‘ലീനിയ’യ്ക്ക് പരിമിതകാല പതിപ്പുമായി ഫിയറ്റ് ക്രൈസ്​ലർ

സെഡാനായ ‘ലീനിയ’യുടെ പരിമിതകാല പതിപ്പായ ‘എലഗന്റ്’ ഫിയറ്റ് ക്രൈസ്​ലർ ഓട്ടമൊബീൽസ് ഇന്ത്യയിൽ അവതരിപ്പിച്ചു. സാങ്കേതിക വിഭാഗത്തിൽ മാറ്റങ്ങളില്ലാതെ, പുറത്തെ അല്ലറ ചില്ലറ പരിഷ്കാരങ്ങളും അകത്തളത്തിലെ അധിക സൗകര്യങ്ങളും സംവിധാനങ്ങളുമൊക്കെയാണ് ‘എലഗന്റി’നെ സാധാരണ ‘ലീനിയ’യിൽ നിന്നു വ്യത്യസ്തമാക്കുന്നത്. 9.99 ലക്ഷം രൂപയാണു കാറിനു ഡൽഹി ഷോറൂമിൽ വില. പുത്തൻ പനോരമിക് ബ്ലാക്ക് റൂഫ്, സ്പോർട്ടി ബോഡി കിറ്റ്, പരിഷ്കരിച്ച 16 ഇഞ്ച് അലോയ് വീൽ, പിൻ സ്പോയ്ലർ, പുറത്തെ റിയർ വ്യൂ മിററിൽ ക്രോം എംബെല്ലിഷ്മെന്റ്, ‘എലഗന്റ്’ ബാഡ്ജിങ് എന്നിവയാണു കാറിന്റെ പുറംഭാഗത്തെ മാറ്റങ്ങൾ. അകത്തളത്തിലാവട്ടെ 6.5 ഇഞ്ച്, മൾട്ടി ഫംക്ഷനൽ ടച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനവും ഇടം പിടിക്കുന്നു. പുതിയ സീറ്റ് കവർ, ‘എലഗന്റ്’ ബാഡ്ജിങ്ങുള്ള ഫ്ളോർ മാറ്റ്, പരന്ന ഡോർ സിൽ എന്നിവയും ഈ പരിമിതകാല പതിപ്പിലുണ്ട്.

കാറിനു കരുത്തേകുന്നത് ‘ലീനിയ’യിലെ 1.3 ലീറ്റർ, നാലു സിലിണ്ടർ, മൾട്ടിജെറ്റ് ഡീസൽ, 1.4 ലീറ്റർ, ടി ജെറ്റ് പെട്രോൾ എൻജിനുകളാണ്. പെട്രോൾ എൻജിൻ 5,000 ആർ പി എമ്മിൽ പരമാവധി 112 ബി എച്ച് പി കരത്തും 2,200 ആർ പി എമ്മിൽ 207 എൻ എം ടോർക്കുമാണു സൃഷ്ടിക്കുക; ഡീസൽ എൻജിൻ സൃഷ്ടിക്കുന്നതാവട്ടെ പരമാവധി 5,000 ആർ പി എമ്മിൽ 92 ബി എച്ച് പി കരുത്തും 2,000 ആർ പി എമ്മിൽ 209 എൻ എം ടോർക്കുമാണ്. അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാണ് ഇരു എൻജിനുകൾക്കുമൊപ്പമുള്ള ട്രാൻസ്മിഷൻ.

മികച്ച രൂപഭംഗിയും അധിക സൗകര്യങ്ങളും പണത്തിനൊത്ത മൂല്യവും മോഹിക്കുന്നവരെയാണു ‘ലീനിയ എലഗന്റി’ലൂടെ കമ്പനി ലക്ഷ്യമിടുന്നതെന്നു ഫിയറ്റ് ക്രൈസ്​ലർ ഓട്ടമൊബീൽസ് ഇന്ത്യ പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ കെവിൻ ഫ്ളിൻ അഭിപ്രായപ്പെട്ടു. വിപണിയിൽ തരംഗം സൃഷ്ടിക്കാൻ ‘ലീനിയ’യുടെ പരിമിതകാല പതിപ്പിനു കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു.