പുണെ ശാല: അനുമതികളായെന്നു ചൈനയിലെ ഫോട്ടോൻ

Foton

ഇന്ത്യയിൽ പുതിയ വാഹന നിർമാണശാല സ്ഥാപിക്കാൻ പാരിസ്ഥിതിക അനുമതിയടക്കമുള്ള ലൈസൻസുകൾ ലഭിച്ചെന്നു ചൈനയിലെ ഏറ്റവും വലിയ ട്രക്ക് നിർമാതാക്കളായ ഫോട്ടോൻ. പുണെയിൽ 1,676 കോടി രൂപ ചെലവിലാണു ഫോട്ടോൻ വാഹന നിർമാണശാല സ്ഥാപിക്കുന്നത്. തീർഥാടന കേന്ദ്രത്തിനു സമീപത്തെ ഭൂമിയിൽ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കത്തെ തദ്ദേശവാസികൾ എതിർത്തെന്ന വാർത്തകൾ നിഷേധിച്ചു കൊണ്ടാണു ഫോട്ടോന്റെ വിശദീകരണം. ശാലയ്ക്കായി മഹാരാഷ്ട്ര സർക്കാർ കൈമാറിയ ഭൂമിയിൽ കമ്പനി പ്രശ്നങ്ങളൊന്നും നേരിടുന്നില്ലെന്നു ഫോട്ടോൻ മോട്ടോഴ്സ് മാനുഫാക്ചറിങ് ഇന്ത്യ ചെയർമാനും ചീഫ് ഫിനാൻഷ്യൽ ഓഫിസറുമായ എഡ്വാർഡ് സു വ്യക്തമാക്കി. ശാല നിർമാണത്തിനു പാരിസ്ഥിതിക അനുമതിയടക്കമുള്ള അനുവാദങ്ങൾ ലഭിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.

സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)ങ്ങളും വാനുകളും ട്രക്കുകളും നിർമിക്കാനുള്ള ശാലയ്ക്കായി പുണെയ്ക്കടുത്ത് ചക്കനിൽ 250 കോടി രൂപ ചെലവിലാണു കമ്പനി 250 ഏക്കർ സ്ഥലം സ്വന്തമാക്കിയത്. അടുത്ത മാസമോ മാർച്ചിലോ ശാല നിർമാണം തുടങ്ങാനാവുമെന്നാണു സുവിന്റെ പ്രതീക്ഷ; നിർമാണം തുടങ്ങി ഒരു വർഷത്തിനകം ശാല പ്രവർത്തനജ്ജമാവുമെന്നും അദ്ദേഹം വെളിപ്പെടുത്തി. ഹ്രസ്വകാലാടിസ്ഥാനത്തിൽ ഇന്ത്യൻ ഇടത്തരം, ഭാര വാഹന വിപണിയിൽ 10% വിഹിതമാണു കമ്പനി ലക്ഷ്യമിടുന്നത്. പദ്ധതി പ്രദേശത്തിനു സമീപത്തെ കുന്നിൻമുകളിൽ ക്ഷേത്രവും തീർഥാടനകേന്ദ്രവുമുണ്ടെന്നു സു അംഗീകരിച്ചു. ഈ ക്ഷേത്രം സന്ദർശിച്ചു പ്രാർഥന നടത്തിയിരുന്നെന്നും അദ്ദേഹം സ്ഥിരീകരിച്ചു. തീർഥാടകരുടെ സൗകര്യാർഥം പദ്ധതി പ്രദേശത്തുകൂടി അടിപ്പാത നിർമിച്ചു നൽകാനുള്ള സന്നദ്ധതയും അദ്ദേഹം വെളിപ്പെടുത്തി.

വികസനഘട്ടത്തിൽ ചൈനയും സമാനസാഹചര്യം അഭിമുഖീകരിച്ചിട്ടുള്ളതിനാൽ ഭൂമിയോടും പരിസ്ഥിതിയോടുമൊക്കെ തദ്ദേശവാസികൾക്കുള്ള ആത്മബന്ധം കമ്പനിക്കു മനസ്സിലാവുമെന്നും അദ്ദേഹം അവകാശപ്പെട്ടു. അതേസമയം, വികസനത്തിന്റെ ഗുണം ആത്യന്തികമായി പ്രദേശവാസികൾക്കാണു ലഭിക്കുകയെന്നും സൂ ഓർമിപ്പിച്ചു. അതേസമയം, ചൈനീസ് വാസ്തുവിദ്യയായ ‘ഫെങ്ഷു’ ആധാരമാക്കിയാണു ഫോട്ടോൻ ഈ സ്ഥലം തിരഞ്ഞെടുത്തതെന്ന ആരോപണം അദ്ദേഹം തള്ളി. പ്ലാന്റിനായി മഹാരാഷ്ട്ര സർക്കാർ ഈ സ്ഥലം മാത്രമാണു വാഗ്ദാനം ചെയ്തതെന്നാണു സുവിന്റെ നിലപാട്. അതേസമയം, പദ്ധതി പ്രദേശത്തു കുന്നും നദിയുമൊക്കെയുള്ളത് ‘ഫെങ്ഷു’ പ്രകാരം ശുഭകരമാണെന്ന് അദ്ദേഹം അംഗീകരിച്ചു. പുതിയ ശാലയിൽ ആയിരത്തോളം തൊഴിലവസരങ്ങളാണു കമ്പനി പ്രതീക്ഷിക്കുന്നത്; ഇതിൽ 70% ഇന്ത്യയിൽ നിന്നുള്ളവരാകുമെന്നും സു അറിയിച്ചു. ശാലയിൽ അനിവാര്യ തസ്തികകളിൽ മാത്രമാവും ചൈനയിൽ നിന്നുള്ളവരെ നിയോഗിക്കുകയെന്നും അദ്ദേഹം വിശദീകരിച്ചു.