും മാഗ്നെറ്റി മരെല്ലി സംബന്ധിച്ചു ചർച്ച നടത്തുന്ന കാര്യം എഫ് സി എ ചെയർമാൻ ജോൺ എൽകാനാണു സ്ഥിരീകരിച്ചത്. അതേസമയം, ചർച്ചകളിൽ കാര്യമായ പുരോഗതിയില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഹോൾഡിങ് കമ്പനിയായ എക്സോറിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗത്തിനു മുന്നോടിയായിട്ടായിരുന്നു സാംസങ്ങുമായുള്ള ചർച്ചകൾ. സാംസങ് ഇലക്ട്രോണിക്സ് വൈസ് ചെയർമാനായ ജേ യങ് ലീ എക്സോറിൽ സ്വതന്ത്ര ഡയറക്ടറുമാണ്. മറ്റു വിഷയങ്ങൾക്കൊപ്പം മാഗ്നെറ്റി മരെല്ലിയും ചർച്ചാവിഷയമായെന്ന് എൽകാൻ വെളിപ്പെടുത്തി. പാർട്ണർ ആർ ഇ ഉടമകളെന്ന നിലയിൽ ഇൻഷുറൻസ് മേഖലയെക്കുറിച്ചും ചർച്ച നടന്നു. ഭാവിയിലെ കാർ വികസനത്തിൽ പ്രധാന പങ്കുവഹിക്കാൻ സാധ്യതയുള്ള മേഖലയെന്ന നിലയിലാണ് വാഹനഘടക നിർമാണ യൂണിറ്റായ മാഗ്നെറ്റി മരെല്ലി ആകർഷകമാകുന്നതെന്ന് എൽകാൻ അഭിപ്രായപ്പെട്ടു. ഈ വിഭാഗത്തെ ശക്തിപ്പെടുത്താൻ എഫ് സി എയ്ക്ക് ഏറെ താൽപര്യമുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഹ്രസ്വ — ദീർഘകാലാടിസ്ഥാനത്തിൽ മാഗ്നെറ്റി മരെല്ലിക്കു മെച്ചപ്പെട്ട ഭാവി ഫിയറ്റ് ഗ്രൂപ്പിനു പുറത്താവുമെന്ന് എഫ് സി എ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സെർജിയൊ മാർക്കിയോണിയും കഴിഞ്ഞ മാസം അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ നിലവിൽ മാഗ്നെറ്റി മരെല്ലി മാതൃസ്ഥാപനത്തിന് അനിവാര്യതയാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്മാർട്ഫോൺ പോലുള്ളവയുടെ വിൽപ്പന ഇടിഞ്ഞതാണു വളർച്ചയ്ക്കായി പുതുവഴികൾ തേടാൻ സാംസങ്ങിനെ പ്രേരിപ്പിക്കുന്നത്. ഭാവിയിൽ വളർച്ചാസാധ്യതയുള്ള മേഖലയായി വാഹനഘടക നിർമാണത്തെ സാംസങ് പരിഗണിക്കുന്നുമുണ്ട്. പശ്ചാത്തലത്തിനും പ്രവർത്തന പാരമ്പര്യത്തിനും വാഹന നിർമാതാക്കൾ നൽകുന്ന അമിത പ്രാധാന്യം പരിഗണിക്കുമ്പോൾ മാഗ്നെറ്റി മലെല്ലി പോലെ പേരും പെരുമയുമുള്ള സ്ഥാപനം ഏറ്റെടുത്ത് ഈ മേഖലയിൽ പ്രവേശിക്കുന്നത് ഏറെ പ്രയോജനകരമാവുമെന്നും സാംസങ് കണക്കുകൂട്ടുന്നു.