പ്രതിച്ഛായ മാറ്റത്തിനൊരുങ്ങി ‘ജെൻഎക്സ് നാനോ’

വില കുറഞ്ഞ കാർ എന്ന ചീത്തപ്പേര് നീക്കി ആരും മോഹിക്കുന്ന കാർ എന്ന പുത്തൻ പ്രതിച്ഛായ സ്വന്തമാക്കാൻ ‘ജെൻഎക്സ് നാനോ’യുമായി ടാറ്റ മോട്ടോഴ്സ് വരുന്നു. വിലക്കുറവിൽ ആകൃഷ്ടരായി ആദ്യമായി കാർ വാങ്ങുന്നവർ ‘നാനോ’യെ തേടിയെത്തുന്ന പതിവിനോടു വിട പറയാനും ഒരുങ്ങുകയാണു ടാറ്റ മോട്ടോഴ്സ്.

ആറു വർഷം മുമ്പ് 2009ൽ നിരത്തിലെത്തിയപ്പോൾ ലോകത്തിന്റെ ശ്രദ്ധ കവർന്ന ‘നാനോ’യെ പുനഃരുജ്ജീവിപ്പിക്കാൻ ശക്തമായ ഇടപെടൽ നടന്നതിന്റെ ലക്ഷണങ്ങൾ പ്രകടമാണ്. നിലവിലുള്ള കാറിലെ അപര്യാപ്തതകളെല്ലാം പരിഹരിച്ചും സൗകര്യങ്ങൾക്കും സംവിധാനങ്ങൾക്കും പഞ്ഞമില്ലാതെയാണു ‘ജെൻഎക്സ് നാനോ’യുടെ വരവ്. തുറക്കാവുന്ന ബൂട്ട്, ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ, ബ്ലൂടൂത്തും മൊബൈൽ ഫോണുമായി ബന്ധിപ്പിക്കാവുന്ന ഓഡിയോ സംവിധാനം എന്നിവയെല്ലാം പുതിയ ‘നാനോ’യിലുണ്ടാവും.

അടുത്ത ആറോ ഏഴോ ആഴ്ചയ്ക്കിടെ ‘ജെൻഎക്സ് നാനോ’ എത്തുന്നതോടെ നിലവിലുള്ള ‘നാനോ’ ശ്രേണിക്ക് ടാറ്റ മോട്ടോഴ്സ് പെൻഷൻ നൽകുമെന്നാണു സൂചന. സി എൻ ജി ഇന്ധനമാക്കുന്ന മോഡൽ മാത്രമാവും പഴയ ‘നാനോ’യിൽ ബാക്കിയാവുക. അതേസമയം ‘നാനോ’ എന്ന ബ്രാൻഡിനു വധശിക്ഷയെന്ന മട്ടിലുള്ള പ്രചാരണത്തോടു ടാറ്റ മോട്ടോഴ്സ് ശക്തമായി വിയാജിക്കുന്നുണ്ട്. കമ്പനിയെ സംബന്ധിച്ചിടത്തോളം എറെ നിർണായകമായ മോഡലാണു ‘നാനോ’ എന്നു ടാറ്റ മോട്ടോഴ്സ് സീനിയർ വൈസ് പ്രസിഡന്റ്(പ്രോഗ്രാം, പ്ലാനിങ് ആൻഡ് പ്രോഡക്ട് മാനേജ്മെന്റ്, പാസഞ്ചർ വെഹിക്കിൾസ്) ഗിരീഷ് വാഗ് പറയുന്നു. അതുകൊണ്ടുതന്നെ ‘നാനോ’ ബ്രാൻഡിനെ ഇല്ലാതാക്കുന്നതിനെക്കുറിച്ചുള്ള ചർച്ച പോലും ഉദിക്കുന്നില്ല; പകരം ഈ ബ്രാൻഡിന് എങ്ങനെ പുത്തൻ ഊർജം പകരാമെന്നതാണു കമ്പനി ആലോചിക്കുന്നതെന്നും വാഗ് വ്യക്തമാക്കുന്നു.

എന്നാൽ ഇരുചക്രവാഹനം ഉപേക്ഷിച്ച് ‘നാനോ’യിലേക്കു ചേക്കേറുന്നവരുടെ ‘സോഷ്യൽ സ്റ്റാറ്റസ്’ നിർണയിക്കുന്നതിൽ കമ്പനിക്കു പിഴവ് പറ്റിയെന്ന് അദ്ദേഹം അംഗീകരിക്കുന്നു. ഈ തെറ്റ് തിരുത്താനും കമ്പനി ശ്രമിക്കുന്നുണ്ടെന്നു വാഗ് അവകാശപ്പെട്ടു. ഉടമകളുടെ പ്രധാന ആവശ്യങ്ങളായ പവർ സ്റ്റീയറിങ്, തുറക്കാവുന്ന ബൂട്ട്, സിറ്റി ഡ്രൈവിങ് ആയാസരഹിതമാക്കാൻ ഓട്ടമാറ്റിക് ട്രാൻസ്മിഷൻ, ദൂരയാത്ര സാധ്യമാക്കാൻ 24 ലീറ്റർ സംഭരണശേഷിയുള്ള ഇന്ധന ടാങ്ക്(മുമ്പത്തെ ശേഷി 15 ലീറ്റർ) എന്നിവയൊക്കെ ‘ജെൻഎക്സ് നാനോ’യിൽ കമ്പനി ഉറപ്പാക്കുന്നുണ്ട്. ഇതൊക്കെയാവുന്നതോടെ ‘ജെൻഎക്സ് നാനോ’ സ്മാർട് സിറ്റി കാറായി രൂപാന്തരപ്പെടുമെന്നാണു ടാറ്റയുടെ പ്രതീക്ഷ. കാറിനെക്കുറിച്ചുള്ള പ്രതീക്ഷകൾ യാഥാർഥ്യമാക്കാനുള്ള ധീരമായ നടപടികളാണു കമ്പനി സ്വീകരിച്ചതെന്നു ‘നാനോ’ വികസനത്തിനു നേതൃത്വം നൽകിയ എൻജിനീയർ കൂടിയായ വാഗ് വിശദീകരിക്കുന്നു.

അടിസ്ഥാന മോഡലിന് ഒരു ലക്ഷം രൂപ വിലയുമായി 2009 മാർച്ചിലായിരുന്നു ‘നാനോ’യുടെ അരങ്ങേറ്റം. നിലവിൽ ‘നാനോ’യുടെ വിവിധ വകഭേദങ്ങൾക്ക് 2.04 ലക്ഷം മുതൽ 2.52 ലക്ഷം രൂപ വരെയാണു ഡൽഹിയിലെ ഷോറൂം വില.