3.90 ലക്ഷം കാർ ഫോഡ് തിരിച്ചുവിളിക്കുന്നു

ഓട്ടത്തിനിടെ വാതിൽ തുറന്നു പോകാനുള്ള സാധ്യത പരിഗണിച്ചു യു എസ് നിർമാതാക്കളായ ഫോഡ് 3.90 ലക്ഷം കാറുകൾ തിരിച്ചുവിളിക്കുന്നു. വാതിൽ ശരിയായി അടയാത്തതാണ് അപകടഭീഷണി സൃഷ്ടിക്കുന്നതെന്നാണു കമ്പനിയുടെ കണ്ടെത്തൽ.

‘ഫിയസ്റ്റ’, ‘ഫ്യൂഷൻ’, ‘ലിങ്കൺ എം കെ സെഡ്’ തുടങ്ങി 2012 — 2014 കാലത്തു നിർമിച്ച നാലു ലക്ഷത്തോളം കാറുകൾക്കാണു പരിശോധന ആവശ്യമായി വരിക.ഡോർ ലാച് സ്പ്രിങ് അസംബ്ലിയിലെ ഭാഗം അടർന്ന് ലാച്ചിന്റെ പ്രവർത്തനം തകരാറിലാവുന്നതാണു പ്രശ്നമെന്നു ഫോഡ് കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ഓട്ടത്തിനിടയിൽ വാതിൽ തുറന്ന് അപകടം സംഭവിക്കാൻ സാധ്യതയുണ്ട്.

തകരാറിലായ വാതിൽ വന്നിടിച്ച് രണ്ടു പേരുടെ തോളിനു പരുക്കേറ്റതായി ഫോഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ മറ്റൊരു അപകടത്തിൽ തുറന്നു പോയ വാതിൽ പാർക്കിങ്ങിൽ കിടന്ന കാറിലും ഇടിച്ചിരുന്നു. തകരാർ സംശയിക്കുന്ന കാറുകളുടെ നാലു വാതിലും ഡീലർഷിപ്പുകളിൽ സൗജന്യമായി അറ്റകുറ്റപ്പണി നടത്തി നൽകുമെന്നാണു ഫോഡിന്റെ വാഗ്ദാനം.