മിചിഗൻ ശാലയിൽ 1,300 പേരെ പിരിച്ചുവിടാൻ എഫ് സി എ

യു എസിലെ മിചിഗനിലുള്ള കാർ നിർമാണശാലയിലുള്ള 1,300 ജീവനക്കാരെ താൽക്കാലികമായി പിരിച്ചുവിടാൻ ഫിയറ്റ് ക്രൈസ്ലർ ഓട്ടമൊബീൽസ്(എഫ് സി എ) തീരുമാനിച്ചു. സ്റ്റെർലിങ് ഹൈറ്റ്സിലുള്ള ശാലയിലെ രണ്ടു ഷിഫ്റ്റുകളിലൊന്ന് താൽക്കാലികമായി നിർത്തിയതോടെ ഈ ജീവനക്കാരെ ജൂലൈ അഞ്ചു മുതൽ പ്രാബല്യത്തോടെ അനിശ്ചിതകാലത്തേക്കാണു പുറത്താക്കുന്നത്. വിൽപ്പനയിൽ കനത്ത ഇടിവ് നേരിടുന്ന ഇടത്തരം സെഡാനായ ‘ക്രൈസ്ലർ 200’ ആണു ശാലയിൽ ഉൽപ്പാദിപ്പിക്കുന്നത്. ഇകൊല്ലം ആദ്യ മൂന്നു മാസത്തിനിടയിൽ ‘ക്രൈസ്ലർ 200’ സെഡാന്റെ വിൽപ്പനയിൽ 2015 ജനുവരി — മാർച്ചിനെ അപേക്ഷിച്ച് 63% ഇടിവാണു രേഖപ്പെടുത്തിയത്. കാർ വാടകയ്ക്കു നൽകുന്ന കമ്പനികളാണ് ഈ മോഡലിന്റെ പ്രധാന ഉപയോക്താക്കൾ. അതിനാലാവാം ‘ക്രൈസ്ലർ 200’ വിൽപ്പന മെച്ചപ്പെടുത്താനുള്ള നടപടികൾക്കും എഫ് സി എ കാര്യമായ ഊന്നൽ നൽകിയിട്ടില്ല.

വിൽപ്പനയിലെ ഇടിവ് സഹിച്ച് എത്രകാലം ‘ക്രൈസ്ലർ 200’ ഉൽപ്പാദനം തുടുരമെന്നു കമ്പനി വ്യക്തമാക്കിയിട്ടില്ല. അനുയോജ്യരായ പങ്കാളികളെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ ‘ക്രൈസ്ലർ 200’, ‘ഡോഡ്ജ് കാർട്ട്’ എന്നീ മോഡലുകളുടെ നിർമാണം നിർത്തുമെന്ന് എഫ് സി എ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സെർജിയൊ മാർക്കിയോണി കഴിഞ്ഞ ജനുവരിയിൽ പ്രഖ്യാപിച്ചിരുന്നതാണ്. ജീവനക്കാരെ പുറത്താക്കാനുള്ള എഫ് സി എ തീരുമാനം അപ്രതീക്ഷിതമല്ലെന്ന് യുണൈറ്റഡ് ഓട്ടോ വർക്കേഴ്സ് വൈസ് പ്രസിഡന്റ് നോർവൂഡ് ജ്യുവൽ അറിയിച്ചു. എസ് യു വി, ട്രക്ക് ഉൽപ്പാദനം വർധിപ്പിച്ച് ഈ ജീവനക്കാർക്കു ജോലി നൽകാൻ എഫ് സി എ ശ്രമിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ചെറുകാർ വിഭാഗത്തിൽ എഫ് സി എ മാത്രമല്ല തിരിച്ചടി നേരിടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ വലിപ്പമേറിയ വാഹനങ്ങൾക്ക് ആവശ്യമേറുന്നു എന്നത് ആശ്വാസകരമാണ്. യു എസിൽ ട്രക്ക്, എസ് യു വി ഉൽപ്പാദനം വർധിപ്പിക്കാനുള്ള മുൻതീരുമാനം നടപ്പാക്കി മിചിഗൻ ശാലയിൽ നിന്നു പുറത്തു പോകുന്നവരെ പുനഃരധിവസിപ്പിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.