യൂറോപ്പിൽ കാർ നിർമിച്ചു വിൽക്കാൻ ഗീലിക്കു മോഹം

Geely Emgrand 8

പശ്ചിമ യൂറോപ്പിൽ കാറുകൾ നിർമിച്ചു വിൽക്കാൻ ചൈനീസ് നിർമാതാക്കളായ ഗീലിക്കു മോഹം. യൂറോപ്പിലെ കാർ നിർമാണം കമ്പനിയുടെ ഭാവി തന്ത്രങ്ങളുടെ ഭാഗമാണെന്നു ഗീലി ഓട്ടോ മാനേജിങ് ഡയറക്ടർ കോൺഗുയ് ആൻ വ്യക്തമാക്കി. കമ്പനിയുടെ യൂറോപ്യൻ ആസ്ഥാനം സ്ഥാപിക്കാനുള്ള സാധ്യത പരിശോധിക്കാൻ ആൻ സ്വീഡനിലെ രണ്ടാമത്തെ വൻകിട പട്ടണവും വാഹന വ്യവസായ കേന്ദ്രവുമായ ഗോഥൻബർഗ് സന്ദർശിച്ചിരുന്നു. കമ്പനിയുടെ ഉടമസ്ഥതയിലുള്ള വോൾവോ കാഴ്സിനു സമീപത്തായി സ്വന്തം ആസ്ഥാനവും സ്ഥാപിക്കാനാണു ഗീലിയുടെ ആലോചന. ആഡംബര കാർ നിർമാണ കമ്പനിയായ വോൾവോ കാഴ്സിനെ യു എസ് നിർമാതാക്കളായ ഫോഡിൽ നിന്നു 2010ലാണു ഗീലി സ്വന്തമാക്കിയത്. അതേസമയം യൂറോപ്പിലെ പ്രവർത്തന കേന്ദ്രമാക്കാൻ സ്വീഡൻ മാത്രമല്ല ഗീലിയുടെ പരിഗണനയിലുള്ളത്. ഒപ്പം യൂറോപ്പിൽ കാർ നിർമാണം ആരംഭിക്കാനുള്ള സമയക്രമവും കമ്പനി തയാറാക്കിയിട്ടില്ലെന്ന് ആൻ വെളിപ്പെടുത്തി.

ലണ്ടനിലെ പ്രശസ്തമായ ബ്ലാക്ക് കാബുകളുടെ നിർമാതാക്കളായ ലണ്ടൻ ടാക്സി കമ്പനിയെ 2012ൽ ഏറ്റെടുത്തതോടെ ഗീലിക്ക് ഇപ്പോൾതന്നെ ബ്രിട്ടനിൽ സാന്നിധ്യമുണ്ട്. പോരെങ്കിൽ റഷ്യ, ബെലാറസ്, ഉക്രെയ്ൻ, അസർബൈജാൻ തുടങ്ങിയ കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലും തുർക്കിയിലും ഗീലിയുടെ കാറുകൾ നിലവിൽ വിൽപ്പനയ്ക്കുണ്ട്. മൊത്തം വിൽപ്പനയിൽ വോൾവോയുടെ കിട പിടിക്കുന്ന പ്രകടനമാണു കഴിഞ്ഞ വർഷം ഗീലി കാഴ്ചവച്ചത്. ആഗോളതലത്തിൽ വോൾവോ 5.03 ലക്ഷം കാറുകൾ വിറ്റപ്പോൾ ചൈനയിൽ തന്നെ ഗീലി 5.10 ലക്ഷം കാറുകളാണു വിറ്റത്. ചൈനീസ് കാർ നിർമാതാക്കളിൽ 10—ാം സ്ഥാനത്തുള്ള ഗീലിക്ക് ലോകത്തിലെ ഏറ്റവും വലിയ കാർ വിപണിയിൽ 2.3% വിഹിതവും സ്വന്തമാണ്.