ഫിഗൊയ്ക്ക് 5 വർഷ വാറന്റിയുമായി ഫോഡ്

ഹാച്ച്ബാക്കായ ’ഫിഗൊയ്ക്കു നിർമാതാക്കളായ ഫോഡ് ദീർഘിപ്പിച്ച വാറന്റി പ്രഖ്യാപിച്ചു. ഇതോടെ പുതിയ ’ഫിഗൊ ഉടമകൾക്ക് അഞ്ചു വർഷം അഥവാ ഒരു ലക്ഷം കിലോമീറ്റർ(ഏതാണോ ആദ്യം) പ്രാബല്യമുള്ള വാറന്റി ആനുകൂല്യം ലഭ്യമാവും.

ഇതുവരെ പരമാവധി നാലു വർഷം വരെയാണു ’ഫിഗൊയ്ക്ക് എക്സ്റ്റൻഡഡ് വാറന്റി സൗകര്യം നിലവിലുണ്ടായിരുന്നത്; പുതിയ കാറിനു രണ്ടു വർഷവും തുടർന്നു രണ്ടു വർഷത്തേക്കു ദീർഘിപ്പിച്ച വ്യവസ്ഥയിലുമായിരുന്നു വാറന്റി.

പുതിയ വാഹനങ്ങൾക്കൊപ്പം നിലവിലുള്ള ’ഫിഗൊ ഉടമകൾക്കും ഫോഡ് എക്സ്റ്റൻഡഡ് വാറന്റി സൗകര്യം അനുവദിച്ചിട്ടുണ്ട്. പക്ഷേ പുതിയ കാറിനൊപ്പം ലഭിക്കുന്ന രണ്ടു വർഷ വാറന്റിയുടെ കാലാവധി തീരും മുമ്പ് എക്സ്റ്റൻഡഡ് വാറന്റി സ്വീകരിക്കണമെന്നാണു കമ്പനിയുടെ വ്യവസ്ഥ. ഇതോടെ രണ്ടു വർഷത്തിൽ താഴെ പഴക്കമുള്ള ’ഫിഗൊ ഉടമകൾക്കു മാത്രമാവും എക്സ്റ്റൻഡഡ് വാന്റിയുടെ ആനുകൂല്യം ലഭിക്കുക. കൂടാതെ വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറുന്ന വേളയിൽ എക്സ്റ്റൻഡഡ് വാറന്റിയും കൈമാറാമെന്നും ഫോഡ് വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ’ക്ലാസിക്, ’ഇകോ സ്പോർട്, ’ഫിയസ്റ്റ, ’എൻഡേവർ എന്നിവയ്ക്ക് നിലവിലുള്ള നാലു വർഷക്കാലത്തെ എക്സ്റ്റൻഡഡ് വാറന്റി പദ്ധതി തുടരുമെന്നും കമ്പനി അറിയിച്ചു.

അതിനിടെ അക്ഷയ തൃതീയ പ്രമാണിച്ച് ’ഫിഗൊയ്ക്കൊപ്പം 60,000 രൂപയുടെ ആനുകൂല്യങ്ങളും ഫോഡ് വാഗ്ദാനം ചെയ്യുന്നുണ്ട്. എക്സ്റ്റൻഡഡ് വാറന്റിക്കൊപ്പം സൗജന്യ അക്സസറികളും എക്സ്ചേഞ്ച് ബോണസും രാജ്യവ്യാപക റോഡ് സൈഡ് അസിസ്റ്റൻസും 90 മിനിറ്റ് ക്വിക് സർവീസ് ബേ സൗകര്യവും മൊബൈൽ സർവീസ് വാനുമൊക്കെ ചേരുന്നതാണു ഫോഡിന്റെ ആനുകൂല്യം. എന്നാൽ അക്ഷയ തൃതീയ പ്രമാണിച്ചുള്ള ഓഫർ മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, ഗോവ, മധ്യ പ്രദേശ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിൽ മാത്രമായി ഫോഡ് പരിമിതപ്പെടുത്തിയിട്ടുണ്ട്. കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഫോഡിന്റെ അക്ഷയ തൃതീയ ആനുകൂല്യം ലഭ്യമല്ലെന്നു ചുരുക്കം..