പറക്കാൻ എന്തിനാ വിമാനം ? ഇതു പോരെ ?

ഫ്ലൈബോർഡ് കൺസെപ്റ്റ് തിരുത്തിയെഴുതി ഫ്രാങ്കി സപാട്ട. ആകാശത്ത് പറക്കാനാവുന്ന ജെറ്റ് ഫ്ലൈബോർഡാണ് സപാട്ടയുടെ പുതിയ കണ്ടെത്തൽ. 2011 ൽ സ്വയംനിർമിത ഫ്ലൈബോർഡുപയോഗിച്ച് ഒമ്പതു മീറ്റർ (29.5 അടി) ഉയരത്തിൽ പറന്നതോടെ ലോകശ്രദ്ധ ആകർഷിച്ചയാളാണ് ഫ്രാൻസിൽ നിന്നുള്ള ജെറ്റ്-സ്കീ ചാംപ്യനും സപാട്ട റേസിങ് സ്ഥാപകനുമായ ഫ്രാങ്കി സപാട്ട. സപാട്ടയുടെ വാട്ടർ-ജെറ്റ് ഫ്ലൈബോർഡ് വളരെപെട്ടെന്നു തന്നെ ജനപ്രീതിയാർജിച്ചു. ഇതിന്റെ വിജയത്തിൽനിന്നു പ്രേരണയുൾക്കൊണ്ടു സപാട്ട തയ്യാറാക്കിയ പുതിയ ഫ്ലൈബോർഡ് ഇത്തരം ബോർഡുകളുടെ അടിസ്ഥാനസങ്കൽപം തന്നെ മാറ്റിമറിക്കാൻ പോന്നതാണ്.

പഴയ വാട്ടർജെറ്റ് എൻജിനു പകരം ജെറ്റ് ടർബൈൻ എന്‍ജിന്‍ ഉപയോഗിച്ചിരിക്കുന്ന ഫ്ലൈബോർഡിനു 10,000 അടി (3048 മീറ്റർ) ഉയരത്തിൽ വരെ പറക്കാനാകും. പത്തു മിനിട്ടാണു പരമാവധി പറക്കൽ സമയം. ബാക്ക്പാക്കിലാണ് ഇന്ധനടാങ്ക്. പരമാവധി വേഗത 150 കിലോമീറ്റർ. മികവിന്റെ കാര്യത്തിൽ ഡേവിഡ് മെയ്മാൻ, നെൽസൺ ടൈലർ തയാറാക്കിയ ജെബി-9 ജെറ്റ്പാക്കിനോടു കിടപിടിക്കുന്നതാണു പുതിയ ഫ്ലൈബോർഡെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ഏറെക്കുറെ ഇതേ വേഗതയും ഉയരവും താങ്ങാൻ കഴിവുള്ളതാണ് മെയ്മാൻ നിർമിച്ച ഫ്ലൈബോർഡും.

പുതിയ ഫ്ലൈബോർഡിൽ നടത്തിയ പരീക്ഷണ പറക്കലിന്റെ വിഡിയോ നവമാധ്യമങ്ങളിൽ തരംഗമായതോടെ സപാട്ടയും ഫ്ലൈബോർഡും വാർത്താ തലക്കെട്ടുകളിൽ വീണ്ടും ഇടംപിടിച്ചിരിക്കുന്നു. സ്കേറ്റ് ബോർഡിനോളം പോലും വലുപ്പമില്ലാത്ത ഫ്ലൈബോർഡിൽ പറക്കുന്നതിന് കഠിന പരിശീലനം ആവശ്യമാണ്. വിഡിയോയിൽ 30 മീറ്റർ (98 അടി) ഉയരത്തിലാണു സപാട്ട പറക്കുന്നത്. വെള്ളം നിറഞ്ഞുകിടക്കുന്ന തടാകത്തിനു മുകളിൽ പരീക്ഷണപറക്കൽ നടത്തി അപകടം ഒഴിവാക്കാനും സപാട്ട ശ്രദ്ധിച്ചിരിക്കുന്നു.

എൻജിൻ തകരാർ സംഭവിച്ചാൽ യാത്രികരുടെ സുരക്ഷ എങ്ങനെ ഉറപ്പാക്കാം എന്നതാണ് ഇത്തരം ചെറു ഫ്ലൈബോർഡുകൾ നേരിടുന്ന പ്രധാന വെല്ലുവിളി. ശരാശരി 30 മുതൽ 200 അടി വരെ ഉയരത്തിൽ പറക്കാനാകും ഉപയോക്താക്കൾ ഇത്തരം ഫ്ലൈബോര്‍ഡുകൾ ഉപയോഗിക്കുകയെന്നു കരുതപ്പെടുന്നു. 250 അടി ഉയരത്തിൽ താഴെ പാരച്യൂട്ടുകൾ കാര്യമാത്ര ഉപയോഗപ്രദമല്ല. ഫ്ലൈബോർഡ് സാവധാനം നിലത്തിറക്കുന്നതിന് ഓട്ടോ-റൊട്ടേഷൻ ചിറകുകളോ മറ്റു സൗകര്യങ്ങളോ ഇല്ലയെന്നത് അപകടസാധ്യത വർധിപ്പിക്കുന്നു. എന്തായാലും അന്തരീക്ഷ പറക്കലിനു പുതുമാനങ്ങൾ നൽകുന്ന ഇത്തരം ഫ്ലൈബോർഡുകൾ വരുംകാലങ്ങളിൽ മികച്ച സുരക്ഷാ സംവിധാനങ്ങളോടെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.