ഇന്ത്യയിൽ ‘ജീപ്പ്’ നിർമിക്കാൻ ഫിയറ്റ് ക്രൈസ്​ലർ

ഇന്ത്യയിൽ ‘ജീപ്പ്’ നിർമിക്കാൻ 28 കോടി ഡോളർ(ഏകദേശം 1,777 കോടി രൂപ) മുടക്കാൻ ഫിയറ്റ് ക്രൈസ്​ലറിനു പദ്ധതി. ടാറ്റ മോട്ടോഴ്സുമായുള്ള സംയുക്ത സംരംഭം വിപുലീകരിച്ചാവും 2017 മുതൽ ഇന്ത്യയിൽ ‘ജീപ്പ്’ നിർമിക്കുകയെന്നും ഫിയറ്റ് ക്രൈസ്​ലർ വ്യക്തമാക്കുന്നു. കമ്പനി പ്രവർത്തനം ലാഭത്തിലാക്കാൻ ഫിയറ്റ് ക്രൈസ്​ലർ സെർജിയൊ മാർക്കിയോണി തയാറാക്കിയ പദ്ധതി പ്രകാരം ‘ജീപ്പി’ന്റെയും ഗ്രൂപ്പിലെ മറ്റു ബ്രാൻഡുകളുടെയും വിൽപ്പനയിൽ ഗണ്യമായ വർധന കൈവരിക്കേണ്ടതുണ്ട്.

കഴിഞ്ഞ വർഷം 10 ലക്ഷം ‘ജീപ്പ്’ വിറ്റത് 2018 ആകുമ്പോൾ ഇരട്ടിയാക്കാനാണു ഫിയറ്റ് ക്രൈസ്​ലർ ലക്ഷ്യമിടുന്നത്. പ്രധാന വിപണികളിൽ പ്രാദേശികമായി നിർമിച്ച ‘ജീപ്പ്’ വിൽക്കുകയാണ് ഈ ലക്ഷ്യത്തിലേക്കുള്ള പ്രായോഗിക മാർഗമെന്നു ജീപ്പ് മേധാവി മൈക്ക് മാൻലി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ലോകവ്യാപകമായി ‘ജീപ്പ്’ മോഡലുകളുടെ ലഭ്യത മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളിൽ ഇന്ത്യയിലെ നിക്ഷേപം പ്രധാന ചുവടാണെന്ന് മാർക്കിയോണിയും വിലയിരുത്തുന്നു.

ഇറ്റലിയിലെ ഫിയറ്റും യു എസിലെ ക്രൈസ്ലറും ലയിപ്പിച്ച് ഫിയറ്റ് ക്രൈസ്​ലർ രൂപീകരിച്ച വേളയിലാണു സെർജിയൊ മാർക്കിയോണി 5,400 കോടി ഡോളറി(ഏകദേശം 3,42,700 കോടി രൂപ)ന്റെ വികസനപദ്ധതികൾ പ്രഖ്യാപിച്ചത്. ‘ജീപ്പി’നൊപ്പം ആൽഫ റോമിയൊ ശ്രേണിയിലും പ്രതീക്ഷയർപ്പിച്ചാണു മാർക്കിയോണി ഗ്രൂപ്പിന്റെ പടയോട്ടം സ്വപ്നം കാണുന്നത്. ആഡംബര കാർ വിപണി വാഴുന്ന ജർമൻ കാർ നിർമാതാക്കളായ ഔഡിയെയും മെഴ്സീഡിസ് ബെൻസിനെയും ബി എം ഡബ്ല്യുവിനെയും വെല്ലുവിളിക്കാൻ ലക്ഷ്യമിട്ടു വികസിപ്പിക്കുന്ന എട്ട് ആൽഫ റോമിയൊ മോഡലുകളിൽ ആദ്യത്തേതും കഴിഞ്ഞ ആഴ്ച അദ്ദേഹം അനാവരണം ചെയ്തിരുന്നു.

അഞ്ചു വർഷത്തിനകം ചൈനയ്ക്കും യു എസിനും പിന്നിലായി ലോകത്തെ മൂന്നാമത്തെ വലിയ കാർ വിപണിയായി മാറുമെന്നതാണ് ഇന്ത്യയെ വാഹന നിർമാതാക്കളുടെ ശ്രദ്ധാ കേന്ദ്രമാക്കുന്നത്. സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)കൾക്കാവട്ടെ ആഗോളതലത്തിൽ തന്നെ പ്രിയമേറുന്നുണ്ട്; ഇന്ത്യയിൽ 2014 — 15 സാമ്പത്തിക വർഷം വിറ്റ 26 ലക്ഷം വാഹനങ്ങളിൽ അഞ്ചിലൊന്നും എസ് യു വികൾ തന്നെ. ഈ അനുകൂല സാഹചര്യമാണ് ഇന്ത്യയിൽ കനത്ത നിക്ഷേപത്തിന് ഫിയറ്റ് ക്രൈസ്​ലറിനെയും പ്രേരിപ്പിക്കുന്നത്.

രണ്ടു വർഷത്തിനകം ഇന്ത്യയിൽ പുതിയ എസ് യു വി അവതരിപ്പിക്കാൻ ഫോക്സ്‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌വാഗനും ജനറൽ മോട്ടോഴ്സും തയാറെടുക്കുന്നുണ്ട്. 2017 മധ്യത്തോടെ മഹാരാഷ്ട്രയിലെ പുണെയ്ക്കടുത്തു രഞ്ജൻഗാവിൽ ഫിയറ്റും ടാറ്റ മോട്ടോഴ്സും ചേർന്നു സ്ഥാപിച്ച നിർമാണശാലയിൽ നിന്ന് ‘ജീപ്പ്’ നിർമിക്കാനാണു ഫിയറ്റ് ക്രൈസ്​ലറിന്റെ ഒരുക്കം. ഇടത്തരത്തിൽപെട്ട ‘ചെറോക്കീ’യും ദൃഢതയേറിയ ‘റാംഗ്ലറും’ അവതരിപ്പിച്ച് ഇക്കൊല്ലം ഇന്ത്യയിൽ ‘ജീപ്പ്’ വിൽപ്പന തുടങ്ങുമെന്നായിരുന്നു മാൻലി നേരത്തെ പ്രഖ്യാപിച്ചത്. ഇക്കൊല്ലം ചൈനയിൽ ‘ജീപ്പ്’ നിർമാണം ആരംഭിക്കുന്ന ഫിയറ്റ് ക്രൈസ്​ലർ, വൈകാതെ ഇറ്റലിയിലും ബ്രസീലിലും യു എസിലും അസംബ്ലി ലൈനുകൾ സ്ഥാപിക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്.