കാത്തിരിക്കാൻ 4 വാഹനങ്ങൾ

ഇന്ത്യയിലെ വാഹനവിപണിയിൽ ചലനങ്ങളുണ്ടാക്കുന്ന നാലു വാഹനങ്ങളിതാ. വിപണി വളരുന്നതിനൊപ്പം പുതിയ ഹനങ്ങളെത്തിക്കാനുള്ള ശ്രമത്തിൽ ടൊയോട്ടയും സുസുക്കിയും ടാറ്റയുമൊക്കെയുണ്ട്. ഈ നിർമാതാക്കളുടെ ഇത്ര നാളത്തെ അനുഭവപാഠമായാണ് ഈ വാഹനങ്ങളൊക്കെ വരിക.

∙ ടൊയോട്ട വിയോസ്: എറ്റിയോസിനു തൊട്ടു മുകളിൽ സിറ്റി,വെർന, സണ്ണി, വെൻറോ, സിയാസ്, റാപിഡ് തുടങ്ങിയ കാറുകളുടെ വിപണിയിലേക്ക് വിയോസ്. ഇന്തൊനീഷ, തായ്‌ലൻഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ വിപണികളിലുള്ള വിയോസ് സെഡാനാണ് ഇന്ത്യയിലെത്തുക. അടുത്ത കാല്ലെം പ്രതീക്ഷിക്കുന്ന വിയോസിന് 1.6 ലീറ്റർ പെട്രോൾ, ഡീസൽ എൻജിനുകളുണ്ടാവും.

∙ ടൊയോട്ട റഷ് : കോംപാക്റ്റ് എസ് യു വി വിഭാഗത്തിൽ ശ്രദ്ധേയ സാന്നിധ്യമറിയിക്കാൻ ടൊയോട്ടയും. ഇന്ത്യയിലെ വിപണി വിഹിതം വർധിപ്പിക്കുന്നതിന്റെ ഭാഗമായി കോംപാക്റ്റ് എസ് യു വി റഷ് 2018 ൽ ഇറങ്ങും. എന്നാൽ ടൊയോട്ട ഇതുവരെ വാർത്തകളോട് പ്രതികരിച്ചിട്ടില്ല. വലുപ്പമുള്ള കോംപാക്റ്റ് എസ് യു വിയാണ് റഷ്. പെട്രോൾ, ഡീസൽ വകഭേദങ്ങളുണ്ടാകും. ജപ്പാൻ, മലേഷ്യ, ഇന്തൊനീഷ വിപണികളിൽ ബഡ്ജെറ്റ് ബ്രാൻഡായ ദയ്ഹാറ്റ്സുവിന്റെ ലേബലിലാണു റഷ് പുറത്തിറങ്ങുന്നത്. 1997 ൽ വിപണിയിലെത്തിയ വാഹനത്തിന്റെ രണ്ടു തലമുറകൾ ഇതുവരെ പുറത്തിറങ്ങിയിട്ടുണ്ട്. നാലു മീറ്ററിൽ താഴെയായിരിക്കില്ല വാഹനത്തിന്റെ വലുപ്പം. ഏഴുപേർക്ക് യാത്ര ചെയ്യാം. 8 ലക്ഷം മുതലായിരിക്കും വില എന്നുപ്രതീക്ഷിക്കുന്നു. നിലവിൽ മലേഷ്യയിലുള്ള റഷിന് 1.4 ലിറ്റർ ഡീസൽ എൻജിനും 1.5 ലിറ്റർ പെട്രോൾ എൻജിനുമാണുള്ളത്.

∙ സുസുക്കി ജിംനി: സുസുക്കിക്ക് രാജ്യാന്തര വിപണിയിലുള്ള ചെറു എസ് യുവിയാണ് ജിംനി. 1970 മുതൽ ജപ്പാനിലുള്ള ജിംനിയുടെ രണ്ടാം തലമുറയുടെ പരിഷ്കരിച്ച രൂപമാണ് ഇന്ത്യയിലെ ജിപ്സി. ഓൺറോഡും ഓഫ്റോഡും ഒരുപോലെ ഇണങ്ങുന്ന ജിംനി ഇന്ത്യയിലെ സബ് കോംപാക്റ്റ് എസ് യു വി വിഭാഗത്തിലേക്ക് അങ്കത്തിനെത്തുന്നു. സുസുക്കിയുടെ മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി രാജ്യാന്തര വിപണിക്കായി ഇന്ത്യയിലായിരിക്കും വാഹനം നിർമിക്കുക. ബലേനൊയും മാരുതി ഉടൻ പുറത്തിറക്കുന്ന ചെറു എസ് യു വി ഇഗ്നിസും നിർമിക്കുന്ന അതേ പ്ലാറ്റ്ഫോമിൽ നിർമിക്കുന്ന ജിംനിയുടെ നിർമാണം മാരുതിയുടെ ഗുജറാത്ത് നിർമാണ ശാലയിൽ 2017 ൽ ആരംഭിക്കും. ലൈറ്റ് ജീപ്പ് മോഡൽ എന്ന പേരിൽ 1970 ലാണ് ജപ്പാനീസ് വിപണിയിൽ ജിംനി എത്തിയത്. 1981 ൽ രണ്ടാം തലമുറയും 1998 ൽ മൂന്നാം തലമുറയും പുറത്തിറങ്ങി. 1998 മുതൽ കാര്യമായ മാറ്റങ്ങളില്ലാതെ വിപണിയിൽ തുടരുന്ന ജിംനിയുടെ നാലാം തലമുറ അടിമുടി മാറ്റങ്ങളുമായായിരിക്കും പുറത്തിറങ്ങുക. തുടക്കത്തിൽ 1 ലീറ്റർ ബൂസ്റ്റർജെറ്റ്, 1.4 ലീറ്റർ ബൂസ്റ്റർജെറ്റ് എന്നീ എൻജിനുകളുമായാണ് ജിംനി എത്തുക.

∙ ടാറ്റ ഹെക്സ: ടിയാഗോയിലൂടെ വിപണിയിൽ നേടിയ വിജയം ആവർത്തിക്കാൻ ടാറ്റ പുതിയ ക്രോസ് ഓവറുമായി എത്തുന്നു. ഹെക്സ ഒക്ടോബർ അവസാനം വിപണിയിലെത്തും. ആര്യയുടെ പ്ലാറ്റ്ഫോമിലാണ് ഹെക്സയുടേയും നിർമാണം. വലിയ ടാറ്റ ഗ്രില്ലും എയർ ഡാമും ബ്രഷ്ഡ് അലൂമിനിയം സ്ട്രൈപ്പുകളും പരമ്പരാഗത ടാറ്റ മുഖത്തിൽ നിന്നു മാറ്റം നൽകുന്നു. പ്രൊജക്ടർ ഹെഡ്‌ലാംപുകൾ. ഡേ ടൈം റണ്ണിങ് ലാംപ്സ്. വീൽ ആർച്ചുകൾ മുതൽ വലിയ ബോഡി ക്ലാഡിങ് വരെ ഉണ്ട്. ആറു സീറ്റുകളാണ്. വാരികോർ 2.2 ലീറ്റർ ഡീസൽ എൻജിനാണ് കരുത്ത്. 4000 ആർ പി എമ്മിൽ 154 ബി എച്ച് പി കരുത്ത്.