ആൽഫ റോമിയൊയെ നയിക്കാൻ ബിഗ്‌ലാൻഡ്

ആഡംബര കാർ ബ്രാൻഡുകളായ ആൽഫ റോമിയൊയുടെയും മസെരാട്ടിയുടെയും പുതിയ മേധാവിയായി റീഡ് ബിഗ്‌ലാൻഡ് നിയമിതനായി. ആഡംബര കാർ നിർമാണ വിഭാഗത്തെ നയിക്കാനായി കമ്പനിയുടെ യു എസിലെ വിൽപ്പന വിഭാഗം മേധാവി സ്ഥാനത്തു നിന്നാണ് ബിഗ്‌ലാൻഡിനെ ഇറ്റാലിയൻ അമേരിക്കൻ വാഹന നിർമാതാക്കളായ ഫിയറ്റ് ക്രൈസ്‌ലർ ഓട്ടമൊബൈൽസ്(എഫ് സി എ) തിരഞ്ഞെടുത്തത്. നിലവിൽ ആൽഫാ റോമിയൊയെയും മസെരാട്ടിയെയും നയിച്ചിരുന്ന ഹരാൾഡ് വെസ്റ്ററെ കമ്പനിയുടെ ചീഫ് ടെക്നോളജി ഓഫിസറാക്കി. പുതിയ ചുമതലയ്ക്കൊപ്പം ബിഗ്‌ലാൻഡിന് യു എസിലെ വിൽപ്പന വിഭാഗം മേധാവി സ്ഥാനവും എഫ് സി എ കാനഡയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ പദവിയും നൽകിയിട്ടുണ്ട്.

ആഗോളതലത്തിലുള്ള വികസനത്തിനു ചുക്കാൻ പിടിക്കാനാണു ബിഗ്‌ലാൻഡിനെ രംഗത്തിറക്കിയിരിക്കുന്നതെന്ന് എഫ് സി എ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സെർജിയൊ മാർക്കിയോണി വിശദീകരിച്ചു. കഴിഞ്ഞ ഏഴു വർഷത്തിനിടെ യു എസിലെയും കാനഡയിലെയും ആൽഫ റോമിയൊ — മസെരാട്ടി വിൽപ്പന ഗണ്യമായി വർധിപ്പിക്കുന്നതിൽ ബിഗ്‌ലാൻഡ് നേടിയ വിജയവും അദ്ദേഹം അനുസ്മരിച്ചു. എഫ് സി എയ്ക്കായി അടുത്ത അഞ്ചു വർഷക്കാലത്തേക്ക് മാർക്കിയോണി തയാറാക്കിയ ബിസിനസ് പ്ലാനിൽ ആൽഫ റോമിയൊയ്ക്കും മസെരാട്ടിക്കും നിർണായക പങ്കാണുള്ളത്. ഇരു ബ്രാൻഡുകളും ഇറ്റലിയിൽ തിരിച്ചെത്തിക്കാനും കയറ്റുമതി വ്യാപിപ്പിക്കാനും മാർക്കിയോണി ലക്ഷ്യമിടുന്നുണ്ട്.