അസ്പയർ വീണ്ടും

ford-aspire
SHARE

നാലു മീറ്ററിൽ താഴെ നീളമുള്ള സെഡാൻ കാറിൽ വലിയ കാറിനൊത്ത െെഡ്രവിങ് മികവ് കൊണ്ടുവരിക നിസ്സാര സംഗതിയല്ല. ലോകത്തൊട്ടാകെ എൻജിനിയർമാരെ വലയ്ക്കുന്ന പ്രശ്നം. കുറഞ്ഞ വീൽ ബേസും മൊത്തത്തിലുള്ള വലുപ്പക്കുറവും വാഹനത്തിന്റെ യാത്രാസുഖത്തെയും െെഡ്രവിങിനെയും പ്രതികൂലമായി ബാധിക്കും. ഹാച്ച്ബാക്കിൽ ലഭിക്കുന്നതിലും മികവ് ഇക്കാര്യങ്ങളിൽ പലപ്പോഴും ചെറു സെഡാനുകൾക്ക് നൽകാനാവുന്നില്ല. ഫോഡ് അസ്​പയർ ഈ തത്വത്തെ തിരുത്തിക്കുറിക്കുന്നു. വലിയൊരു സെഡാൻ െെഡ്രവ് ചെയ്യുന്ന പ്രതീതിയാണ് പുതിയ അസ്​പയർ.

ford-aspire-1
New Aspire

∙ ചെറുസെഡാൻ: കോംപാക്ട് സെഡാൻ പുതുമയൊന്നുമല്ല. ടാറ്റയാണ് ഈ രംഗത്തെ തുടക്കക്കാർ. ഇൻഡിഗോ സി എസ്. ടാറ്റയുടെ തന്നെ സെസ്റ്റും ടിഗോറും കോംപാക്ട് സെഡാൻ തന്നെ. മാരുതി സുസുക്കി ഡിസയർ, ഹോണ്ട അമേയ്സ്, ഹ്യുണ്ടേയ് അക്സൻറ് എന്നിവയാണ് വിപണിയിലിന്നുള്ള മറ്റു ചെറു സെഡാനുകൾ.

∙ എന്തിനു ചെറുപ്പം? ഹാച്ച്ബാക്കിൽ നിന്നു സെഡാനിലേക്കുള്ള സ്ഥാനക്കയറ്റമായാണു പൊതുവെ കോംപാക്ട് സെഡാനെന്നു വിശേഷിപ്പിക്കുന്ന ഇത്തരം കാറുകൾ കരുതപ്പെടുന്നത്. നാലു മീറ്ററിൽത്താഴെ നിൽക്കുമ്പോൾ ലഭിക്കുന്ന എക്സൈസ് തീരുവ ആനുകൂല്യം കുറഞ്ഞ വിലയായി ഉപഭോക്താവിലെത്തും. വലിയൊരു സെഡാനുമായി ഏതാണ്ടെല്ലാക്കാര്യങ്ങളിലും പിടിച്ചു നിൽക്കും. ഏക ന്യൂനത ഡിക്കിയിൽ തെല്ലു സ്ഥലം കുറവാണെന്നതു മാത്രം. എന്നാൽ ഒരു ചെറുകുടുംബത്തിൻറെ ഏതു പ്രായോഗിക ആവശ്യങ്ങൾക്കും ഇത്ര ഡിക്കി മതി.

ford-aspire
New Aspire

∙ ഡിക്കി വേണം: ഹാച്ച്ബാക്കിെൻറ വിലയ്ക്ക് തെല്ലു ജാഡയുള്ള ഒരു സെഡാനാവാം എന്നു ചിന്തിക്കുന്നവർക്കു വേണ്ടിയാണ് ചെറുസെഡാനുകൾ. ഇതിൽ നല്ലൊരു പങ്കും വാങ്ങുന്നത് നല്ല വരുമാനവും മികച്ച ജീവിതശൈലിയുമുള്ള പുതുതലമുറ ചെറുപ്പക്കാർ. വലിയൊരു സെഡാൻ കൈകാര്യം ചെയ്യാനുള്ള ബുദ്ധിമുട്ടുകൊണ്ടു ചെറിയ കാർ തേടുന്ന മുതിർന്ന തലമുറയുമുണ്ടാവും. പൊതുവെ തെല്ലു വലുപ്പക്കുറവിൽ ആഡംബരം തേടുന്ന ഏവർക്കും അസ്പയറിലേക്കു സ്വാഗതം.

ford-aspire-4
New Aspire

∙ പുതിയ അസ്പയർ: മൂന്നു കൊല്ലമായി വിപണിയിലുള്ള കാറാണ് അസ്പയർ. ഫോഡിന്റെ പ്രഥമ ചെറു സെഡാൻ. അസ്പയർ ആഗോള പുറത്തിറക്കൽ നടന്നത് ഇന്ത്യയിലാണ്. വികസിപ്പിച്ചതും പൂർണമായും ഇന്ത്യയിലെ ഉപഭോക്താക്കളെ മനസ്സിൽക്കണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യയ്ക്ക് ഇണങ്ങുന്ന ഏറ്റവും മികച്ച ചെറു സെഡാനാണ് അസ്പയർ. മൂന്നു കൊല്ലം വാഹനവിപണിയിൽ വരുത്തിയ മാറ്റങ്ങളും വരുന്ന ഏതാനും കൊല്ലങ്ങളിലേക്കുള്ള പരിഷ്കാരങ്ങളുമാണ് പുതിയ അസ്പയർ.

∙ മാറ്റങ്ങൾ: ഫോഡിന്റെ ഏറ്റവും പുതിയ രൂപകൽപനാ രീതിയായ കൈനറ്റിക് ഡിസൈനാണ് അസ്പയറിന്. പുതിയ മോഡലിലും അതു തുടരുന്നു. മസരട്ടിയെ അനുസ്മിരിപ്പിക്കുന്ന ഗ്രിൽ തന്നെ ഹൈലൈറ്റ്. ഇപ്പോൾ ഇത് പ്രീമിയം സെല്ലുലാർ രൂപകൽപനയിലെത്തി. പുതിയ 15 ഇഞ്ച് അലോയ്സ്. റെയിൻ സെൻസിങ് െെവപ്പറുകൾ. ഒാട്ടമാറ്റിക് ഹെഡ്​ലാംപ്.

ford-aspire-2
New Aspire

∙ ഉള്ളിലാണ് മാറ്റം: ആഡംബര കാറുകൾക്കൊത്ത ബെയ്ജ്, കറുപ്പ് ഫിനിഷ്. ധാരാളം സ്റ്റോറേജ്. 6.5 ഇഞ്ച് ടച്ച് സ്ക്രീൻ. സ്വിച്ചിട്ടു മടക്കാവുന്ന വിങ് മിറർ. ഓട്ടമാറ്റിക് എ സി. തുകൽ സീറ്റ്. സ്പോർട്ടി സ്റ്റീയറിങ്. വലിയ ഡയലുകൾ. കീലെസ് എൻട്രി. പുഷ് ബട്ടൻ സ്റ്റാർട്ട്. ചന്തത്തിനും സൗകര്യത്തിനും ആഡംബരത്തിനും തെല്ലും കുറവൊന്നുമില്ല.

∙ സുരക്ഷ മുഖ്യം: ഈ വിഭാഗത്തിൽ ആദ്യമായി ആറ് എയർബാഗ്. ഇരട്ടി ഉറപ്പുള്ള സ്റ്റീൽ കേജ് അപകടത്തിൽ യാത്രക്കാർക്കു സുരക്ഷാവേലിയാകും. ഇ ബി ഡിയുള്ള എ ബി എസ് ബ്രേക്ക്. കയറ്റത്തിൽ പിന്നിലേക്ക് ഉരുളാതിരിക്കാൻ ഹിൽ ലോഞ്ച് അസിസ്റ്റ്. വലിയ കാറുകളുടെ മാത്രം കുത്തകയായ ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം.

ford-aspire-3
New Aspire

∙ എൻജിനുകൾ: 1.2, 1.5 പെട്രോൾ. 1.5 ഡീസൽ. പുതിയ 1.2 പെട്രോളിന് 88 പി എസ്. 1.5 ന് 112. ഡീസലിന് 100 പി എസ്. 1.5 പെട്രോൾ മോഡലിന് ഓട്ടമാറ്റിക് ട്രാൻസ്മിഷൻ. മറ്റുള്ളവയൊക്കെ അഞ്ചു സ്പീഡ്.

∙ ഡ്രൈവിങ്: ഡീസൽ മോഡലാണ് ഡ്രൈവ് ചെയ്തത്. 215 എൻ എം ടോർക്ക് 1750 ആർ പി എമ്മിലെടുക്കുന്ന എൻജിനുണ്ടായ മുഖ്യമാറ്റം മികച്ച ഡ്രൈവബിലിറ്റി. കൂടുതൽ സ്മൂത്തായി, ശബ്ദം കുറഞ്ഞു. ഗിയർ റേഷ്യോകൾ മെച്ചപ്പെട്ടു. നല്ല സീറ്റിങ് പൊസിഷൻ. പൊതുവെ മികച്ച ഡ്രൈവിങ് തരുന്ന ഫോഡുകളിലൊന്നായി അസ്പയർ. ഇന്ധനക്ഷമത. ലീറ്ററിന് 26 കി മി വരെ.

ford-aspire-5
New Aspire

∙ വില: പെട്രോളിന് 5.5 ലക്ഷത്തിലും ഡീസലിന് 6.45 ലക്ഷത്തിലും ആരംഭിക്കുന്നു. എറ്റവും കൂടിയ ഡീസലിന് 8.14 ലക്ഷവും പെട്രോളിന് 7.24 ലക്ഷവുമാണ് എക്സ് ഷോറൂം വില. പെട്രോൾ ഒാട്ടമാറ്റിക്കിന് 8.49 ലക്ഷം. അഞ്ചു കൊല്ലം അല്ലെങ്കിൽ ഒരു ലക്ഷം കിലോമീറ്റർ വരെ വാറൻറി. സ്പെയർ പാർട്സിനും സർവീസിങ്ങിനും വില കുറച്ചു.

∙ ടെസ്റ്റ്ഡ്രൈവ്: കൈരളി ഫോഡ്, 9961044444

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CARS
SHOW MORE
FROM ONMANORAMA