ഫോഡ് ഫിഗോ, അസ്പയർ കാറുകളുടെ വിൽപ്പന നിർത്തി

അമേരിക്കൻ വാഹന നിർമാതാക്കളായ ഫോഡ് തങ്ങളുടെ ഹാച്ച് ബാക്കായ ഫിഗോയുടേയും കോംപാക്റ്റ് സെഡാനായ ഫിഗോ അസ്പയറിന്റേയും വിൽപ്പന താൽക്കാലികമായി നിർത്തി. ഇരു മോഡലുകളുടേയും റീസ്ട്രെയിന്റ് കൺട്രോൾ മൊഡ്യൂളിൽ തകരാർ കണ്ടെത്തിയതിനെ തുടർന്നാണു കമ്പനി ഈ മോഡലുകളുടെ വിൽപ്പന അടിയന്തിരമായി നിർത്തിവെച്ചത്.

അപകടമുണ്ടാകുന്ന സമയങ്ങളിൽ എയർബാഗുകൾ പ്രവർത്തിക്കുന്നതിനായാണ് റീസ്ട്രെയിന്റ് കൺട്രോൾ മൊഡ്യൂള്‍ ഉപയോഗിക്കുന്നത്. റീസ്ട്രെയിന്റ് കൺ‌ട്രോൾ മൊഡ്യൂളിലുണ്ടാകുന്ന തകരാറുകൾ എയർബാഗിന്റെ പ്രവർത്തനത്തെ ബാധിക്കുന്നു. ഇത് വാഹനത്തിന്റെ സുരക്ഷ കുറയ്ക്കുന്നുവെന്നും കണ്ടെത്തിയതു കൊണ്ടാണ് തകരാർ പരിഹരിക്കുന്നതുവരെ വിൽപ്പന നിർത്തിവയ്ക്കാൻ നിർദ്ദേശം നൽകിയത് എന്നാണ് കമ്പനിയോടടുത്ത വൃത്തങ്ങളിൽ നിന്നു ലഭിക്കുന്ന അനൗദ്യോഗിക വിവരങ്ങൾ.

കഴിഞ്ഞ വർഷം അവസാനം പുറത്തിറങ്ങിയ ഫോർഡ് അസ്പയർ, ഫിഗോ ഹാച്ച്ബാക്ക് എന്നിവയുടെ നിലവിലുള്ള മോഡലുകൾക്ക് തകരാറുണ്ടെന്നോ, തിരിച്ചുവിളി ആവശ്യമായി വരുമെന്നോ കമ്പനി ഇതുവരെ അറിയിച്ചിട്ടില്ല. അടുത്ത ആഴ്ച്ചയോടുകൂടെ വിൽപ്പന പുനരാരംഭിക്കാൻ സാധിച്ചേക്കും എന്നാണു കമ്പനി വിതരണക്കാർക്ക് അയച്ച കത്തിൽ പറയുന്നത്.