എതനോൾ മിശ്രിത പെട്രോൾ: ലക്ഷ്യം നേടുമെന്നു കേന്ദ്ര മന്ത്രി

Dharmendra Pradhan

അഞ്ചു ശതമാനം എതനോൾ കലർത്തിയ പെട്രോൾ വിൽപ്പനയ്ക്കെത്തിക്കുകയെന്ന ലക്ഷ്യം ഇക്കൊല്ലം കൈവരിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. പദ്ധതി പ്രഖ്യാപിച്ച് 12 വർഷം പിന്നിടുമ്പോഴാണ് ഈ ലക്ഷ്യം കൈവരിക്കാനാവുന്നതെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ അറിയിച്ചു. ഇതോടൊപ്പം ഭക്ഷ്യേതര എണ്ണ കലർത്തിയ ബയോ ഡീസൽ വിൽപ്പനയ്ക്കെത്തിക്കാനും തീരുമാനമായിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ 11 കോടി ലീറ്റർ ബയോ ഡീസലാണു വിപണിയിലെത്തുക. ഇന്ധനത്തിനായി ക്രൂഡ് ഓയിൽ ഇറക്കുമതിയെ ആശ്രയിക്കുന്നതു കുറയ്ക്കാനും കരിമ്പ് കർഷകർക്കു മികച്ച വില ഉറപ്പാക്കാനുമായി പഞ്ചസാര ഉൽപ്പാദനത്തിനു ശേഷം ലഭിക്കുന്ന എതനോൾ പെട്രോളിൽ കലർത്താൻ 2003ലാണു തീരുമാനിച്ചത്. എന്നാൽ 2004ൽ കേന്ദ്രത്തിൽ ഭരണമാറ്റം വന്നതോടെ ഈ പദ്ധതിയിലുള്ള ആവേശം തണുത്തു.

അഞ്ചു ശതമാനം എന്ന ലക്ഷ്യം കൈവരിക്കാൻ 120 കോടി ലീറ്റർ എതനോൾ ആവശ്യമുള്ളപ്പോൾ 2011 — 12ൽ പെട്രോളിൽ കലർത്താൻ ലഭിച്ചത് 30.6 കോടി ലീറ്റർ മാത്രമാണ്. അടുത്ത സാമ്പത്തിക വർഷത്തെ എതനോൾ ലഭ്യതയാവട്ടെ 15. 4 കോടി ലീറ്ററായി കുറഞ്ഞെന്നും പ്രധാൻ വിശദീകരിച്ചു. പെട്രോളിൽ അഞ്ചു ശതമാനം വരെ എതനോൾ നിർബന്ധിതമായി കലർത്താനും സാധ്യമെങ്കിൽ എതനോൾ വിഹിതം 10 ശതമാനത്തോളം ഉയർത്താൻ ലക്ഷ്യമിട്ടായിരുന്നു പദ്ധതിയുടെ തുടക്കം. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻ ഡി എ സർക്കാർ 2014ൽ അധികാരത്തിലെത്തിയതോടെ എതനോളിന്റെ സംഭരണവില ഉയർത്തിയതായി പ്രധാൻ അവകാശപ്പട്ടു. നിലവിൽ ലീറ്ററിന് 48.50 — 49.50 രൂപ നിലവാരത്തിലാണ് എതനോൾ സംഭരണമെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഒക്ടോബർ മുതൽ സെപ്റ്റംബർ വരെ നീളുന്ന 2015 — 16ലെ പഞ്ചസാര ഉൽപ്പാദന കാലത്ത് 120 കോടി ലീറ്റർ എതനോൾ സംഭരിക്കാനാവുമെന്നാണു പ്രധാന്റെ പ്രതീക്ഷ. ഇതു സാധ്യമായാൽ പെട്രോളിൽ അഞ്ചു ശതമാനം എതനോൾ കലർത്താനുള്ള തീരുമാനവും നടപ്പാക്കാനാവുമെന്ന് അദ്ദേഹം കരുതുന്നു. ഇന്ത്യയിൽ പ്രതിവർഷം 2800 കോടി ലീറ്റർ പെട്രോളാണ് ആവശ്യമുള്ളത്. ഇതിൽ അഞ്ചു ശതമാനം മിശ്രണം ഉറപ്പാക്കാൻ 140 കോടി ലീറ്റർ എതനോൾ ആവശ്യമായി വരുമെന്നാണു കണക്ക്. എന്തായാലും ഇക്കൊല്ലം ഈ ലക്ഷ്യം കൈവരിക്കാനാവുമെന്നാണു പ്രധാന്റെ വിലയിരുത്തൽ. ക്രൂഡ് ഓയിലിനായി ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനൊപ്പം വിദേശ നാണയം ലാഭിക്കാനും കൃഷി വിളകൾക്ക് മികച്ച വില ഉറപ്പാക്കാനും കാർബൺ മലിനീകരണം നിയന്ത്രിക്കാനും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനുമൊക്കെ എതനോൾ മിശ്രിത പെട്രോൾ വിൽപ്പന സഹായിക്കുമെന്നാണു പ്രതീക്ഷ.