ഫിയറ്റ് മൊബി ഹാച്ച്ബാക്ക് അവതരിപ്പിച്ചു

ചെറു ഹാച്ച്ബാക്ക് മോഡൽ മൊബി ഫിയറ്റ് അവതരിപ്പിച്ചു. പെട്രോൾ, ഇഥനോൾ എൻജിൻ വകഭേദങ്ങളിൽ ലഭ്യമായ മൊബി വലുപ്പത്തിൽ റെനോ ക്വിഡിനെ പിന്തള്ളും. യുവ കാർ ഉപഭോക്താക്കളെ ലക്ഷ്യമിട്ടു ഫിയറ്റ് അവതരിപ്പിക്കുന്ന മൊബി ബ്രസീലിലാണു പുറത്തിറക്കിയത്. ഇന്ത്യയിൽ കനത്ത മൽസരം നടക്കുന്ന എൻട്രി ലെവൽ ഹാച്ച്ബാക്ക് വിപണിയിൽ മൽസരിക്കാനിറങ്ങുന്ന മൊബി പക്ഷേ ഇന്ത്യയിൽ എന്നെത്തുമെന്നു കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

1.0 ലീറ്റർ പെട്രോൾ എൻജിന്‍ 73 ബിഎച്ച്പി കരുത്തും 9.5 ന്യൂട്ടൺ മീറ്റർ ടോര്‍കും നൽകുമ്പോൾ ഇഥനോൾ എൻജിൻ 75 ബിഎച്ച്പി കരുത്തും 9.9 ന്യൂട്ടൺ മീറ്റർ ടോര്‍കുമേകുന്നു. അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സ്. 47 ലീറ്ററാണ് ഇന്ധനടാങ്കിന്റെ ക്ഷമത.

3566 മില്ലിമീറ്റർ നീളമുള്ള വാഹനത്തിനു 1633 മില്ലിമീറ്റർ വീതിയും 1502 മില്ലിമീറ്റർ ഉയരവുമുണ്ട്. ഗ്രൗണ്ട് ക്ലിയറൻസ് 156 മില്ലിമീറ്റർ. വലുപ്പമേറിയ ഹെഡ്‌ലൈറ്റുകളും മുന്നിലെ ഗ്രില്ലുമാണ് പ്രധാന പ്രത്യേകത. ബൂട്ട്-ലിഡ് ഇന്റഗ്രേറ്റഡാണു ടെയിൽ ലൈറ്റുകൾ. ബൂട്ട് സ്പേസ് 235 ലീറ്റർ. ബെയ്സ് മോഡലുകളിൽ 13 ഇഞ്ച്, ഉയർന്ന മോഡലുകളിൽ 14 ഇഞ്ച് അലോയ് വീലുകളാണു നൽകിയിരിക്കുന്നത്.

ഡിജിറ്റൽ ഡിസ്പ്ലേ, സ്റ്റിയറിങ്ങിൽ തന്നെ ശബ്ദനിയന്ത്രണ സംവിധാനങ്ങൾ, ബ്ലൂടൂത്തോടു കൂടിയ നാലിഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയാണു പ്രധാന അകത്തള സൗകര്യങ്ങൾ. യൂഎസ്ബി, ഓക്സിലറി കണക്ടിവിറ്റി തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. സ്മാർട്ഫോണിനെ മൾട്ടിമീഡിയ ഇന്റർഫെയസാക്കി മാറ്റുന്ന ഫിയറ്റിന്റെ 'ലിവ് ഓൺ' ഡിവൈസ് സൗകര്യവും മൊബിയിലുണ്ടാകും.