ടവേരയുടെ പരിഷ്കരിച്ച പതിപ്പ് ഉടൻ

ഗുജറാത്തിലെ ഹാലോളിലുള്ള അസംബ്ലി പ്ലാന്റിൽ നിന്നുള്ള വാഹന ഉൽപ്പാദനം 2017 മാർച്ച് വരെ തുടരുമെന്ന് യു എസ് നിർമാതാക്കളായ ജനറൽ മോട്ടോഴ്സ് ഇന്ത്യ(ജി എം ഐ). ഹാലോൾ ശാലയുടെ ഭാവി സംബന്ധിച്ച സാധ്യതകൾ പരിശോധിച്ചു വരികയാണെന്നും ജി എം വ്യക്തമാക്കി. വിവിധോദ്ദേശ്യ വാഹന(എം പി വി)മായ ‘ടവേര’യുടടെ പരിഷ്കരിച്ച പതിപ്പ് ഹാലോളിൽ നിർമിക്കുമെന്നും ജി എം ഐ അറിയിച്ചു. കമ്പനിയുടെ ഇന്ത്യയിലെ മൊത്തം വിൽപ്പനയിൽ 40 ശതമാനത്തോളമാണു ‘ടവേര’യുടെ വിഹിതം.ഹാലോളിൽ ഉൽപ്പാദനം തുടരുന്നതോടെ ബദൽ മാർഗങ്ങൾ കണ്ടെത്താൻ ശാലയിലെ ജീവനക്കാർക്കും സപ്ലയർമാർക്കും പങ്കാളികൾക്കുമൊക്കെ കൂടുതൽ സമയം ലഭ്യമാവുമെന്നു ജി എം ഇന്ത്യ പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ കഹെർ കാസിം അഭിപ്രായപ്പെട്ടു. ഹാലോളിൽ നിലവിലുള്ള സംവിധാനം ഭാവിയിൽ എപ്രകാരം പ്രയോജനപ്പെടുത്താമെന്നതു സംബന്ധിച്ചു കൂടുതൽ ചർച്ചകളും കമ്പനി നടത്തുന്നുണ്ട്.

അതേസമയം, വാഹന നിർമാണം മഹാരാഷ്ട്രയിലെ തലേഗാവിലുള്ള ശാലയിൽ കേന്ദ്രീകരിക്കാനുള്ള മുൻ തീരുമാനത്തിൽ മാറ്റമില്ലെന്നു കാസിം വ്യക്തമാക്കി. വിറ്റഴിക്കുന്നതടക്കമുള്ള സാധ്യതകളാണു ഹാലോളിനെ സംബന്ധിച്ചു കമ്പനിയുടെ പരിഗണനയിലുള്ളത്. അതേസമയം വിൽപ്പന നടന്നാലും പരിഷ്കരിച്ച ‘ടവേര’ ഈ ശാലയിൽ തന്നെ കരാർ അടിസ്ഥാനത്തിൽ ഉൽപ്പാദിപ്പിക്കാനുള്ള സാധ്യതയും ജി എം ഐ പരിഗണിക്കുന്നുണ്ട്.

ഹാലോളിലെ ശാല പൂട്ടുകയാണെന്നു കഴിഞ്ഞ വർഷം ജൂലൈയിലാണു ജി എം പ്രഖ്യാപിച്ചത്. ഹാലോളിലും മഹാരാഷ്ട്രയിലെ തലേഗാവിലുമുള്ള ശാലകളിലായി പ്രതിവർഷം 2.40 ലക്ഷം യൂണിറ്റാണു കമ്പനിയുടെ ഉൽപ്പാദനശേഷി.
അടുത്ത 24 മാസത്തിനകം ഷെവർലെ ശ്രേണിയിൽ അഞ്ചു പുതിയ മോഡലുകൾ അവതരിപ്പിക്കുമെന്നും ജി എം ഇന്ത്യ ഈയിടെ പ്രഖ്യാപിച്ചിരുന്നു; പുതിയ ‘ട്രെയ്ൽബ്ലേസർ’, ‘ബീറ്റ്’, ‘എസൻഷ്യ’, ‘ക്രൂസ്’, ‘ബീറ്റ് ആക്ടീവ്’ എന്നിവയാണു ജി എം പുറത്തിറക്കുക. അതേസമയം, എം പി വിയായ ‘സ്പിൻ’ ഇന്ത്യയിലെത്തിക്കാനുള്ള മുൻ തീരുമാനം ജി എം ഉപേക്ഷിച്ചിട്ടുമുണ്ട്.