കയറ്റുമതി: ഹ്യുണ്ടേയിയെ അട്ടിമറിച്ച് ഫോഡ് ഒന്നാമത്

Ford Aspire

ഇന്ത്യയിൽ നിന്ന് ഏറ്റവുമധികം വാഹനങ്ങൾ കയറ്റുമതി ചെയ്ത കമ്പനിയെന്ന നേട്ടം ഡിസംബറിൽ യു എസ് നിർമാതാക്കളായ ഫോഡ് സ്വന്തമാക്കി. ഏറെക്കാലമായി കയറ്റുമതിയിൽ മുന്നിട്ടു നിന്ന കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡിനെയാണു ഫോഡ് മോട്ടോർ കമ്പനി പിന്നിലാക്കിയത്. കഴിഞ്ഞ മാസം 17,904 വാഹനങ്ങളാണ് ഫോഡ് ഇന്ത്യ കയറ്റുമതി ചെയ്തത്; 2015 ഡിസംബറിൽ 4,941 യൂണിറ്റ് മാത്രം കയറ്റുമതി ചെയ്ത കമ്പനി കൈവരിച്ച വളർച്ച 262.36% ആണ്. അതേസമയം ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യയുടെ കഴിഞ്ഞ മാസത്തെ കയറ്റുമതിയാവട്ടെ 17,107 യൂണിറ്റിലൊതുങ്ങി. 2015 ഡിസംബറിൽ 22,273 യൂണിറ്റ് കയറ്റി അയച്ച കമ്പനിക്ക് ഈ ഡിസംബറിൽ 23.19% ഇടിവാണു നേരിട്ടത്.

കഴിഞ്ഞ വർഷം മധ്യത്തോടെയാണു ഫോഡ് ഇന്ത്യ യൂറോപ്യൻ വിപണികളിലേക്കുള്ള കയറ്റുമതിക്കു തുടക്കമിട്ടത്. ഇന്ത്യയിൽ ‘ഫിഗൊ’ എന്ന പേരിൽ വിൽക്കുന്ന ഹാച്ച്ബാക്ക് യൂറോപ്പിൽ ‘കാ പ്ലസ്’ ആയാണു കമ്പനി വിപണനം ചെയ്യുന്നത്. ആഗോളതലത്തിൽ അൻപതോളം രാജ്യങ്ങളിലേക്കാണു ഫോഡ് ഇന്ത്യയിൽ നിർമിച്ച കാറുകൾ കയറ്റുമതി ചെയ്യുന്നത്.‘ഫിഗൊ’യ്ക്കു പുറമെ സെഡാൻ രൂപമായ ‘ഫിഗൊ ആസ്പയറി’നും വിദേശത്ത് ആവശ്യക്കാരേറിയതാണ് ഫോഡിന്റെ കയറ്റുമതി കുതിക്കാൻ വഴി തെളിച്ചത്. ഡിസംബറിൽ ‘ഫിഗൊ’യും ‘ആസ്പയറും’ ചേർന്ന് 11,630 യൂണിറ്റിന്റെ കയറ്റുമതിയാണു നേടിയത്; 2015 ഡിസംബറിലെ കയറ്റുമതിയാവട്ടെ വെറും 1,751 യൂണിറ്റായിരുന്നു. ഹ്യുണ്ടേയിക്ക് ‘ഐ 10’, ‘ഗ്രാൻഡ് ഐ 10’, ‘എക്സെന്റ്’, ‘ഗെറ്റ്സ്’ എന്നിവയുടെ കയറ്റുമതി ഇടിഞ്ഞതാണു തിരിച്ചടി സൃഷ്ടിച്ചത്. 2015 ഡിസംബറിൽ ഇവയെല്ലാം ചേർന്ന് 14,678 യൂണിറ്റിന്റെ കയറ്റുമതി നേടിയപ്പോൾ കഴിഞ്ഞ മാസത്തെ പ്രകടനം 11,031 യൂണിറ്റിൽ ഒതുങ്ങി.

യൂട്ടിലിറ്റി വാഹന വിഭാഗത്തിലും ഹ്യുണ്ടേയിയുടെ ‘ക്രേറ്റ’ കയറ്റുമതിയെ ഫോഡിന്റെ ‘ഇകോസ്പോർട്’ അട്ടിമറിച്ചു. ഇന്ത്യയിൽ നിർമിച്ച 6,274 ‘ഇകോസ്പോർട്’ കടൽ കടന്നപ്പോൾ ‘ക്രേറ്റ’ കയറ്റുമതി 4,835 യൂണിറ്റിലൊതുങ്ങി. ഇന്ത്യയ്ക്കു പുറമെ വിദേശ വിപണികൾക്കു വേണ്ടിയുള്ള വാഹനങ്ങളും ഇന്ത്യയിൽ നിർമിക്കാൻ കഴിയുന്നതിൽ കമ്പനിക്ക് അഭിമാനമുണ്ടെന്ന് ഫോഡ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ (മാർക്കറ്റിങ്, സെയിൽസ് ആൻഡ് സർവീസ്) അനുരാഗ് മെഹ്രോത്ര പ്രതികരിച്ചു. ഇന്ത്യയെ നിർമാണ മികവിന്റെ കേന്ദ്രമായി നിലനിർത്താൻ ഫോഡ് ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.