പബ്ലിസിറ്റി നല്ലതും ചീത്തയുമില്ലെന്നു ലംബോർഗ്നി

Lamborghini Hurucan

മോശമെന്ന പ്രതീതി സൃഷ്ടിക്കുന്ന എന്തെങ്കിലും പ്രചരിച്ചാലുടൻ വിശദീകരണവും നിഷേധക്കുറിപ്പുമൊക്കെയായി നഷ്ടപ്പെട്ടെന്നു കരുതുന്ന പ്രതിച്ഛായ വീണ്ടെടുക്കാൻ പരക്കം പായുകയാണ് സാധാരണ കമ്പനികളുടെ പതിവ്. വിവാദത്തിൽ കുടുങ്ങുന്നത് അത്യാഡംബര ബ്രാൻഡുകളാണെങ്കിൽ പിന്നെ പറയാനുമില്ല. എന്നാൽ തീവ്രവാദത്തിൽ നല്ലതും ചീത്തയുമില്ലാത്തതു പോലെ പബ്ലിസിറ്റിക്കും ഇത്തരം വ്യത്യാസമില്ലെന്ന നിലപാടിലാണ് ഇറ്റാലിയൻ ആഡംബര സ്പോർട്സ് കാർ നിർമാതാക്കളായ ഓട്ടമൊബിലി ലംബോർഗ്നി എസ് പി എ. ലഭിക്കുന്ന പ്രചാരം ഏതു വിധത്തിലായാലും കമ്പനിക്കു ഗുണകരമാവുമെന്നു ജർമനിയിലെ ഫോക്സ്‌വാഗൻ ഗ്രൂപ്പിൽപെട്ട ആഡംബര കാർ നിർമാതാക്കളായ ഔഡി എ ജിയുടെ ഉടമസ്ഥതയിലുള്ള ലംബോർഗ്നി കരുതുന്നു.

തിരഞ്ഞെടുപ്പ് ചൂടിലുള്ള ഉത്തർ പ്രദേശിലെ സമാജ്വാദി പാർട്ടി നേതാവ് മുലായം സിങ് യാദവിന്റെ മകനായ പ്രതീക് പുതിയ നീല ലംബോർഗ്നിയുമായി കറങ്ങുന്നത് വാർത്തയായിരുന്നു. യാദവ് കുടുംബത്തിലെ ഇളമുറക്കാരൻ തന്നെയാണു തന്റെ പുത്തൻ കാറിന്റെ ചിത്രങ്ങൾ ‘ബ്ലൂ ബോൾട്ട്’ എന്ന വിശേഷണത്തോടെ നവമാധ്യമങ്ങളിൽ നൽകിയത്. സംസ്ഥാനത്തു തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച പിന്നാലെ മുലായം സിങ് യാദവും മകനും യു പി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവും ചേരിതിരിഞ്ഞതോടെ പാർട്ടി ചിഹ്നമായ സൈക്കിൾ സ്വന്തമാക്കാൻ ഇരുവരും പൊരിഞ്ഞ പോരാട്ടത്തിലായിരുന്നു. ഇതിനിടയിലാണ് അഖിലേഷിന്റെ അർധസഹോദരനായ പ്രതീക് പുത്തൻ ‘ലംബോർഗ്നി ഹുറാകാനു’മായി കളം നിറഞ്ഞത്. സോഷ്യലിസത്തിനായി നിലകൊള്ളുന്ന പാർട്ടിയുടെ നേതാവിന്റെ മകൻ കോടികൾ വിലമതിക്കുന്ന കാറുമായി കറങ്ങുന്നതിനോട് യു പിയിലെ വോട്ടർമാരിൽ ഒരു വിഭാഗം അനുകൂല നിലപാടല്ല സ്വീകരിച്ചതും.

മണിക്കൂറിൽ 325 കിലോമീറ്റർ വരെ വേഗം കൈവരിക്കാൻ കഴിവുള്ള ‘ഹുറാകാനി’ന്റെ മികവാണു പ്രതീക് സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്. 5.2 ലീറ്റർ, 10 സിലിണ്ടർ എൻജിനുമായെത്തുന്ന കാറിനു നിശ്ചലാവസ്ഥയിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലേക്കു കുതിക്കാൻ വെറും 3.2 സെക്കൻഡ് മതിയെന്നാണു ലംബോർഗ്നിയുടെ വാഗ്ദാനം. ഡൽഹി ഷോറൂമിൽ ‘ഹുറാകാൻ’ അടിസ്ഥാന വകഭേദത്തിന് 2.99 കോടി രൂപയാണു വില; മുന്തിയ പതിപ്പായ ‘എൽ പി 610 — 4 അവിയോ’യ്ക്ക് 3.71 കോടി രൂപയും. ചുരുക്കത്തിൽ ‘ഹുറാകാൻ’ നിരത്തിലെത്തുമ്പോഴേക്ക് വില അഞ്ചു കോടി രൂപയ്ക്കടുത്തെത്തും. നേരത്തെ മഹാരാഷ്ട്രയിലെ നിയമസഭാംഗമായ നരേന്ദ്ര മേഹ്ത്ത ഭാര്യ സുമനു ജന്മദിന സമ്മാനമായി നൽകിയ പുത്തൻ ‘ലംബോർഗ്നി’ ഓട്ടോറിക്ഷയിൽ ഇടിച്ചു കയറിയതും വൻവാർത്തയായിരുന്നു.
ഈ പശ്ചാത്തലത്തിലാവണം കമ്പനിയുടെ കാറുകൾ നേടുന്ന നെഗറ്റീവ് പബ്ലിസിറ്റിയിൽ ആശങ്കയില്ലെന്നു ലംബോർഗ്നി ഇന്ത്യ മേധാവി ശരദ് അഗർവാൾ നിലപാടെടുത്തത്.

ഡ്രൈവിങ്ങിനോട് ഏറെ ആഭിമുഖ്യം പുലർത്തുന്ന, വിഭിന്ന പശ്ചാത്തലമുള്ളവരാണു ലംബോർഗ്നി സ്വന്തമാക്കാനെത്തുന്നതെന്ന് അദ്ദേഹം ഓർമിപ്പിച്ചു. സ്വന്തം വ്യക്തിത്വത്തിലെ ഘടകങ്ങൾ കാറിലെ ഇറ്റാലിയൻ പാരമ്പര്യത്തിൽ തിരിച്ചറിയുന്നവരാണ് ലംബോർഗ്നി സ്വന്തമാക്കാൻ മോഹിക്കുന്നത്. ഇതുപോലൊരു കാർ സ്വന്തമാക്കാൻ സമയമായെന്നു തിരിച്ചറിയുമ്പോഴാണ് എല്ലാവരും ലംബോർഗ്നി തേടിയെത്തുക. ജീവിതത്തിൽ നേട്ടങ്ങൾ സ്വന്തമാക്കുകയും അതു വിളംബരം ചെയ്യാൻ മോഹിക്കുകയും ചെയ്യുന്നവരാണ് ഇത്തരം കാറുകൾ വാങ്ങാറുള്ളത്. അതുകൊണ്ടുതന്നെ അനുകൂലമോ പ്രതികൂലമോ ആയ പ്രചാരണങ്ങളെ ലംബോർഗ്നി ഭയക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.