ഫോഡിന്റെ സാനന്ദ് കാർ നിർമാണശാല തുറന്നു

യു എസ് നിർമാതാക്കളായ ഫോഡിൽ നിന്നുള്ള പുതിയ കോംപാക്ട് സെഡാനായ ‘അസ്പയർ’ ഈ വർഷത്തിന്റെ രണ്ടാം പകുതിയിൽ അരങ്ങേറ്റം കുറിക്കും. എക്സൈസ് ഡ്യൂട്ടി ഇളവ് ലക്ഷ്യമിട്ട് നാലു മീറ്ററിൽ താഴെ നീളത്തോടെ എത്തുന്ന കാറിന്റെ നിർമാണം ഗുജറാത്തിലെ സാനന്ദിൽ തുറന്ന പുതിയ ശാലയിലാവും നടക്കുക. ‘അസ്പയറി’നു പുറമെ അടുത്ത 12 മാസത്തിനിടെ മൂന്നു പുതിയ മോഡലുകൾ കൂടി അവതരിപ്പിക്കാനും ഫോഡിനു പദ്ധതിയുണ്ട്.

ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദി ബെൻ പട്ടേലാണു ഫോഡിന്റെ രാജ്യത്തെ രണ്ടാം നിർമാണശാലയുടെ ഉദ്ഘാടനം നിർവഹിച്ചത്. വാഹന നിർമാതാക്കളിൽ നിന്നുള്ള വൻനിക്ഷേപത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സാനന്ദ്, ഹൻസാൽപൂർ, വിത്തൽപൂർ മേഖല ‘ഇന്ത്യയിലെ ഡെട്രോയിറ്റ്’ ആയി മാറുകയാണെന്ന് അവർ അവകാശപ്പെട്ടു.

ഈ ഭാഗത്ത് 15,000 കോടി രൂപ മുതൽമുടക്കിലാണു വിവിധ കമ്പനികൾ വാഹന നിർമാണശാലകൾ സ്ഥാപിക്കുന്നത്; മൂന്നു നാലു വർഷത്തിനുള്ളിൽ 12.50 ലക്ഷം യാത്രാവാഹനങ്ങളും 30 ലക്ഷം ഇരുചക്രവാഹനങ്ങളും നിർമിക്കാനുള്ള ശേഷിയാണ് ഈ മേഖല കൈവരിക്കുകയെന്നും പട്ടേൽ വിശദീകരിച്ചു. 2017 — 18 കഴിയുമ്പോൾ മാരുതിയും ഹോണ്ടയും പോലുള്ള കമ്പനികൾ 15,000 കോടി രൂപ കൂടി നിക്ഷേപിക്കാൻ സാധ്യതയുണ്ടെന്നും അവർ അഭിപ്രായപ്പെട്ടു. ഇതോടെ അടുത്ത ആറു മുതൽ എട്ടു വരെ വർഷത്തിനകം ഈ മേഖലയുടെ ഉൽപ്പാദനശേഷി 22 ലക്ഷം യാത്രാവാഹനങ്ങളായി ഉയരുമെന്നും പട്ടേൽ പ്രതീക്ഷ പ്രകടിപ്പിച്ചു. സാനന്ദ് ശാല പ്രവർത്തനക്ഷമമായതോടെ ഫോഡിന്റെ ഇന്ത്യയിലെ വാർഷിക ഉൽപ്പാദനശേഷി 4.40 ലക്ഷം യൂണിറ്റിലെത്തിയെന്നു ഫോഡ് മോട്ടോർ കമ്പനി പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ മാർക് ഫീൽഡ്സ് വെളിപ്പെടുത്തി; നിലവിലുള്ള ശേഷിയുടെ ഇരട്ടിയാണിത്. ചെന്നൈയ്ക്കടുത്ത് മാരൈമലൈനഗറിലുള്ള ശാലയ്ക്കൊപ്പം സാനന്ദ് കൂടി പ്രവർത്തനം തുടങ്ങിയതോടെ ഇന്ത്യയിൽ നിന്നുള്ള കാർ കയറ്റുമതി 300% വർധിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ചെറുകാർ വിപണി നിർണായക വിഭാഗമാണെന്നു സാനന്ദിലെ പുതിയ ശാലയുടെ ഉദ്ഘാടനത്തിനെത്തിയ ഫോഡ് ഇന്ത്യ പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ നീജൽ ഹാരിസ് അഭിപ്രായപ്പെട്ടു. എസ് യു വികളാവട്ടെ ഉടമകളുടെ മോഹസാഫല്യവും ആഗ്രഹപൂർത്തീകരണവുമാണു സാധ്യമാക്കുകയാണു ചെയ്യുന്നത്. അതുകൊണ്ടുതന്നെ വരും മാസങ്ങളിൽ ഫോഡിൽ നിന്നു കൂടുതൽ ചെറുകാറുകളും എസ് യു വികളും പ്രതീക്ഷിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

എൻട്രി ലവൽ സെഡാനായ ‘അസ്പയർ’ വരും മാസങ്ങളിൽ നിരത്തിലെത്തുമെന്നു ഫോഡ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ (മാർക്കറ്റിങ്, സെയിൽസ് ആൻഡ് സർവീസ്) അനുരാഗ് മെഹ്രോത്ര വ്യക്തമാക്കി. എന്നാൽ കാറിന്റെ വിലയോ മറ്റു വിശദാംശങ്ങളോ അദ്ദേഹം വെളിപ്പെടുത്തിയില്ല.

സാനന്ദിൽ 6,200 കോടിയോളം രൂപ ചെലവിലാണു ഫോഡ് പുതിയ നിർമാണശാല സ്ഥാപിച്ചത്. 437 റോബോട്ടുകളുടെ സാന്നിധ്യമുള്ള ബോഡി ഷോപ്പിന്റെ 95% പ്രവർത്തനവും യന്ത്രവൽകൃതമാണ്. 460 ഏക്കർ വിസ്തൃതിയിൽ സ്ഥിതി ചെയ്യുന്ന ശാലയിൽ പ്രതിവർഷം 2.40 ലക്ഷം വാഹനങ്ങളും 2.70 ലക്ഷം എൻജിനുകളും നിർമിക്കാൻ ശേഷിയുണ്ട്. 2,500 പേർക്കാണു ശാലയിൽ നേരിട്ടു തൊഴിൽ ലഭിക്കുക. കൂടാതെ സാനന്ദ് ശാലയ്ക്കൊപ്പമുള്ള വെണ്ടർ പാർക്കിൽ 19 അനുബന്ധഘടക നിർമാതാക്കളും ഫാക്ടറി തുറന്നിട്ടുണ്ട്.

VIEW FULL TECH SPECS