ഫ്രാങ്ക് സ്ക്ലോഡർ ബി എം ഡബ്ല്യു ഇന്ത്യ ആക്ടിങ് പ്രസിഡന്റ്

ജർമൻ ആഡംബര കാർ നിർമാതാക്കളായ ബി എം ഡബ്ല്യുവിന്റെ ഇന്ത്യയിലെ പ്രവർത്തനങ്ങളുടെ താൽക്കാലിക നേതൃത്വം ഫ്രാങ്ക് സ്ക്ലോഡർക്ക്. ബി എം ഡബ്ല്യു ഗ്രൂപ് ഇന്ത്യ പ്രസിഡന്റായി ഫിലിപ് വോൺ സാറിന്റെ പിൻഗാമിയായിട്ടാണു മേയ് ഒന്നു മുതൽ പ്രാബല്യത്തോടെ സ്ക്ലോഡർ ആക്ടിങ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നത്. നിലവിൽ ബി എം ഡബ്ല്യു ഇന്ത്യ മാർക്കറ്റിങ് വിഭാഗം ഡയറക്ടറാണു സ്ക്ലോഡർ(41). കടുത്ത മത്സരം നേരിടുന്ന ഇന്ത്യൻ ആഡംബര കാർ വിപണിയിൽ ബി എം ഡബ്ല്യു ഗ്രൂപ് ഇന്ത്യയ്ക്ക് പിടിച്ചു നിൽക്കാനും പൊരുതി നേടാനുമുള്ള സാഹചര്യം സൃഷ്ടിച്ച ശേഷമാണ് ഫിലിപ് വോൺ സാർ മടങ്ങുന്നത്. ജർമനിയിലെ ബർലിനിൽ ബി എം ഡബ്ല്യു നീഡർലസങ് മേധാവിയായിട്ടാണ് അദ്ദേഹത്തിന്റെ അടുത്ത നിയമനം.

ജർമനിയിലെ മുൺസ്റ്റർ സർവകാശാലയിൽ നിന്നും ഫ്രാൻസിലെ മോണ്ട്പെല്ലിയെ ബിസിനസ് സ്കൂളിൽ നിന്നുമായി ഇന്റർനാഷനൽ സ്റ്റഡീസിലും ബിസിനസ് അഡ്മിനിസ്ട്രേഷനിലും നേടിയ ബിരുദങ്ങളുമായാണു സ്ക്ലോഡർ ഇന്ത്യയിൽ ബി എം ഡബ്ല്യു ഗ്രൂപ്പിനെ നയിക്കാനെത്തുന്നത്. 1997ൽ ബി എം ഡബ്ല്യു ഫ്രാൻസിലാണ് അദ്ദേഹം ജോലിയിൽ പ്രവേശിച്ചത്. നാട്ടുകാരും ഡെയ്മ്ലർ എ ജിയുടെ ഉടമസ്ഥതയിലുള്ളതുമായ മെഴ്സീഡിസ് ബെൻസ് ഇന്ത്യയാവും സ്ക്ലോഡർക്കു കനത്ത വെല്ലുവിളി ഉയർത്തുക. കഴിഞ്ഞ ഏതാനും പാദങ്ങളായി കാർ വിൽപ്പനയിൽ തുടർച്ചയായി 10 ശതമാനത്തിലേറെ വളർച്ച കൈവരിച്ചാണു മെഴ്സീഡിസ് ബെൻസ് ഇന്ത്യയുടെ മുന്നേറ്റം. അതേസമയം ബി എം ഡബ്ല്യുവാകട്ടെ ഒരു വർഷത്തോളമായി ഇന്ത്യയിലെ വിൽപ്പന കണക്കു പ്രസിദ്ധീകരിച്ചിട്ടുമില്ല എന്നതു ശ്രദ്ധേയമാണ്.