ഫിയറ്റ് ക്രൈസ്​ലർ മഴക്കാല ക്യാംപ് 23 മുതൽ

മഴക്കാലം പ്രമാണിച്ച് ഇറ്റാലിയൻ വാഹന നിർമാതാക്കളായ ഫിയറ്റ് ക്രൈസ്​ലർ ഓട്ടമൊബീൽസ് ഇന്ത്യയും പ്രത്യേക പരിശോധനാ ക്യാംപ് പ്രഖ്യാപിച്ചു. വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെയാണു കമ്പനി രാജ്യവ്യാപകമായി പ്രത്യേക വാഹന പരിശോധന നടത്തുക. ഫിയറ്റിന്റെ എല്ലാ ഡീലർഷിപ്പുകളിലും ക്യാംപ് സംഘടിപ്പിച്ചിട്ടുണ്ട്.

ആകെ 60 പോയിന്റുള്ള വിപുലമായ സൗജന്യ വാഹന പരിശോധനയാണു ക്യാംപിലെത്തുന്നവർക്ക് ഫിയറ്റിന്റെ പ്രധാന വാഗ്ദാനം. സൗജന്യ ടോപ് വാഷിനൊപ്പം ഇലക്ട്രിക്കൽ, മെക്കാനിക്കൽ വിഭാഗം അറ്റകുറ്റപ്പണികൾക്കുള്ള ലേബർ നിരക്കിൽ 10% ഇളവും പ്രതീക്ഷിക്കാം. ജി പി എസ് നാവിഗേഷൻ യൂണിറ്റിന് 4000 രൂപ ഇളവാണു മറ്റൊരു വാഗ്ദാനം. ക്യാംപ് സംബന്ധിച്ച വിവരങ്ങൾ ഫിയറ്റ് ക്രൈസ്​ലർ ഡീലർഷിപ്പുകൾ എസ് എം എസ് വഴിയും ഇ മെയിലിലൂടെയും വാഹന ഉടമകളെ അറിയിക്കുമെന്നും കമ്പനി വ്യക്തമാക്കി.

നിലവിലുള്ള വാഹന ഉടമകളെയും ഭാവി ഇടപാടുകാരെയും ലക്ഷ്യമിട്ടാണു കമ്പനി വിപുലമായ മഴക്കാല വാഹന പരിശോധനാ ക്യാംപ് സംഘടിപ്പിക്കുന്നതെന്നു ഫിയറ്റ് ക്രൈസ്​ലർ ഓട്ടമൊബീൽസ് ഇന്ത്യ ഓപ്പറേഷൻസ് പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ കെവിൻ ഫ്ളിൻ അഭിപ്രായപ്പെട്ടു. മഴക്കാലത്ത് കമ്പനി നിർമിച്ച വാഹനങ്ങളുടെയും ഉടമസ്ഥരുടെയും സുരക്ഷിതത്വം ഉറപ്പാക്കാനാണ് ഈ നടപടി. മുമ്പ് നടത്തിയ ക്യാംപുകൾ വൻവിജയമായിരുന്ന സാഹചര്യത്തിലാണു കാലാവസ്ഥ മാറുന്ന ഈ വേളയിൽ ഫിയറ്റ് ക്രൈസ്​ലർ വീണ്ടും വാഹന പരിശോധനയ്ക്ക് ഒരുങ്ങുന്നതെന്നും ഫ്ളിൻ വിശദീകരിച്ചു.