ഹാലോൾ ശാല കൈമാറ്റത്തിന് സി സി ഐ അനുമതി

GM Halol plant, File Picture

യു എസ് വാഹന നിർമാതാക്കളായ ജനറൽ മോട്ടോഴ്സ് ഇന്ത്യ(ജി എം ഐ)യുടെ ചില ആസ്തികൾ ഏറ്റെടുക്കാൻ ചൈനീസ് കമ്പനിയായ എസ് എ ഐ സി മോട്ടോർ എച്ച് കെയ്ക്ക് കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ(സി സി ഐ)യുടെ അനുമതി. ചൈനയിലെ എസ് എ ഐ സി മോട്ടോർ കോർപറേഷന്റെ ഭാഗമായ എസ് എ ഐ സി മോട്ടോർ എച്ച് കെ ഇന്ത്യൻ വിപണയിിലേക്കു പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ജി എം ഐയ്ക്ക് ഗുജറാത്തിലെ ഹാലോളിലുള്ള കാർ നിർമാണശാല വാങ്ങാൻ ഒരുങ്ങുന്നത്. ജനറൽ മോട്ടോഴ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ആസ്തികൾ ഏറ്റെടുക്കാൻ എസ് എ ഐ സി മോട്ടോർ എച്ച് കെ ഇൻവെസ്റ്റ്മെന്റിന് അംഗീകാരം നൽകിയ വിവരം സി സി ഐ ട്വിറ്ററിലാണു വെളിപ്പെടുത്തിയത്. ഹാലോളിലെ ശാല എസ് എ ഐ സിക്കു കൈമാറാനുള്ള ചർച്ചകൾ നല്ലനിലയിൽ പുരോഗമിക്കുന്നുണ്ടെന്ന് ഏതാനും ദിവസം മുമ്പ് ജി എം ഐ വക്താവ് വെളിപ്പെടുത്തിയിരുന്നു.

ഇതിനു പുറമെ എസ് എ ഐ സി ജനറൽ മോട്ടോഴ്സ് ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡിനെ ഏറ്റെടുക്കാനുള്ള ജനറൽ മോട്ടോഴ്സ് (ഹോങ്കോങ്) കമ്പനി ലിമിറ്റഡിന്റെ പദ്ധതിക്കും സി സി ഐ അംഗീകാരം നൽകിയിട്ടുണ്ട്. ഇന്ത്യയിൽ നിശ്ചിത നിലവാരത്തിനു മുകളിൽ മൂല്യമുള്ള കമ്പനി ഏറ്റെടുക്കലുകൾക്കും ലയനങ്ങൾക്കും സി സി ഐ അനുമതി അനിവാര്യമാണ്. മഹാരാഷ്ട്രയിലെ തലേഗാവിലും ഗുജറാത്തിലെ ഹാലോളിലുമായി രണ്ടു നിർമാണശാലകളാണു നിലവിൽ ജനറൽ മോട്ടോഴ്സിന് ഇന്ത്യയിലുള്ളത്. നിർമാണ പ്രവർത്തനങ്ങൾ ഒരിടത്തേക്കു കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി ഹാലോൾ ശാലയുടെ പ്രവർത്തനം 2016 മാർച്ചോടെ അവസാനിപ്പിക്കുകയാണെന്നു ജനറൽ മോട്ടോഴ്സ് ഒരു വർഷം മുമ്പു തന്നെ പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യൻ വിപണിയിലേക്കു പ്രവർത്തനം വ്യാപിപ്പിക്കാൻ പദ്ധതിയുള്ളതിനാൽ നിർമാണ ശാല ഏറ്റെടുക്കുന്നതിനെപ്പറ്റി കഴിഞ്ഞ ഏപ്രിൽ മുതൽ തന്നെ എസ് എ ഐ സിയും ജനറൽ മോട്ടോഴ്സുമായി ചർച്ചകൾ നടക്കുന്നുണ്ടായിരുന്നു. ചൈനയിൽ് സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന വാഹന രൂപകൽപ്പന, നിർമാണ കമ്പനിയാണ് മുമ്പു ഷാങ്ഹായ് ഓട്ടോമോട്ടീവ് ഇൻഡസ്ട്രി കോർപറേഷൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന എസ് എ ഐ സി മോട്ടോർ കോർപറേഷൻ ലിമിറ്റഡ്. ഷാങ്ഹായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ വാഹനങ്ങൾ ആഗോളതലത്തിൽ തന്നെ വിൽപ്പനയ്ക്കെത്തുന്നുണ്ട്. പ്രതിവർഷം 45 ലക്ഷം യൂണിറ്റ് ഉൽപ്പാദനശേഷിയോടെ ചൈനയിലെ നാലു വൻകിട വാഹന നിർമാണ കമ്പനികൾക്കൊപ്പമാണ് എസ് എ ഐ സിയുടെ സ്ഥാനം; പൊതുമേഖല സംരംഭങ്ങളായ ചാങ്ങൻ മോട്ടോഴ്സ്, എഫ് എ ഡബ്ല്യു ഗ്രൂപ, ഡോങ്ഫെങ് മോട്ടോർ എന്നിവയാണു കമ്പനിയുടെ പ്രധാന എതിരാളികൾ.