ഗൗരവ് കുമാർ അപ്പോളൊ ടയേഴ്സ് സി എഫ് ഒ

ഗൗരവ് കുമാർ

ഡൽഹി ആസ്ഥാനമായ ടയർ നിർമാതാക്കളായ അപ്പോളൊ ടയേഴ്സിന്റെ പുതിയ ചീഫ് ഫിനാൻഷ്യൽ ഓഫിസർ(സി എഫ് ഒ) ആയി ഗൗരവ് കുമാർ നിയമിതനായി. മാസങ്ങൾ നീണ്ട സേവനത്തിനൊടുവിൽ രാജ് ബാനർജി സി എഫ് ഒ സ്ഥാനം രാജി വച്ച ഒഴിവിലാണു നിയമനം. നിലവിൽ അപ്പോളൊ ടയേഴ്സിൽ കോർപറേറ്റ് സ്ട്രാറ്റജി — ഫിനാൻസ് വിഭാഗം മേധാവിയാണു ഗൗരവ് കുമാർ. 2004ൽ അപ്പോളൊ ടയേഴ്സിൽ ചേർന്ന കുമാർ 2010ലാണു മാനേജ്മെന്റ് ബോർഡിൽ ഇടം നേടിയത്.

ഡൽഹി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നു മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയ കുമാർ ഡൽഹി സർവകലാശാലയിലെ ഫാക്കൽറ്റി ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ നിന്നാണ് ഫിനാൻസിൽ എം ബി എ നേടിയത്. അപ്പോളൊ ടയേഴ്സിൽ ചേരുംമുമ്പ് കുമാർ എച്ച് സി എഴ് ടെക്നോളജീസിലും യു ബി ഗ്രൂപ്പിലും വിവിധ ഐ ടി കമ്പനികളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഏതാനും ദിവസം മുമ്പാണ് രാജ് ബാനർജി സി എഫ് ഒ പദവി രാജി വച്ചൊഴിഞ്ഞത്. കഴിഞ്ഞ ഫെബ്രുവരിയിൽ മാത്രം ചുമതലയേറ്റ ബാനർജിയുടെ രാജി മനസ്സില്ലാ മനസ്സോടെ സ്വീകരിക്കുന്നെന്നായിരുന്നു അപ്പോളൊ ടയേഴ്സിന്റെ പ്രതികരണം. സി എഫ് ഒ സ്ഥാനമൊഴിയാനുള്ള തീരുമാനം ഏപ്രിൽ 30നാണു ബാനർജി കമ്പനിയെ അറിയിച്ചത്. അപ്പോളൊ ടയേഴ്സ് സി എഫ് ഒ ആയിരുന്ന സൂനം സർക്കാർ കമ്പനി പ്രസിഡന്റും ചീഫ് ബിസിനസ് ഓഫിസറുമായി സ്ഥാനക്കയറ്റം നേടിയ ഒഴിവിലായിരുന്നു ബാനർജിയുടെ നിയമനം.

സ്വകാര്യ മേഖലയിലെ വൻകിട കമ്പനിയുടെ റിഫൈനിങ് ബിസിനസ് വിഭാഗം ചീഫ് ഫിനാൻഷ്യൽ ഓഫിസർ സ്ഥാനത്തു നിന്നായിരുന്നു ബാനർജി അപ്പോളൊ ടയേഴ്സിലെത്തിയത്. മുമ്പ് ഓയിൽ എക്സ്പ്ലൊറേഷൻ, കമോഡിറ്റി ട്രേഡിങ്, മാർക്കറ്റിങ്, റിഫൈനിങ് മേഖലകളിലായി 20 വർഷത്തോളം ബി പി(പഴയ ബ്രിട്ടീഷ് പെട്രോളിയം)യിലും അദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നു.

സി എഫ് ഒ ആയിരുന്ന ബാനർജിക്കു പിന്നാലെ കമ്പനി ഡയറക്ടറും മലയാളിയുമായ കെ ജേക്കബ് തോമസും കഴിഞ്ഞ ദിവസം രാജി സമർപ്പിച്ചിരുന്നു. കേരളത്തിലെ വാണിയമ്പാറ റബേഴ്സിന്റെ മാനേജിങ് ഡയറക്ടറായ തോമസ് അപ്പോളൊ ടയേഴ്സിലെ സ്വതന്ത്ര, നോൺ എക്സിക്യൂട്ടീവ് ഡയറക്ടറായിട്ടാണു സേവനം അനുഷ്ഠിച്ചിരുന്നത്. വ്യക്തിപരമായ കാരണങ്ങളാലാണു കെ ജേക്കബ് തോമസ് ഡയറക്ടർ സ്ഥാനം രാജിവച്ചതെന്നാണ് അപ്പോളൊ ടയേഴ്സ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിനെ അറിയിച്ചത്. കേരളത്തിലെ കോംഫോം ലിമിറ്റഡിന്റെയും മാനേജിങ് ഡയറക്ടറായ ജേക്കബ് തോമസ് കഴിഞ്ഞ എട്ടിനാണത്രെ അപ്പോളൊ ടയേഴ്സിന്റെ ഡയറക്ടർ സ്ഥാനത്തു നിന്നുള്ള രാജിക്കത്ത് കമ്പനിക്കു കൈമാറിയത്.